

ആണവ ഭീഷണിക്കിടെ അമെരിക്ക-ഇറാൻ ചർച്ച US-Iran talks amid nuclear threat
filephoto
വാഷിങ്ടൺ/ടെഹ്റാൻ: ഇറാനെതിരെ സൈനിക നടപടി ഒഴിവാക്കാൻ ലക്ഷ്യമിട്ട് അമെരിക്കയും ഇറാനും തമ്മിൽ നേരിട്ടുള്ള ചർച്ചകൾക്ക് വഴിയൊരുക്കി തുർക്കി. പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പശ്ചിമേഷ്യ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ഇറാന്‍റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും ഈ ആഴ്ച തുർക്കിയിൽ വച്ച് കൂടിക്കാഴ്ച നടത്താനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇറാന്‍റെ ആണവ പദ്ധതികൾ നിയന്ത്രിക്കുക, ഉപരോധങ്ങൾ നീക്കം ചെയ്യുക തുടങ്ങിയവയാണ് ചർച്ചയിലെ പ്രധാന വിഷയങ്ങൾ.
ട്രംപിന്‍റെ അണ്വായുധം പാടില്ല എന്ന നിലപാടിലും ചർച്ചകളിലും താൻ യോജിക്കുന്നു എന്ന് അരാഗ്ചി സിഎൻ എന്നിനോട് പ്രതികരിച്ചു. തുർക്കി, ഖത്തർ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളാണ് ഈ ചർച്ചകൾക്ക് പിന്നണിയിൽ പ്രവർത്തിക്കുന്നത്. തുർക്കി വിദേശകാര്യ മന്ത്രി ഹക്കാൻ ഫിദാനും കൂടിക്കാഴ്ചയിൽ പങ്കെടുക്കാനിടയുണ്ട്. ബുധനാഴ്ചയും വ്യാഴാഴ്ചയും അബുദാബിയിൽ നടക്കുന്ന റഷ്യ-യുക്രെയ്ൻ ചർച്ചകൾക്ക് ശേഷം വിറ്റ്കോഫ് തുർക്കിയിലേയ്ക്ക് പോകുമെന്നാണ് വൈറ്റ്ഹൗസ് നൽകുന്ന സൂചന.
ഇറാൻ ഇപ്പോൾ “ഗൗരവപൂർവം ചർച്ച നടത്തുന്നുണ്ട്” എന്ന് ട്രംപ് ശനിയാഴ്ച പറഞ്ഞിരുന്നുകാര്യങ്ങളിങ്ങനെയൊക്കെയാണെങ്കിലും ഇറാന്‍റെ തീരത്തിനടുത്ത് അമെരിക്കൻ നാവികസേന ഇപ്പോഴും തമ്പടിച്ചിട്ടുണ്ട്. ഇറാനിലെ ആഭ്യന്തര പ്രതിഷേധങ്ങൾ അടിച്ചമർത്തുന്നതിനെക്കുറിച്ചും ആണവ പരീക്ഷണങ്ങളെക്കുറിച്ചും ട്രംപ് മുമ്പ് കടുത്ത മുന്നറിയിപ്പുകൾ നൽകിയിരുന്നു.
ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള ഖമെയ്നി യാകട്ടെ ഇനിയൊരു യുദ്ധത്തിന് അമെരിക്ക തുനിഞ്ഞാൽ അത് പശ്ചിമേഷ്യ മുഴുവൻ വ്യാപിക്കുമെന്ന കടുത്ത ഭീഷണി മുഴക്കി. ചർച്ചകൾ പരാജയപ്പെട്ടാൽ സൈനിക നടപടി ഉണ്ടാകുമെന്ന് ഇസ്രയേലും അമെരിക്കയും ആവർത്തിച്ചു പറയുന്നുണ്ട്. ഒരു തെറ്റായ കണക്കു കൂട്ടൽ വൻ യുദ്ധത്തിനു കാരണമാകാമെന്നും ഡിപ്ലോമസിയാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും അരാഗ്ചി ടെലിഗ്രാമിലൂടെ വ്യക്തമാക്കി.