
ധാക്ക ജെറ്റ് അപകടം; മരണം 25 ആയി, ഉന്നത തല അന്വേഷണത്തിന് ഉത്തരവ്
ധാക്ക: ബംഗ്ലാദേശിൽ വ്യോമസേനയുടെ യുദ്ധവിമാനം ധാക്കയിലെ മൈൽസ്റ്റോൺ സ്കൂളിന് മുകളിലേക്ക് തകർന്നു വീണുണ്ടായ അപകടത്തിൽ 25 പേർ മരിക്കുകയും 171 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ബംഗ്ലാദേശ് വ്യോമസേനയുടെ എഫ്-7 ജെറ്റ് വിമാനമാണ് തകർന്നുവീണത്.
തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. അപകടത്തിൽപെട്ട വിമാനം ബംഗ്ലാദേശി വ്യോമസേനയുടേതാണെന്ന് സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്തിന്‍റെ സമീപകാല ചരിത്രത്തിലെ ഏറ്റവും മാരകമായ വ്യോമയാന ദുരന്തങ്ങളിലൊന്നാണ് ഈ അപകടം. എ.കെ. ഖണ്ഡേക്കർ വ്യോമസേനാ താവളത്തിൽ നിന്ന് ജെറ്റ് പറന്നുയർന്ന് തൊട്ടുപിന്നാലെയായിരുന്നു അപകടം.
ഇന്‍റർ സർവീസസ് പബ്ലിക് റിലേഷൻസ് (ISPR) നൽകുന്ന വിവര പ്രകാരം ഫൈറ്റർ ജെറ്റിന് ആകാശത്ത് ഒരു "സാങ്കേതിക തകരാർ" സംഭവിക്കുകയായിരുന്നു. ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ നിന്ന് വിമാനം വഴിതിരിച്ചുവിടാൻ പൈലറ്റ് എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നെന്നാണ് വിവരം. അപകടത്തിൽ പൈലറ്റ് മരിച്ചു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.