

വിജയിക്കുന്നത് ഇസ്രയേലിന്‍റെ യുദ്ധ തന്ത്രം
file photo
ടെഹ്റാൻ: ഇറാനിലെ ഉന്നത ഭരണ നേതൃത്വത്തെ ലക്ഷ്യമിട്ട് യുഎസും ഇസ്രയേലും നടത്തുന്ന സൈനിക നീക്കങ്ങൾ വൻ വിജയമെന്ന് ദോഹ ഇൻസ്റ്റിറ്റ്യൂട്ട് ഫൊർ ഗ്രാജ്വേറ്റ് സ്റ്റഡീസിലെ അസോസിയേറ്റ് പ്രൊഫസർ മുഹനാദ് സെലൂം. ഇറാന്‍റെ ഭരണശ്രേണിയിലെ ഒരു വലിയ നിര തന്നെ ഇല്ലാതാക്കാൻ ഇതിനോടകം ഈ രാജ്യങ്ങൾക്ക് സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം നിരീക്ഷിച്ചു. എന്നാൽ ഈ ആക്രമണങ്ങൾ രാജ്യത്തിന്‍റെ ആഭ്യന്തര രാഷ്ട്രീയത്തിൽ ഉടനടി മാറ്റങ്ങൾ കൊണ്ടുവരുമോ എന്ന കാര്യത്തിൽ ഇപ്പോളും അനിശ്ചിതത്വം നിലനിൽക്കുന്നതായി അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇറാൻ സർക്കാരിനെതിരേ ജനകീയ വിപ്ലവം നടത്താൻ നിലവിൽ ഇറാൻ ജനതയ്ക്ക് കഴിയില്ലെന്ന പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രസ്താവനയെയും സെലൂം ശരി വെച്ചു. ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ മുൻപന്തിയിലുണ്ടായിരുന്ന പല ഉദ്യോഗസ്ഥരും ഇതിനകം വധിക്കപ്പെടുകയോ നിഷ്ക്രിയരാക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. നിലവിൽ വിപ്ലവ ഗാർഡിനെ നിയന്ത്രിക്കാനും അമെരിക്കയുടെയും ഇസ്രയേലിന്‍റെയും ആക്രമണങ്ങളെ പ്രതിരോധിക്കാനുമാണ് സർക്കാർ മുൻഗണന നൽകുന്നത്.
കൂടാതെ ഗൾഫ് രാജ്യങ്ങൾക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നതിനൊപ്പം തങ്ങളുടെ അവശേഷിക്കുന്ന നേതാക്കളുടെ സുരക്ഷ ഉറപ്പാക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഇറാൻ. ഇസ്രയേൽ പരിചയിച്ചു വിജയിച്ച ഒരു യുദ്ധതന്ത്രമാണ് ഇപ്പോൾ ഇറാനിൽ നടപ്പിലാക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഓരോ നേതാക്കളെയും പ്രത്യേകം ലക്ഷ്യമിട്ട് പേര് വെളിപ്പെടുത്തുന്നതിലൂടെ അവർ എപ്പോഴും നിരീക്ഷണത്തിലാണെന്ന ഭയം സൃഷ്ടിക്കപ്പെടുന്നു.
ഇത് നേതാക്കളെ ജനങ്ങളിൽ നിന്നും ഭരണകാര്യങ്ങളിൽ നിന്നും അകറ്റി സ്വന്തം സുരക്ഷയ്ക്കായി മാത്രം സമയം ചെലവഴിക്കാൻ പ്രേരിപ്പിക്കുന്നു. ഇറാന്‍റെ ഭരണ തലപ്പത്തുള്ള ഓരോ ഉദ്യോഗസ്ഥനും ഇപ്പോൾ അമരെിക്കൻ-ഇസ്രയേൽ ചാരസംഘടനകളുടെ നേരിട്ടുള്ള ഭീഷണി നേരിടുകയാണെന്നും സെലൂം വ്യക്തമാക്കി.