ഇന്ത്യ-ചൈന നിയന്ത്രണ രേഖയിൽ ഇന്ത്യയുടെ പത്തോളം കമ്പൈൻഡ് ആംസ് ബ്രിഗേഡുകൾ

ചൈനയുടെ സൈനിക സാന്നിധ്യം കുറച്ചതായും പ്രതിരോധ മന്ത്രാലയത്തിന്‍റെ റിപ്പോർട്ട്
India has about ten combined arms brigades on the India-China Line of Control.

ഇന്ത്യ-ചൈന നിയന്ത്രണ രേഖയിൽ ഇന്ത്യയുടെ പത്തോളം കമ്പൈൻഡ് ആംസ് ബ്രിഗേഡുകൾ

Updated on

ലഡാക്ക്: യഥാർഥ നിയന്ത്രണ രേഖയിൽ (എൽഎസി) ഇന്ത്യ സംയുക്ത പോരാട്ട ശേഷിയുള്ള പത്തോളം ബ്രിഗേഡുകളെ വിന്യസിച്ചതിനു പിന്നാലെ വടക്കൻ അതിർത്തികളിലെ സൈനിക സാന്നിധ്യം ചൈന ഗണ്യമായി കുറച്ചതായി പ്രതിരോധ മന്ത്രാലയത്തിന്‍റെ 2025-26 വാർഷിക റിപ്പോർട്ട്. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ ഇന്ത്യൻ കരസേന അതിർത്തിയിൽ പൂർണ സജ്ജമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇൻഫൻട്രി, പീരങ്കിപ്പട, ടാങ്കുകൾ, വ്യോമപ്രതിരോധ സംവിധാനങ്ങൾ എന്നിവ സംയോജിപ്പിച്ചു കൊണ്ടുള്ളതാണ് കമ്പൈൻഡ് ആംസ് ബ്രിഗേഡ്. ഓരോ ബ്രിഗേഡിലും ഏകദേശം 3,000 സൈനികർ വീതമുണ്ടാകും.

എൽഎസിക്കു സമീപമുള്ള മേഖലകളിലും തന്ത്രപ്രധാന പരിശീലന കേന്ദ്രങ്ങളിലും ഇന്ത്യ സൈനിക സാന്നിധ്യം ശക്തമാക്കിയതോടെയാണ് ചൈന സൈനിക വിന്യാസം കുറച്ചതെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ. സൈനിക സജ്ജീകരണങ്ങൾക്ക് ഒപ്പം നയതന്ത്ര-രാഷ്ട്രീയ തലങ്ങളിലെ ഉഭയകക്ഷി ചർച്ചകളും അതിർത്തിയിൽ സ്ഥിരത ഉറപ്പാക്കുന്നതിൽ നിർണായക പങ്കു വഹിച്ചു.

2025 മാർച്ചിലും ജൂലൈയിലും നടന്ന പ്രത്യേക യോഗങ്ങളും ഓഗസ്റ്റിൽ നടന്ന പ്രത്യേക പ്രതിനിധി തല ചർച്ചകളും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ സുഗമമാക്കാൻ സഹായിച്ചു. ഓഗസ്റ്റിൽ ടിയാൻജിനിൽ നടന്ന ഷാങ്ഹായ് സഹകരണ സംഘടനാ ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യൻ പ്രധാനമന്ത്രി നടത്തിയ ചൈനാ സന്ദർശനവും ഒക്റ്റോബറിൽ കിഴക്കൻ ലഡാക്കിൽ നടന്ന ഇരുപത്തി മൂന്നാം കോർപ്സ് കമാൻഡർ തല ചർച്ചകളും ഈ പുരോഗതിക്ക് കൂടുതൽ ആക്കം കൂട്ടിയെന്നും റിപ്പോർട്ട് പറയുന്നു.

അതേ സമയം ജമ്മു കശ്മീരിലെ സുരക്ഷാ സാഹചര്യം പൂർണമായും സൈന്യത്തിന്‍റെ നിയന്ത്രണത്തിൽ ആണെന്നും വാർഷിക റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പ്രദേശവാസികൾ വികസനത്തിന്‍റെ പാത സ്വീകരിച്ചതോടെ അതിക്രമങ്ങളും പ്രതിഷേധങ്ങളും കല്ലേറു സംഭവങ്ങളും ഗണ്യമായി കുറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു. 2025 മേയ് മാസത്തിൽ നടന്ന മിലിട്ടറി ഓപ്പറേഷൻസ് ഡയറക്റ്റർ ജനറൽ തല ചർച്ചകൾക്കു ശേഷം മേഖലയിലെ സ്ഥിതിഗതികൾ കൂടുതൽ ശാന്തമായതായും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com