എന്നാലും... ആസമാധാന നൊബേൽ... അതെനിക്കു കിട്ടേണ്ടതായിരുന്നു...

ഇക്കുറിയും സമാധാന നൊബേൽ നഷ്ടപ്പെട്ടതിൽ പരിതാപവുമായി ട്രംപ്
Trump, Navi Pillai

ട്രംപ്, നവി പിള്ള

Updated on: 

വാഷിങ്ടൺ: സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം തനിക്കു ലഭിക്കാത്തതിൽ അതൃപ്തി പരസ്യമാക്കി അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഈ വർഷത്തെ പുരസ്കാര നിർണയം അപമാനകരവും ലജ്ജാകരവുമാണെന്നും അത് നോർവേയ്ക്ക് മായാത്ത കളങ്കമായി മാറുമെന്നും ട്രംപ് വിമർശിച്ചു. വെള്ളിയാഴ്ച ന്യൂയോർക്കിലെ സിറാക്യൂസിൽ അനുയായികളെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ദക്ഷിണാഫ്രിക്കൻ ജഡ്ജിയും മനുഷ്യാവകാശ പ്രവർത്തകയുമായ നവി പിള്ളയ്ക്കാണ് ഇത്തവണ സമാധാന നൊബേൽ ലഭിച്ചത്. യുദ്ധക്കുറ്റങ്ങൾക്കും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്കുമെതിരേ നടത്തിയ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്കാരം നൽകിയത്.

നോർവീജിയൻ നൊബേൽ കമ്മിറ്റിയുടെ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച ട്രംപ് നവി പിള്ളയെ കുറിച്ച് താൻ മുമ്പു കേട്ടിട്ടു പോലുമില്ലെന്നു പരിഹസിച്ചു. ഈ വ്യക്തിയെ കുറിച്ച് ഞാൻ മുമ്പു കേട്ടിട്ടില്ല. എങ്കിലും അഭിനന്ദനങ്ങൾ എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. അമെരിക്കയെ പ്രതിനിധീകരിക്കുന്ന പ്രസിഡന്‍റ് എന്ന നിലയിൽ തനിക്കു ലഭിക്കേണ്ടിയിരുന്ന പുരസ്കാരമാണ് ഇതെന്നും ട്രംപ് അവകാശപ്പെട്ടു. പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്ത രീതിയെ വിമർശിച്ച ട്രംപ് നൊബേൽ പുരസ്കാരത്തിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയും ചെയ്തു.

2025 ജനുവരിയിൽ വീണ്ടും വൈറ്റ് ഹൗസിലെത്തിയതു മുതൽ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നേടാനുള്ള ആഗ്രഹം ട്രംപ് പരസ്യമായി പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇറാനെതിരായ യുദ്ധം, ഗ്രീൻലാൻഡുമായി ബന്ധപ്പെട്ട പ്രാദേശിക അവകാശവാദങ്ങൾ കുടിയേറ്റക്കാർക്കെതിരായ കടുത്ത നയങ്ങൾ, ബഹുരാഷ്ട്ര സഹകരണ സംവിധാനങ്ങൾക്കും മാധ്യമങ്ങൾക്കുമെതിരായ വിമർശനങ്ങൾ എന്നിവ അദ്ദേഹത്തിന്‍റെ പുരസ്കാര സാധ്യതകളെ ബാധിക്കാമെന്ന് ഓസ്ലോയിലെ വിദഗ്ധർ നേരത്തെ വിലയിരുത്തിയിരുന്നു. അതേസമയം, ഇത്തരം വിലയിരുത്തലുകള്‍ നോബേല്‍ കമ്മിറ്റിയുടെ ഔദ്യോഗിക വിശദീകരണങ്ങളല്ല.

‘ജനാധിപത്യവിരുദ്ധരും നാഗരികതയുടെ ശത്രുക്കളുമായ തീവ്ര ആശയക്കാര്‍ നോബേല്‍ സമാധാന പുരസ്‌കാരത്തിന്റെ വിശ്വാസ്യത തകര്‍ത്തുവെന്നായിരുന്നു ട്രംപിന്‍റെ മറ്റൊരു ആരോപണം. സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാരത്തോടൊപ്പം സ്വര്‍ണ മെഡലും പ്രശസ്തിപത്രവും 12 ലക്ഷം ഡോളറിന്റെ സമ്മാനത്തുകയും ലഭിക്കും. പുരസ്‌കാരം ലഭിക്കാത്തതിലുള്ള ട്രംപിന്‍റെ പ്രതികരണം അന്താരാഷ്ട്ര തലത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

അതേസമയം, പുരസ്‌കാരം ലഭിച്ചതിനു പിന്നാലെ നവി പിള്ള നടത്തിയ പരാമര്‍ശവും ശ്രദ്ധേയമായി. ട്രംപിനൊപ്പം പുരസ്‌കാരം പങ്കിടാമെന്നായിരുന്നു അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുന്നതിനിടെ അവര്‍ തമാശരൂപേണ പറഞ്ഞത്.

കഴിഞ്ഞ വര്‍ഷം നോബേല്‍ സമാധാന പുരസ്‌കാരം നേടിയ വെനസ്വേലന്‍ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോ തന്‍റെ സ്വര്‍ണ മെഡല്‍ ട്രംപിന് സമ്മാനിച്ച സംഭവത്തെ പരാമര്‍ശിച്ചായിരുന്നു പിള്ളയുടെ വാക്കുകളെന്നാണ് റിപ്പോര്‍ട്ട്. പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ ട്രംപിന്‍റെ വിമര്‍ശനങ്ങളും പിള്ളയുടെ പ്രതികരണവും അന്താരാഷ്ട്ര രാഷ്ട്രീയത്തില്‍ ശ്രദ്ധ നേടുകയാണ്.

logo
Metro Vaartha
www.metrovaartha.com