അമ്മയെയും സഹോദരനെയും കൊലപ്പെടുത്തി

ഇന്ത്യൻ വംശജൻ യുഎസിൽ അറസ്റ്റിൽ
17-year-old Indian-origin boy kills mother and brother

അമ്മയെയും സഹോദരനെയും കൊലപ്പെടുത്തി ഇന്ത്യൻ വംശജനായ പതിനേഴുകാരൻ

Updated on

വാഷിങ്ടൺ: അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ വംശജനായ പതിനേഴുകാരൻ യുഎസിൽ അറസ്റ്റിലായി. യുഎസിലെ മസാച്യുസെറ്റ്സിലാണ് യുവാവ് അറസ്റ്റിലായത്. ആക്റ്റൺ സ്വദേശിയായ അർജുൻ അരവിന്ദാണ് അസ്റ്റിലായത്. അമ്മയെയും ഇളയ സഹോദരനെയും വീട്ടിനുള്ളിൽ വച്ച് കൊലപ്പെടുത്തിയെന്ന കേസിലാണ് അറസ്റ്റ്.

ആക്റ്റൺ-ബോക്സ്ബറോ റീജിയണൽ ഹൈസ്കൂൾ വിദ്യാർഥിയായ അർജുൻ കഴിഞ്ഞ ചൊവ്വാഴ്ച വീട്ടിൽ തന്‍റെ മാതാവ് 45 കാരിയായ സുധ വെങ്കടേശനെയും 14കാരനായ സഹോദരൻ സിദ്ധാർഥ് അരവിന്ദിനെയും ആക്രമിച്ചു കൊലപ്പെടുത്തിയ ശേഷം അമ്മയുടെ ഹോണ്ട അക്കോർഡ് കാറിൽ സ്ഥലത്തു നിന്നു രക്ഷപ്പെട്ടെന്നാണ് പൊലീസ് ഭാഷ്യം.

രണ്ടു കൊലപാതകക്കുറ്റങ്ങൾ ഉൾപ്പടെ നിരവധി കുറ്റങ്ങളാണ് ഇയാൾക്കെതിരേ ചുമത്തിയിരിക്കുന്നത്. ബോസ്റ്റണിൽ നിന്ന് 48 കിലോമീറ്റർ അകലെയുള്ള ആക്റ്റണിലെ മാർത്ത ലെയ്നിലുള്ള കുടുംബ വീട്ടിലാണ് കൊലപാതകങ്ങൾ നടന്നത്. ചൊവ്വാഴ്ച വൈകിട്ട് 6.30 ഓടെ വീട്ടിലെത്തിയ ട്യൂട്ടറാണ് സംഭവം ആദ്യം അറിഞ്ഞത്. വീട്ടിലേയ്ക്കു കയറാൻ കഴിയാതെ വന്നതോടെ അവർ അർജുന്‍റെ പിതാവിനെ ഫോണിൽ ബന്ധപ്പെട്ടു. തുടർന്ന് പിതാവ് പൊലീസിനെ വിവരമറിയിക്കുകയും വീട്ടിൽ പൊലീസ് പരിശോധന നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പൊലീസ് എത്തിയപ്പോൾ വീടിന്‍റെ ബേസ്മെന്‍റിൽ സുധയുടെയും ഒന്നാം നിലയിൽ സിദ്ധാർഥിന്‍റെയും മൃതദേഹങ്ങൾ കണ്ടെത്തി.

കൊലപാതകത്തിനു പിന്നാലെ അർജുനെയും കൊല്ലപ്പെട്ട അമ്മയുടെ കാറും കാണാതായതായി പൊലീസ് അറിയിച്ചു. വ്യാപകമായ തെരച്ചിലിനൊടുവിൽ ബുധനാഴ്ച പുലർച്ചെ മസാച്യുസെറ്റ്സിലെ വേലൻഡിൽ ഒരു പാർക്കിങ് സ്ഥലത്താണ് അർജുനെ കാറിനുള്ളിൽ കണ്ടെത്തിയത്. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്തു.

അന്വേഷണത്തിനിടെ അർജുന്‍റെ ഓൺലൈൻ പ്രവർത്തനങ്ങളെ കുറിച്ചും പൊലീസ് വിവരങ്ങൾ കണ്ടെത്തിയതായി മിഡിൽസെക്സ് കൗണ്ടി ജില്ലാ അറ്റോർണി ഓഫീസ് വ്യക്തമാക്കി. കുടുംബാംഗങ്ങളെ കൊല്ലുന്നതുമായി ബന്ധപ്പെട്ട ആശയങ്ങൾക്കായി ഇയാൾ ഇന്‍റർനെറ്റിലും ചാറ്റ് ജിപിറ്റിയിലും തെരച്ചിൽ നടത്തിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി.

ഗോത്തിക് നോവൽ ശൈലിയിലുള്ള കഥകൾ തയാറാക്കാൻ എഐ ചാറ്റ്ബോട്ടിന്‍റെ സഹായം തേടുകയും അതിനായി വിവിധ ചോദ്യങ്ങൾ ചോദിക്കുകയും കഥാപാത്രങ്ങൾ സൃഷ്ടിക്കുകയും ചെയ്തിരുന്നതായും പൊലീസ് വ്യക്തമാക്കി. സംഭവത്തിനു മുമ്പ് അർജുന്‍റെ പെരുമാറ്റത്തിൽ ആശങ്കയുണ്ടാക്കുന്ന ചില മാറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com