
പ്രതീകാത്മക ചിത്രം
getty images
ഫ്ലോറിഡ: ക്ലാസിനിടെ തന്‍റെ സഹപാഠിയെ എങ്ങനെ കൊല്ലുമെന്ന് ചാറ്റ് ജിപിറ്റിയോട് ചോദിച്ച 14 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡെലാൻഡിലെ സൗത്ത് വെസ്റ്റേൺ മിഡിൽ സ്കൂളിലെ വിദ്യാർഥിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എഐയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഗാഗിൾ(Gaggle) എന്ന മോണിറ്ററിങ് സംവിധാനം അധികൃതർക്ക് മുന്നറിയിപ്പു നൽകിയതിനെ തുടർന്നാണ് പൊലീസ് സ്കൂളിലെത്തി വിദ്യാർഥിയെ കൗണ്ടി ജയിലിൽ അടച്ചത്.
താൻ ഒരു സുഹൃത്തിനെ തമാശയ്ക്ക് ട്രോളിയതാണ് എന്നാണ് കുട്ടി പറയുന്നത്. എന്നാൽ അമെരിക്കയിൽ സ്കൂൾ കുട്ടികൾ പ്രതികളാകുന്ന വെടിവയ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ അധികാരികൾ ഈ വിഷയത്തെ നിസാരമായി തള്ളിക്കളയാൻ തയാറല്ല.
ചാറ്റ് ജിപിറ്റിയിലും ഇന്‍റർനെറ്റിലുമുള്ള കുട്ടികളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിൽ മാതാപിതാക്കൾ ജാഗ്രത പാലിക്കണം എന്ന് പൊലീസ് നിർദേശം നൽകി. കുട്ടികൾ ഇത്തരത്തിൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പു വരുത്തണം എന്നും പൊലീസ് ആവശ്യപ്പെട്ടു.
ഗാഗിൾ എന്നാൽ:
സ്കൂൾ ഉപകരണങ്ങളിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ഈ മോണിറ്ററിങ് സംവിധാനമാണ് സംശയാസ്പദമായ കുട്ടികളുടെ പ്രവർത്തനങ്ങൾ കണ്ടെത്താൻ സഹായിച്ചത്. എന്നാൽ ഗാഗിൾ തെറ്റായ മുന്നറിയിപ്പുകളും നൽകാറുണ്ടെന്ന് വിമർശനമുണ്ട്.