സ്പെയിനിൽ വീണ്ടും ട്രെയ്നപകടം

മൂന്നു ദിവസത്തിനിടെ ഇതു രണ്ടാമത്തെ വൻ ദുരന്തം
Another train accident in Spain

സ്പെയിനിൽ വീണ്ടും ട്രെയ്നപകടം

file photo

Updated on

ബാഴ്സലോണ: സ്പെയിനിലെ ബാഴ്സലോണയ്ക്കു സമീപം ഗെലിഡയിൽ ചൊവ്വാഴ്ച രാത്രി ഉണ്ടായ ട്രെയ്ൻ അപകടത്തിൽ അപകടത്തിൽ ഒരാൾ കൊല്ലപ്പെടുകയും 37 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കനത്ത മഴയെത്തുടർന്ന് റെയിൽവേ ട്രാക്കിലേക്ക് ഇടിഞ്ഞുവീണ സുരക്ഷാ മതിലിലേക്ക് ട്രെയ്ൻ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ബാഴ്സലോണയിലെ റോഡലീസ് കമ്യൂട്ടർ നെറ്റ്‌വർക്കിലെ ആർ 4 ലൈനിൽ സർവീസ് നടത്തിയിരുന്ന ട്രെയ്നാണ് അപകടത്തിൽപ്പെട്ടത്. മരിച്ച വ്യക്തി ട്രെയ്നിന്‍റെ ലോക്കോ പൈലറ്റാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. പരിക്കേറ്റവരിൽ അഞ്ചുപേരുടെ നില അതീവ ഗുരുതരമാണ്.

മൂന്ന് ദിവസത്തിനിടെ സ്പെയിനിനെ നടുക്കുന്ന രണ്ടാമത്തെ വലിയ ട്രെയ്ൻദുരന്തമാണിത്. ഞായറാഴ്ച വൈകുന്നേരം തെക്കൻ സ്പെയിനിലെ കൊർദോബ പ്രവിശ്യയിൽ രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് 42 പേർ കൊല്ലപ്പെട്ടിരുന്നു. മലാഗയിൽ നിന്ന് മാഡ്രിഡിലേക്ക് പോവുകയായിരുന്ന ഇറിയോ (Iryo) എന്ന സ്വകാര്യ കമ്പനിയുടെ ട്രെയ്ൻപാളം തെറ്റി തൊട്ടടുത്ത ട്രാക്കിലേക്ക് മറിയുകയും എതിർദിശയിൽ വന്ന റെൻഫെ (Renfe) ട്രെയിനുമായി കൂട്ടിയിടിക്കുകയുമായിരുന്നു. സ്പെയിനിന്‍റെ റെയിൽവേ ചരിത്രത്തിലെ ഏറ്റവും ദാരുണമായ അപകടങ്ങളിലൊന്നായി ഇത് മാറി.

തുടർച്ചയായുണ്ടായ അപകടങ്ങളെത്തുടർന്ന് സ്പെയിനിൽ റെയിൽവേ സുരക്ഷയെക്കുറിച്ച് വലിയ ആശങ്കകൾ ഉയരുന്നുണ്ട്. ബാഴ്സലോണയിലെ അപകടത്തിന് കാരണം കനത്ത മഴയും മണ്ണിടിച്ചിലുമാണെന്ന് റെയിൽവേ ഓപ്പറേറ്ററായ എഡിഐഎഫ് (ADIF) അറിയിച്ചു. കൊർദോബയിലെ അപകടത്തിന് പിന്നിൽ ട്രാക്കിലെ സാങ്കേതിക തകരാറാണോ എന്നതിനെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. അപകടങ്ങളുടെ പശ്ചാത്തലത്തിൽ സ്പെയിൻ സർക്കാർ രാജ്യത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്. രക്ഷാപ്രവർത്തനങ്ങൾക്കായി സൈന്യവും റെഡ് ക്രോസും ഉൾപ്പെടെയുള്ള വൻ സന്നാഹമാണ് രംഗത്തുള്ളത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com