ജോർജിയയിൽ രാസായുധം പ്രയോഗിച്ച് പൊലീസ്!

ഒന്നാം ലോകമഹായുദ്ധ കാലത്ത് ഉപയോഗിച്ച ബ്രോമോബെൻസൈൽ സയനൈഡ് (കാമൈറ്റ്) ആണ് ജലപീരങ്കികളിൽ പൊലീസ് ചേർത്തത്
Police in Georgia used bromobenzyl cyanide in water cannons

ജോർജിയയിൽ  ബ്രോമോബെൻസൈൽ സയനൈഡ് ജലപീരങ്കികളിൽ ചേർത്ത് പൊലീസ്

credit:bbc

Updated on

തിബിലിസി: ജോർജിയയിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭകർക്കെതിരെ പൊലീസ് പ്രയോഗിച്ചത് ഒന്നാം ലോകമഹായുദ്ധ കാലത്തെ രാസായുധം. ബിബിസിയാണ് ഈ റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്. 2024ൽ നടന്ന പ്രക്ഷോഭങ്ങളെ അടിച്ചമർത്താനായി പൊലീസ് പ്രയോഗിച്ച ജലപീരങ്കികളിൽ ബ്രോമോബെൻസൈൽ സയനൈഡ്(കാമൈറ്റ്) എന്ന വിഷാംശമുള്ള സംയുക്തം കലർത്തിയിരുന്നു എന്നാണ് റിപ്പോർട്ടിൽ പറ‍യുന്നത്. പ്രക്ഷോഭകർ, ഡോക്റ്റർമാർ, രാസായുധ വിദഗ്ധർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരിൽ നിന്നു ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ബിബിസി ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ഒന്നാം ലോകമഹായുദ്ധ സമയത്ത് ഫ്രഞ്ച് സൈന്യം ഉപയോഗിച്ചിരുന്ന കാമൈറ്റ്, സാധാരണ കണ്ണീർ വാതകമായ സിഎസ് ഗ്യാസിനെക്കാൾ വളരെ ശക്തമായതും അപകടകാരിയുമാണ്. ഇത് ത്വക്കിൽ പൊള്ളലുണ്ടാക്കുകയും കണ്ണിനും ശ്വാസകോശ വ്യവസ്ഥയ്ക്കും ഗുരുതരമായ ദോഷം വരുത്തുകയും ചെയ്യും.

ജോർജിയയിൽ ഇത്തരത്തിലുള്ള കണ്ണീർ വാതകമേറ്റ പ്രക്ഷോഭകർക്ക് കഠിനമായ കണ്ണിന് എരിച്ചിൽ, ശ്വാസതടസം, ഛർദ്ദി, ഹൃദയമിടിപ്പിലെ ക്രമക്കേടുകൾ എന്നിവ അനുഭവപ്പെട്ടതായി ഡോക്റ്റർമാർ സാക്ഷ്യപ്പെടുത്തി. പലർക്കും ഈ ലക്ഷണങ്ങൾ ആഴ്ചകളോളം നീണ്ടു നിന്നതായും റിപ്പോർട്ടിൽ പറയുന്നു. 1930കൾക്കു ശേഷം ഈ രാസായുധത്തിന്‍റെ ഉപയോഗം നിർത്തലാക്കിയതാണെന്നും ഇതിന്‍റെ പുനരുപയോഗം അതീവ അപകടകരമാണെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.

എന്നാൽ ബിബിസിയുടെ ഈ റിപ്പോർട്ടിനെ അസംബന്ധം എന്നു വിളിച്ച് തള്ളിക്കളയുകയാണ്ഭരണകക്ഷിയായ ജോർജിയൻ ഡ്രീം പാർട്ടി ചെയ്തത്. പൊലീസ് നിയമപരമായിട്ടാണ് പ്രവർത്തിച്ചതെന്നും മാധ്യമങ്ങൾ രാഷ്ട്രീയ പ്രചരണ ഉപകരണമായി മാറിയെന്നും അവർ ആരോപിച്ചു. കൂടാതെ ബിബിസിയ്ക്കെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ കേസ് കൊടുക്കുമെന്നും അവർ പ്രഖ്യാപിച്ചു. റിപ്പോർട്ടിലെ വിവരങ്ങൾ പരിശോധിച്ച് ഉദ്യോഗസ്ഥർ അധികാര ദുർവിനിയോഗം നടത്തിയോ എന്ന് അന്വേഷിക്കാൻ ജോർജിയൻ സ്റ്റേറ്റ് സെക്യൂരിറ്റി സർവീസ് അന്വേഷണത്തിന് ഉത്തരവിട്ടു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com