ദക്ഷിണ ലെബനനിൽ ഇസ്രയേൽ വ്യോമാക്രമണം

പതിനൊന്നു മരണം, രൂക്ഷ വിമർശനവുമായി ലെബനൻ പ്രസിഡന്‍റ് ജോസഫ് ഔൺ.
Lebanese President Joseph Aoun

ലെബനൻ പ്രസിഡന്‍റ് ജോസഫ് ഔൺ.

Updated on

ബെയ്റൂട്ട്: ദക്ഷിണ ലെബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ പതിനൊന്നു പേർ കൊല്ലപ്പെട്ടതിനെതിരേ രൂക്ഷ വിമർശനവുമായി ലെബനൻ പ്രസിഡന്‍റ് ജോസഫ് ഔൺ. സന്ദർശനത്തിനെത്തിയ ഫ്രഞ്ച് നീതിന്യായ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ലെബനൻ പ്രസിഡന്‍റിന്‍റെ രൂക്ഷ പ്രതികരണം.

തെക്കൻ മേഖലയിലും ഒട്ടാകെ പ്രദേശത്തും സംഘർഷം ലഘൂകരിക്കുന്നതിനും ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിനുമായി നടത്തുന്ന എല്ലാ ശ്രമങ്ങളെയും തകർക്കുന്നതാണ് ഇസ്രായേലിന്‍റെ നടപടിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

“നിരന്തരമായ ആക്രമണങ്ങളിലൂടെ നിരപരാധികളായ സ്ത്രീകളെയും കുട്ടികളെയും കൊലപ്പെടുത്തുകയും വീടുകൾ തകർക്കുകയും വസ്തുവകകൾ ബുൾഡോസർ ഉപയോഗിച്ച് നശിപ്പിക്കുകയും ചെയ്യുന്ന ഇസ്രായേലിന്‍റെ നടപടി അംഗീകരിക്കാനാകാത്തതും ന്യായീകരണമില്ലാത്തതുമായ കുറ്റകൃത്യമാണ്,” എന്ന് ജോസഫ് ഔൺ പറഞ്ഞു.

ഹിസ്ബുള്ള തലേദിവസം നടത്തിയ ഡ്രോൺ ആക്രമണത്തിന് മറുപടിയായാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രായേൽ വാദം. ആക്രമണത്തിൽ ഇസ്രായേൽ സൈനികർക്ക് പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, ഹിസ്ബുള്ളയുടേത് ഗുരുതരമായ കരാർ ലംഘനമാണെന്ന് ഇസ്രായേൽ ആരോപിച്ചു. നബാത്തിയ മേഖലയിലുള്ള അലി അൽ താഹർ കുന്ന് കഴിഞ്ഞ ആഴ്ച പിടിച്ചെടുത്ത ഇസ്രായേൽ, അത് തങ്ങൾ പ്രഖ്യാപിച്ച ‘സുരക്ഷാ മേഖലയുടെ’ ഭാഗമായാണ് കണക്കാക്കുന്നത്.

logo
Metro Vaartha
www.metrovaartha.com