

ഇറാൻ റഷ്യൻ അധിനിവേശത്തിന്‍റെ പച്ചയായ കൂട്ടാളിയെന്ന് യുക്രെയ്ൻ വിദേശകാര്യമന്ത്രി ആൻഡ്രി സിബിഹ
കീവ്: കാസ്പിയൻ കടലിൽ തങ്ങളുടെ വാണിജ്യ കപ്പലിനു നേരെ ആക്രമണമുണ്ടായെന്ന ഇറാന്‍റെ ആരോപണങ്ങൾക്ക് ശക്തമായ മറുപടിയുമായി യുക്രെയ്ൻ. റഷ്യയ്ക്ക് ആയുധങ്ങൾ നൽകി യുക്രെയ്നിലെ ആക്രമണങ്ങൾക്ക് സഹായം നൽകുന്ന ടെഹ്റാൻ ഭരണകൂടത്തിന് ഇപ്പോൾ ഇരവാദം ഉന്നയിക്കാൻ യാതൊരു അവകാശവുമില്ലെന്ന് യുക്രെയ്ൻ വിദേശകാര്യമന്ത്രി ആൻഡ്രി സിബിഹ. എക്സിലൂടെയാണ് അവർ ഈ പ്രതികരണം നടത്തിയത്.
2022 മുതൽ നിരപരാധികളായ യുക്രെയ്ൻ പൗരന്മാരെ കൊലപ്പെടുത്താൻ റഷ്യ ഉപയോഗിക്കുന്ന ആയുധങ്ങൾ നൽകുന്ന ഇറാൻ റഷ്യൻ അധിനിവേശത്തിന്‍റെ പച്ചയായ കൂട്ടാളിയാണ്. ഐക്യരാഷ്ട്ര സഭാ ചാർട്ടർ ഉയർത്തിക്കാട്ടി തങ്ങളുടെ ഭീഷണികളെ ന്യായീകരിക്കാനോ സ്വയം ഇരയായി ചിത്രീകരിക്കാനോ ഇറാന് അർഹതയില്ലെന്ന് സിബിഹ വ്യക്തമാക്കി.
കരിങ്കടലിൽ സാധാരണക്കാരുടെ ചരക്ക് കപ്പലുകൾക്ക് നേരെ റഷ്യ നടത്തുന്ന ആക്രമണങ്ങളിൽ നിന്നും ആഗോള ഭക്ഷ്യ സുരക്ഷ നേരിടുന്ന ഭീഷണികളിൽ നിന്നും ലോകശ്രദ്ധ തിരിച്ചു വിടാനാണ് ഇറാൻ ശ്രമിക്കുന്നത്. എന്നാൽ ഈ ശ്രമം വിജയിക്കില്ല. കപ്പൽ ഗതാഗത സ്വാതന്ത്ര്യത്തിനു മേലുള്ള റഷ്യയുടെ കടന്നു കയറ്റം യുഎൻ രക്ഷാസമിതിയുടെ അടിയന്തര യോഗത്തിൽ ചർച്ചയാകുമെന്നും അന്താരാഷ്ട്ര സമൂഹത്തിൽ നിന്നു ശക്തമായ പ്രതികരണം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശനിയാഴ്ച കാസ്പിയൻ കടലിൽ തങ്ങളുടെ വാണിജ്യ കപ്പലിനു നേരെ യുക്രെയ്ൻ ആക്രമണം നടത്തിയെന്നും ഇത് നഗ്നമായ അധിനിവേശമാണെന്നും ഇറാൻ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇറാന്‍റെ ഭീഷണികളെ പൂർണമായും തള്ളിക്കൊണ്ട് യുക്രെയ്ൻ വിദേശകാര്യമന്ത്രി രംഗത്തെത്തിയത്.