

എൽ നിനോ: ആഗോള തലത്തിൽ ഏറ്റവും ചൂടേറിയ ഓഗസ്റ്റ് 2026 ൽ
വാഷിങ്ടൺ: ലോകമെമ്പാടും എൽ നിനോ പ്രതിഭാസം ശക്തമാകുന്നതിനിടെ ആഗോള താപനില വീണ്ടും റെക്കോർഡ് ഉയരത്തിലെത്തിയതായി റിപ്പോർട്ടുകൾ. മധ്യ-കിഴക്കന്‍ ഭൂമധ്യരേഖാ പസഫിക് മേഖലയില്‍ ശക്തമായ എല്‍ നിനോ സാഹചര്യങ്ങള്‍ തുടരുന്നതിനിടെയാണ് ആഗോള താപനിലയില്‍ അസാധാരണമായ വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്. കോപ്പര്‍നിക്കസ് ക്ലൈമറ്റ് ചേഞ്ച് സര്‍വീസ് (C3S) വിശകലനമനുസരിച്ചുള്ള ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 2026 ഓഗസ്റ്റ് ലോകത്ത് ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ചൂടേറിയ ഓഗസ്റ്റായി മാറി.
2023, 2024 വര്‍ഷങ്ങളിലെ ഓഗസ്റ്റ് മാസങ്ങളിലെ റെക്കോര്‍ഡുകളും ഇത്തവണ മറികടന്നു. 1940 മുതല്‍ ലഭ്യമായ കണക്കുകള്‍ പ്രകാരം, ജൂലൈ 2023നൊപ്പം ലോകത്തിലെ ഏറ്റവും ചൂടേറിയ മാസമെന്ന റെക്കോര്‍ഡും 2026 ഓഗസ്റ്റിനാണ്. വ്യാവസായികവത്കരണത്തിന് മുമ്പുള്ള 1850-1900 കാലയളവിലെ ശരാശരിയേക്കാള്‍ 1.65 ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ന്ന താപനിലയാണ് 2026 ഓഗസ്റ്റില്‍ രേഖപ്പെടുത്തിയത്. 2025 നവംബറിന് ശേഷം ആദ്യമായാണ് ഒരു മാസം 1.5 ഡിഗ്രി സെല്‍ഷ്യസെന്ന നിര്‍ണായക പരിധി മറികടക്കുന്നത്.
പസഫിക് സമുദ്രത്തിലുടനീളമുള്ള സമുദ്രോപരിതല താപനിലയിലെ അപാകതകൾ കാണിക്കുന്ന ഒരു ഭൂപടം. മഞ്ഞ, ഓറഞ്ച്, ചുവപ്പ് നിറങ്ങളിലുള്ള പ്രദേശങ്ങൾ സാധാരണയേക്കാൾ കൂടുതൽ ചൂടുള്ള പ്രദേശങ്ങളാണ്, അതേസമയം പച്ച, നീല പ്രദേശങ്ങൾ ശരാശരിയേക്കാൾ തണുപ്പുള്ളവയാണ്.
(NASA WorldView)
2015ലെ പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിശ്ചയിച്ച 1.5 ഡിഗ്രി സെല്‍ഷ്യസ് പരിധി കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ണായകമായ പരിധിയായാണ് ശാസ്ത്രജ്ഞര്‍ കണക്കാക്കുന്നത്. ആഗോള സമുദ്രോപരിതല താപനിലയും റെക്കോര്‍ഡ് ഉയരത്തിലെത്തിയതായി കോപ്പര്‍നിക്കസ് റിപ്പോര്‍ട്ട് വ്യക്തമാക്കി.
ഓഗസ്റ്റ് 22ന് 60 ഡിഗ്രി തെക്ക് മുതല്‍ 60 ഡിഗ്രി വടക്ക് വരെയുള്ള മേഖലയില്‍ ആഗോള സമുദ്രോപരിതലത്തിന്‍റെ ശരാശരി പ്രതിദിന താപനില 69.98 ഡിഗ്രി ഫാരന്‍ഹീറ്റിലെത്തി. 2024 ഫെബ്രുവരി-മാര്‍ച്ചില്‍ രേഖപ്പെടുത്തിയ 69.96 ഡിഗ്രി ഫാരന്‍ഹീറ്റിന്‍റെ മുന്‍ റെക്കോര്‍ഡാണ് ഇതോടെ മറികടന്നത്.
അതേസമയം, അമേരിക്കയിലും അസാധാരണമായ ചൂടാണ് അനുഭവപ്പെട്ടത്. ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവ് അമേരിക്കയില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ചൂടേറിയ കാലാവസ്ഥാ വേനലായി മാറിയെന്ന് ദേശീയ സമുദ്ര-അന്തരീക്ഷ ഭരണകൂടമായ NOAAയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 193 6ലെയും 2021 ലെയും മുന്‍ റെക്കോര്‍ഡുകളാണ് ഇത്തവണ മറികടന്നത്.
എല്‍ നിനോ കാലയളവുകളില്‍ ആഗോള താപനിലയില്‍ താല്‍ക്കാലിക വര്‍ധന സാധാരണയാണെങ്കിലും, മനുഷ്യപ്രവര്‍ത്തനങ്ങളിലൂടെ ഉണ്ടാകുന്ന ഹരിതഗൃഹ വാതക ബഹിര്‍ഗമനം മൂലമുള്ള ദീര്‍ഘകാല ആഗോള താപന പ്രവണതയ്ക്ക് മുകളിലാണ് ഈ വര്‍ധനയെന്നും കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.
പശ്ചിമ യൂറോപ്പിലും ശക്തമായ ചൂട് തരംഗങ്ങളും വരള്‍ച്ചയും രേഖപ്പെടുത്തി. ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ചൂടേറിയ വേനലാണ് പശ്ചിമ യൂറോപ്പില്‍ ഇത്തവണ അനുഭവപ്പെട്ടത്. നീണ്ടുനിന്ന ചൂടും വരണ്ട കാലാവസ്ഥയും വ്യാപകമായ കാട്ടുതീക്ക് കാരണമായി.
പടിഞ്ഞാറന്‍, മധ്യ യൂറോപ്പ്, തെക്കന്‍ സ്‌കാന്‍ഡിനേവിയ, തെക്കുകിഴക്കന്‍ യൂറോപ്പ് എന്നിവിടങ്ങളില്‍ സാധാരണയേക്കാള്‍ ശക്തമായ വരള്‍ച്ച അനുഭവപ്പെട്ടു. പ്രധാന നദികളിലെ ജലനിരപ്പ് ഗണ്യമായി താഴ്ന്നതോടെ ചില രാജ്യങ്ങളില്‍ കുടിവെള്ള വിതരണം, ജലസേചനം, വൈദ്യുതി ഉല്‍പാദനം എന്നിവയെയും ഇത് ബാധിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.