താരിഫിൽ‌ സുപ്രീം കോടതി വിധി മറികടന്ന് ട്രംപ്

ആഗോള തലത്തിൽ പത്തു ശതമാനം തിരിച്ചടി തീരുവ ചുമത്തുമെന്നും പ്രഖ്യാപനം
 Trump overturns Supreme Court ruling on tariffs

താരിഫിൽ‌ സുപ്രീം കോടതി വിധി മറികടന്ന് ട്രംപ്

file photo

Updated on

വാഷിങ്ടൺ: അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ലോക രാജ്യങ്ങൾക്ക് നേരെ ചുമത്തിയ തിരിച്ചടി തീരുവ സുപ്രീം കോടതി റദ്ദാക്കിയതിനു പിന്നാലെ ആഗോള തലത്തിൽ 150 ദിവസത്തേയ്ക്ക് 10 ശതമാനം തിരിച്ചടി തീരുവ ചുമത്തുമെന്ന പ്രഖ്യാപനം നടത്തി ട്രംപ്. നിലവിൽ വിവിധ രാജ്യങ്ങളുടെ മേൽ ചുമത്തിയിട്ടുള്ള നികുതിക്കു പുറമേയാണ് ഈ നികുതിയെന്നാണ് ട്രംപിന്‍റെ പ്രഖ്യാപനം.

അമെരിക്കയുടെ 1974ലെ വ്യാപാര നിയമപ്രകാരമാണ് താൻ ഇത്തരത്തിൽ ഒരു ഉത്തരവ് പുറപ്പെടുവിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി. തന്‍റെ താരിഫ് പ്രഖ്യാപനം റദ്ദാക്കിയ സുപ്രീം കോടതി വിധിയെ ഭയാനകമെന്ന് വിശേഷിപ്പിച്ച ട്രംപ് നികുതി നിർദേശത്തിനെതിരെ വോട്ടു ചെയ്ത ജഡ്ജിമാർ രാജ്യ സ്നേഹവും രാജ്യത്തിന്‍റെ ഭരണ ഘടനയോട് ആദരവും ഇല്ലാത്തവരെന്നും വിമർശിച്ചു.

ലോകത്തെ പല രാജ്യങ്ങൾക്കുമെതിരേ ട്രംപ് പ്രഖ്യാപിച്ച നികുതി നിയമവിരുദ്ധമെന്ന് കാട്ടിയാണ് അമെരിക്കൻ സുപ്രീം കോടതി നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.1977ലെ ഇന്‍റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്റ്റ് (ഐഇഇപിഎ) നികുതി ഈടാക്കാനായി ഉപയോഗിച്ചതിലൂടെ ട്രംപ് അധികാരപരിധി ലംഘിച്ചെന്ന യുഎസ് കോര്‍ട്ട് ഒഫ് ഇന്‍റർനാഷണൽ ട്രേഡിന്‍റെ വിധി സുപ്രീം കോടതി ശരി വച്ചു.

ദേശീയ അടിയന്തരാവസ്ഥകളില്‍ ഉപയോഗിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഐഇഇപിഎ നിയമം. നികുതി ചുമത്താനുള്ള അധികാരം അമേരിക്കന്‍ കോണ്‍ഗ്രസിനാണെന്നാണ് ഭരണഘടന വ്യക്തമാക്കിയിട്ടുള്ളതെന്നും ഇക്കാര്യത്തില്‍ പ്രസിഡന്‍റിന് അധികാരമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ട്രംപിന്‍റെ നടപടിക്കെതിരേ നികുതി വർധനവിനെതിരേ പ്രമുഖ കമ്പനികളും ഡെമോക്രാറ്റിക് പാര്‍ട്ടി ഭരിക്കുന്ന 12 സംസ്ഥാനങ്ങളും നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടല്‍.

ഇതിനിടെ ഇന്ത്യയ്ക്കു മേലുള്ള പകരച്ചുങ്കം 18 ശതമാനമായി തുടരുമെന്ന് ട്രംപ് വ്യക്തമാക്കി. ഇന്ത്യ-പാക്ക് യുദ്ധം ഉള്‍പ്പെടെ 5 യുദ്ധങ്ങള്‍ നിര്‍ത്തിച്ചെന്ന വാദം ട്രംപ് ആവര്‍ത്തിച്ചു. ഇന്ത്യയുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും തനിക്കു നല്ല ബന്ധമാണെന്നും പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com