വ്യാജ അഭയാർഥി അപേക്ഷകൾ സമർപ്പിച്ചെന്ന് ആരോപണം

ഇന്ത്യൻ വംശജനായ അഭിഭാഷകന് യുഎസിൽ നാലു കോടിയിലേറെ രൂപയുടെ പിഴ
Indian-origin lawyer fined over Rs 4 crore in US

ഇന്ത്യൻ വംശജനായ അഭിഭാഷകന് യുഎസിൽ നാലു കോടിയിലേറെ രൂപയുടെ പിഴ

Updated on

വാഷിങ്ടൺ: യുഎസിൽ ഇന്ത്യൻ വംശജനായ കുടിയേറ്റ നിയമവിദഗ്ധൻ സുരജ് രാജ് സിങിനെതിരേ വ്യാജ അഭയാർഥി അപേക്ഷകൾ സമർപ്പിച്ചെന്നാരോപിച്ച് നാലുകോടിയിലേറെ രൂപയുടെ (4.7 ലക്ഷം ഡോളറിലധികം) സിവിൽ പിഴ ചുമത്താൻ നടപടി തുടങ്ങി. അമെരിക്കൻ ആഭ്യന്തര സുരക്ഷാ വകുപ്പും ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്‍റും ചേർന്നാണ് നടപടി ആരംഭിച്ചത്. പ്രധാനമായും ഇന്ത്യൻ വംശജർക്കായി കുടിയേറ്റ കേസുകൾ കൈകാര്യം ചെയ്തിരുന്ന അഭിഭാഷകനാണ് സുരജ് രാജ് സിങ്.

അഭയാർഥി അപേക്ഷകളിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നതായി അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് അധികൃതരുടെ ആരോപണം. 54 കുടിയേറ്റ കേസുകളിലായി 118 വ്യാജ രേഖകൾ തയാറാക്കി സമർപ്പിച്ചെന്നാണ് ഐസിഇയുടെ ആരോപണം. വിവിധ അപേക്ഷകരുടെ ഹർജികളിൽ ഒരേ ഭാഷയും ഒരേ വിവരണവും ഒരേ വസ്തുതകളും ഉപയോഗിച്ചതായും പീഡനത്തിന്‍റെ വിവരങ്ങൾ പോലും കോപ്പി-പേസ്റ്റ് ചെയ്തതു പോലെയാണെന്നും അന്വേഷണ ഏജൻസികൾ ആരോപിക്കുന്നു.

ഈ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ സുരജ് രാജ് സിങിനെതിരേ പരമാവധി 4,70,584 ഡോളര്‍ (ഏകദേശം നാലു കോടിയിലധികം രൂപ) സിവിൽ പിഴ ഈടാക്കാനാണ് ഐസിഇ ശ്രമിക്കുന്നത്. 2026 മേയിൽ ട്രംപ് ഭരണകൂടം വ്യാജ അഭയാർഥി അപേക്ഷകൾക്കെതിരേ കർശന നടപടി സ്വീകരിക്കാൻ നൽകിയ നിർദേശത്തിന്‍റെ ഭാഗമായാണ് ഇപ്പോളത്തെ നടപടിയെന്ന് ആഭ്യന്തര സുരക്ഷാ വകുപ്പ് അറിയിച്ചു.

ഇത്തരം കുടിയേറ്റ രേഖാ തട്ടിപ്പുമായി ബന്ധപ്പെട്ട് അഭിഭാഷകർക്കെതിരേ പിഴ ചുമത്താൻ ആഭ്യന്തര സുരക്ഷാ വകുപ്പ് സ്വീകരിക്കുന്ന രണ്ടാമത്തെ പ്രധാന നടപടിയാണിത്. നേരത്തേ 2026 ജൂണിൽ മറ്റൊരു ഇന്ത്യൻ വംശജനായ കുടിയേറ്റ അഭിഭാഷകൻ വിനോദ് ഡോഡ്ഡമണിക്കെതിരേ വ്യാജ അഭയാർഥി അപേക്ഷകൾ സമർപ്പിച്ചെന്ന് ആരോപിച്ച് 2.55 ലക്ഷം ഡോളറിലധികം പിഴ ചുമത്തുന്നതിനുള്ള നോട്ടീസ് നൽകിയിരുന്നു.

സുരജ് രാജ് സിങിനെതിരായ ആരോപണങ്ങളിൽ നിയമനടപടികൾ പുരോഗമിക്കകയാണെന്നും അന്തിമ തീരുമാനം ബന്ധപ്പെട്ട അധികൃതർ പിന്നീട് കൈക്കൊള്ളുമെന്നും അധികൃതർ അറിയിച്ചു. വ്യാജ അഭയാർഥി അപേക്ഷകൾ അമെരിക്കയുടെ കുടിയേറ്റ സംവിധാനത്തിന്‍റെ വിശ്വാസ്യതയെ ദുർബലപ്പെടുത്തുകയും പൊതു സുരക്ഷയെ ബാധിക്കുകയും അപകടകാരികളായ നിയമവിരുദ്ധ കുടിയേറ്റക്കാരെ നാടു കടത്തുന്ന നടപടികൾ വൈകിപ്പിക്കുകയും ചെയ്യുന്നു എന്ന് ഡിഎച്ച്എസ് ജനറൽ കൗൺസൽ ജെയിംസ് പെർസിവൽ വ്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com