

ഇറാൻ: സാഹചര്യം അതിരൂക്ഷം
ന്യൂഡൽഹി: ആഭ്യന്തര പ്രതിഷേധം ശക്തിയായ ഇറാനിലെ നിലവിലെ സാഹചര്യം അതീവ ഗുരുതരമെന്ന് ഇറാനിൽ നിന്നു മടങ്ങിയെത്തിയ ഇന്ത്യക്കാർ. ഇറാനിലെ സ്ഥിതിഗതികൾ മോശമായതിനു പിന്നാലെ ഇന്ത്യക്കാരോട് തിരിച്ചെത്താൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ ഇറാനിൽ നിന്നു വൻ തോതിൽ ഇന്ത്യക്കാർ മടങ്ങിയെത്തുകയാണ്. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ഇന്ത്യക്കാർ ഇറാനിലെ നിലവിലെ സാഹചര്യം വ്യക്തമാക്കി.
സമീപ ആഴ്ചകളിലാണ് സ്ഥിതി കൂടുതൽ വഷളായതെന്ന് മടങ്ങിയെത്തിയ ഒരാൾ പ്രതികരിച്ചു.കഴിഞ്ഞ ഒന്നോ രണ്ടോ ആഴ്ചകളിലാണ് പ്രശ്നങ്ങൾ നേരിട്ടത്. പുറത്തു പോകുമ്പോൾ പ്രതിഷേധക്കാർ കാറിനു മുമ്പിൽ വരും. അവർ ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കി. ഇന്‍റർനെറ്റ് വിച്ഛേദിച്ചതു കൊണ്ട് കുടുംബങ്ങളെ ഒന്നും അറിയിക്കാൻ കഴിഞ്ഞില്ല.
എംബസിയെ പോലും ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനിലെ പ്രക്ഷോഭങ്ങൾ അപകടകരമാണെന്ന് മടങ്ങിയെത്തിയ ജമ്മു കശ്മീർ സ്വദേശി സൂചിപ്പിച്ചു. മടങ്ങിയെത്തിയവരെ സ്വീകരിക്കാൻ കുടുംബാംഗങ്ങളും വിമാനത്താവളത്തിൽ എത്തിയിരുന്നു.