കൊല്ലപ്പെട്ട് 106 ദിവസങ്ങൾക്കു ശേഷം ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാരത്തീയതി പ്രഖ്യാപിച്ച് ഇറാൻ

ഖമനേയിയുടെ സംസ്കാരം ജൂലൈ ഒൻപതിന് മഷാദിൽ വച്ച്
Iran announces date for Ayatollah Ali Khamenei's funeral, 106 days after his assassination

കൊല്ലപ്പെട്ട് 106 ദിവസങ്ങൾക്കു ശേഷം ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാരത്തീയതി പ്രഖ്യാപിച്ച് ഇറാൻ

File photo
Updated on

യുഎസ്-ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാര ചടങ്ങുകളുടെ തീയതി ഇറാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഖമനേയി വധിക്കപ്പെട്ട് 106ാം ദിവസമാണ് ഇറാന്‍റെ ഈ പ്രഖ്യാപനം.

ജൂലൈ നാലിന് തലസ്ഥാനമായ ടെഹ്റാനിൽ ആരംഭിക്കുന്ന വിലാപയാത്രയും ഔദ്യോഗിക ചടങ്ങുകളും മൂന്നു ദിവസത്തെ രാജ്യ വ്യാപക പര്യടനത്തിന് ശേഷം ജൂലൈ ഒൻപതിന് വടക്കു കിഴക്കൻ നഗരമായ മഷാദിലെ സംസ്കാരത്തോടെ അവസാനിക്കും. കഴിഞ്ഞ ഫെബ്രുവരി 28നാണ് ടെഹ്റാനിലെ വസതിയിൽ വച്ച് വ്യോമാക്രമണത്തിൽ ഖമനേയി കൊല്ലപ്പെട്ടത്.

സംസ്കാര ചടങ്ങുകൾക്കിടയിലേയ്ക്ക് വീണ്ടും ശത്രുരാജ്യങ്ങളുടെ ആക്രമണം ഉണ്ടായേക്കുമെന്ന കടുത്ത സുരക്ഷാ വിലയിരുത്തലുകളെ തുടർന്നാണ് സംസ്കാരം ഇത്രയും നാൾ നീണ്ടു പോയത്. ദശലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ചടങ്ങായതിനാൽ സുരക്ഷ ഉറപ്പാക്കുന്നതിനായി അമെരിക്കയുമായി നടത്തിയ നയതന്ത്ര സമാധാന ചർച്ചകൾ അന്തിമ ഘട്ടത്തിൽ എത്തിയ സാഹചര്യത്തിലാണ് ഇപ്പോൾ തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിൽ ഉടൻ തന്നെ ഔദ്യോഗിക നയതന്ത്ര ധാരണകൾ യാഥാർഥ്യമാകുമെന്നാണ് സൂചന.

കഴിഞ്ഞ ഫെബ്രുവരിയിലെ ആക്രമണത്തിൽ ഖമനേയിയോടൊപ്പം ഇറാന്‍റെ പ്രമുഖ സൈനിക-പ്രതിരോധ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു. തുടർന്ന് രാജ്യത്ത് ഭരണപ്രതിസന്ധി ഒഴിവാക്കുന്നതിനായി അസംബ്ലി ഒഫ് എക്സ്പെർട്ട്സ് മാർച്ച് എട്ടിന് ഖമനേയിയുടെ മകൻ മൊജ്തബ ഖമനേയിയെ ഇറാന്‍റെ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുത്തിരുന്നു. മുഹറം മാസത്തിന്‍റെ തുടക്കത്തിൽ നടക്കുന്ന സംസ്കാര ചടങ്ങുകൾക്കായി വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഇറാന്‍ ഒരുക്കുന്നത്.

logo
Metro Vaartha
www.metrovaartha.com