ഹോർമൂസ് കടലിടുക്കിൽ പുതിയ കപ്പൽപാത

ഒമാനുമായുള്ള ചർച്ചകൾ അവസാന ഘട്ടത്തിലെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി
Iranian Foreign Minister Abbas Araghchi says talks with Oman are in final stages

ഒമാനുമായുള്ള ചർച്ചകൾ അവസാന ഘട്ടത്തിലെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി

Updated on

ടെഹ്റാൻ: ഹോർമൂസ് കടലിടുക്കിലൂടെ പുതിയ കപ്പൽപാത നിർണയിക്കുന്നത് സംബന്ധിച്ച് ഇറാനും ഒമാനും തമ്മിൽ നടക്കുന്ന ചർച്ചകളിൽ നിർണായക പുരോഗതിയുണ്ടായതായും ചർച്ചകൾ അവസാന ഘട്ടത്തിൽ എത്തിയതായും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. എന്നാൽ ഇത് കടലിടുക്ക് ഉടൻ തുറക്കുമെന്നതിന്‍റെ സൂചനയല്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.

ഞായറാഴ്ച മാധ്യമപ്രവർത്തകരോടു സംസാരിക്കവേയാണ് വിദേശകാര്യ മന്ത്രി ഇറാന്‍റെ നിലപാട് വ്യക്തമാക്കിയത്. ഹോർമൂസ് കടലിടുക്കിലൂടെയുള്ള നിലവിലെ ഗതാഗത പാതകൾക്ക് പകരം പുതിയ പാതകൾ വരും.

ഇതിനായുള്ള സമുദ്ര ഭൂപടങ്ങൾ വിദഗ്ദ്ധ സംഘം തയ്യാറാക്കിവരികയാണെന്നും അരാഗ്ചി അറിയിച്ചു.പുതിയ പാതകൾ നിർണയിക്കുന്നു എന്നത് കൊണ്ട് കടലിടുക്ക് ഉടനടി തുറക്കുമെന്നല്ല അർഥമെന്ന് ആവർത്തിച്ച അരാഗ്ചി പാത പൂർണ്ണമായും തുറക്കുന്നതിന് മുന്നോടിയായി ചില പ്രധാന നിബന്ധനകൾ പാലിക്കേണ്ടതുണ്ടെന്നും ഈ കാര്യങ്ങൾ മധ്യസ്ഥർ വഴി ബന്ധപ്പെട്ട രാജ്യങ്ങളെ അറിയിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.

1968-ൽ നിലവിൽ വന്ന സമുദ്രപാതകൾ പുനർനിർണ്ണയിക്കുന്ന തികച്ചും സാങ്കേതികവും നിയമപരവുമായ ചർച്ചകളാണ് ഒമാനുമായി നടക്കുന്നത്. സമീപകാലത്തുണ്ടായ സൈനിക പോരാട്ടങ്ങളുടെ പശ്ചാത്തലത്തിൽ ഈ പാതകളിൽ മാറ്റം വരുത്തേണ്ടത് അത്യന്താപേക്ഷിതമായി മാറിയിരിക്കുകയാണ്. പുതിയ പാതകൾ അന്തിമമായി നിശ്ചയിച്ചു കഴിഞ്ഞാൽ, ഭാവിയിൽ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്ന ഘട്ടത്തിൽ ഇവയായിരിക്കും ഗതാഗതത്തിനായി ഉപയോഗിക്കുക.

logo
Metro Vaartha
www.metrovaartha.com