

വീണ്ടും ഇന്ത്യയ്ക്കെതിരെ യുഎസ് തീരുവ ഭീഷണി
symbolic
വാഷിങ്ടൺ: ഇന്ത്യയ്ക്കെതിരെ വീണ്ടും തീരുവ ഭീഷണിയുമായി അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇത്തവണ ഭീഷണി ഇന്ത്യൻ അരിക്കാണ്. ഇന്ത്യയിൽ നിന്നുൾപ്പടെ വില കുറഞ്ഞ അരി അമെരിക്കയിലേയ്ക്ക് എത്തുകയാണെന്നും ഇത് അമെരിക്കൻ കർഷകർക്ക് പ്രതികൂലമാകുന്നു എന്നതുമാണ് ഇന്ത്യൻ അരിക്ക് അധിക തീരുവ ഈടാക്കാൻ ട്രംപ് ഭരണകൂടം കണ്ടെത്തിയ കാരണം.
റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്തതിന്‍റെ പേരിൽ ഇന്ത്യൻ ഉൽപന്നങ്ങൾക്ക് 50 ശതമാനം അധിക തീരുവ പ്രഖ്യാപിച്ച് മാസങ്ങൾ പിന്നിട്ടപ്പോഴാണ് പുതിയ ഈ നീക്കം. ഇന്ത്യയും അമെരിക്കയും തമ്മിലുള്ള വ്യാപാരക്കരാർ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി അമെരിക്കൻ സംഘം ഇന്ത്യയിൽ ഉള്ളപ്പോൾ തന്നെയാണ് ഇന്ത്യൻ അരിക്ക് കൂടുതൽ നികുതി ചുമത്തുന്നതു സംബന്ധിച്ച് അമെരിക്കൻ ഭരണകൂടം സൂചന നൽകുന്നത്.
അമെരിക്കൻ കർഷകർക്ക് ആശ്വാസം പകരാനായി 1200 കോടി രൂപയുടെ സഹായപ്പാക്കേജ് പ്രഖ്യാപിച്ച വേദിയിൽ വച്ചു തന്നെയായിരുന്നു ട്രംപ് നികുതിയെ കുറിച്ചും സൂചിപ്പിച്ചത്. ഇന്ത്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള അരിക്ക് കനത്ത തീരുവ ഏർപ്പെടുത്തുമെന്നും ക്യാനഡയിൽ നിന്നുള്ള വളത്തിനും തീരുവ കൂട്ടുമെന്നും അറിയിച്ചു.