ഹാരിയും മേഗനും ഇനിനോണ്‍-വര്‍ക്കിങ് റോയല്‍സ്’

രാജ കുടുംബത്തിന്‍റെ ഔദ്യോഗിക ചുമതലകളിൽ ഇനി ഇവർ പങ്കെടുക്കില്ലെന്ന് സ്ഥിരീകരിച്ച് ചാൾസ് രാജാവ്
 Harry and Meghan are 'non-working royals'

ഹാരിയും മേഗനും ഇനിനോണ്‍-വര്‍ക്കിങ് റോയല്‍സ്’

Updated on

ലണ്ടൻ: ബ്രിട്ടനിലേയ്ക്കു മടങ്ങിയെത്തിയ ഹാരി രാജകുമാരനും ഭാര്യ മേഗൻ മെർക്കലും ഇനി രാജകുടുംബത്തിലെ ഔദ്യോഗിക ചുമതലകള്‍ വഹിക്കുന്ന അംഗങ്ങളായിരിക്കില്ലെന്ന് ചാള്‍സ് മൂന്നാമന്‍ രാജാവ് സ്ഥിരീകരിച്ചു. ഇരുവരും ”സ്വകാര്യ പൗരന്മാര്‍” എന്ന നിലയില്‍ തുടരുമെന്നും രാജകുടുംബത്തിന്‍റെ ഔദ്യോഗിക ചുമതലകളിൽ പങ്കെടുക്കില്ലെന്നും റോയൽ ഹൗസ് ഹോൾഡ് മേധാവി വ്യക്തമാക്കി. ഹാരിയുടെ പിതാവായ ചാൾസ് രാജാവിന്‍റെ നിർദേശപ്രകാരമായിരുന്നു കത്ത് അയച്ചത്.

2020ല്‍ മുതിര്‍ന്ന രാജകീയ ചുമതലകളില്‍ നിന്ന് പിന്മാറിയ ഹാരിയും മേഗനും കാലിഫോര്‍ണിയയിലേക്ക് താമസം മാറ്റിയിരുന്നു. അന്ന് രാജകീയ പദവികള്‍ ഉപയോഗിക്കില്ലെന്നും രാജാവിനെ പ്രതിനിധീകരിക്കില്ലെന്നും ഔദ്യോഗിക ചുമതലകള്‍ക്കായി പൊതു ഫണ്ട് സ്വീകരിക്കില്ലെന്നും ധാരണയായിരുന്നു. ഇപ്പോഴത്തെ കത്തിലും അവരുടെ ഈ ഔദ്യോഗിക സ്ഥിതിയില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇരുവര്‍ക്കും സാമ്പത്തിക സ്വാതന്ത്ര്യം തുടരുമെന്നും സ്വകാര്യത സംരക്ഷിക്കുമെന്നും കത്തില്‍ പറയുന്നു.

ഹാരിയും മേഗനും ഓഗസ്റ്റ് 26 ന് മക്കളായ ആർച്ചിയെയും ലിലിബെറ്റിനെയും കൂട്ടി ബ്രിട്ടനിലെത്തിയിരുന്നു. കുടുംബം ഇനി ദീർഘകാലം ബ്രിട്ടനിൽ തുടരാൻ പദ്ധതിയിടുന്നതായും കുട്ടികളെ ഇവിടെ സ്കൂളിൽ പഠിപ്പിക്കാൻ തീരുമാനിച്ചതായും റിപ്പോർട്ടുകൾ ഉണ്ടെങ്കിലും അവർ നിലവിൽ എവിടെയാണ് താമസിക്കുന്നതെന്നും കുട്ടികൾ ഏതു സ്കൂളിലാണ് പഠിക്കുന്നതെന്നും ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല.

ബ്രിട്ടനിലേക്ക് മടങ്ങിയശേഷം ഹാരി പൊതുവേദിയില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടത് ലണ്ടനിലെ ടവര്‍ ബ്രിഡ്ജ് സ്റ്റുഡിയോസിലായിരുന്നു. സ്റ്റുഡിയോയുടെ സാമൂഹികമാധ്യമ അക്കൗണ്ടില്‍ ഹാരിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് അദ്ദേഹത്തെ സ്വാഗതം ചെയ്തു.

അതേസമയം, ഹാരിയും മേഗനും ബ്രിട്ടനിലേക്കുള്ള മടങ്ങിവരവിനെക്കുറിച്ച് ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. ഇരുവര്‍ക്കും രാജകുടുംബത്തിലെ മറ്റ് അംഗങ്ങളെപ്പോലെ സ്വാഭാവികമായി ലഭിക്കുന്ന നികുതിപ്പണം ഉപയോഗിച്ചുള്ള ആയുധധാരികളായ പൊലീസ് സുരക്ഷയും നിലവിലില്ല.

രാജകീയ ചുമതലകളില്‍ നിന്ന് പിന്മാറിയതിന് ശേഷം ഹാരിയും മേഗനും വാണിജ്യപരമായ നിരവധി പദ്ധതികളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. പ്രസംഗ പരിപാടികള്‍ക്ക് പുറമെ നെറ്റ്ഫ്‌ലിക്‌സുമായി നിര്‍മ്മാണ കരാറിലും ഇരുവരും പങ്കാളികളായി. ഇതിന്‍റെ ഭാഗമായി 2022ല്‍ ‘Harry & Meghan’ എന്ന ഡോക്യുമെന്‍ററി സീരീസും മേഗന്‍റെ ‘With Love, Meghan’ എന്ന ലൈഫ്സ്‌റ്റൈല്‍ പരിപാടിയും പുറത്തിറങ്ങിയിരുന്നു. ബ്രിട്ടനില്‍ ഇനി സ്വകാര്യ പൗരന്മാരായി തുടരുമ്പോഴും ഇത്തരം വാണിജ്യ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വ്യക്തിപരമായ നിലയില്‍ തുടരാനാകുമെന്ന് രാജകീയ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com