

ഇന്ത്യ-ഇയു വ്യാപാര കരാർ നിരാശകരം: അമെരിക്കൻ ട്രഷറി സെക്രട്ടറി
file photo
വാഷിങ്ടൺ: ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുണ്ടാക്കിയ വ്യാപാര കരാറിനെ വിമർശിച്ചു കൊണ്ട് അമെരിക്കൻ സെക്രട്ടറി രംഗത്ത്. യൂറോപ്യൻ യൂണിയൻ യുക്രെയ്ന്‍റെ സുരക്ഷയെക്കാൾ മുൻഗണന നൽകുന്നത് വ്യാപാരത്തിനാണ് എന്നായിരുന്നു കരാറിനെക്കുറിച്ച് അമെരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്‍റിന്‍റെ വാക്കുകൾ. യൂറോപ്യൻ യൂണിയൻ ഇന്ത്യയുമായി ഒപ്പു വച്ച വ്യാപാര കരാറിനെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായാണ് ട്രഷറി സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്.
സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഈ പ്രതികരണം. റഷ്യയിൽ നിന്നും ഇന്ത്യ വാങ്ങുന്ന അസംസ്കൃത എണ്ണ ശുദ്ധീകരിച്ച് യൂറോപ്യൻ രാജ്യങ്ങൾക്ക് നൽകുന്നുണ്ടെന്ന് പറഞ്ഞ സ്കോട്ട് ബെസെന്‍റ് യൂറോപ്യൻ രാജ്യങ്ങൾ ഇന്ത്യയ്ക്കെതിരേ അമെരിക്ക ചുമത്തിയതു പോലെ താരിഫ് ഈടാക്കാൻ ശ്രമിക്കുന്നില്ലെന്നും കുറ്റപ്പെടുത്തി. ഇതിനു കാരണം യൂറോപ്യൻ യൂണിയൻ ഇന്ത്യയുമായി കരാർ ഒപ്പു വയ്ക്കുന്നതിനാൽ ആണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള വ്യാപാര കരാർ അമെരിക്കയ്ക്ക് ഭീഷണിയാകുമോ എന്ന ചോദ്യത്തിന് യൂറോപ്യൻ യൂണിയന് അനുയോജ്യമെന്ന് അവർക്ക് തോന്നുന്നത് അവർ ചെയ്യട്ടെയെന്നും ട്രഷറി സെക്രട്ടറി കൂട്ടിച്ചേർത്തു. യൂറോപ്യൻ യൂണിയൻ ഇപ്പോൾ നടത്തുന്ന നീക്കങ്ങൾ ഏറെ നിരാശാജനകമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയ്ക്കെതിരേ അമെരിക്ക ഉയർന്ന താരിഫ് ചുമത്തിയപ്പോൾ അതിനൊപ്പം ചേരാൻ ഇ യു രാജ്യങ്ങൾ തയാറായില്ല. ഇന്ത്യയുമായുള്ള വ്യാപാര കരാർ ലക്ഷ്യമിട്ടാണ് അവർ ആ നിലപാടെടുത്തത്. ഇന്ത്യയ്‌ക്കെതിരേ അമേരിക്ക ഉയര്‍ന്ന താരിഫ് ചുമത്തിയപ്പോള്‍ അതിനൊപ്പം ചേരാന്‍ ഇയു രാജ്യങ്ങള്‍ തയാറായില്ല. അതിനു പിന്നില്‍ അവര്‍ക്ക് ലക്ഷ്യം ഈ വ്യാപാരകരാറായിരുന്നു.
യൂറോപ്പിന്‍റെ ഭാഗം തന്നെയായ യുക്രെയ്നെ കുറിച്ചു പറയുമ്പോഴും യുക്രെയ്ൻ ജനതയുടെ ജീവനെക്കാൾ പ്രാധാന്യം യൂറോപ്യൻ യൂണിയൻ വ്യാപാര കരാറിന് നൽകിയതായും യുഎസ് ട്രഷറി സെക്രട്ടറി കുറ്റപ്പെടുത്തി. ഇന്ത്യയുമായുള്ള പുതിയ വ്യാപാര കരാർ പ്രകാരം ഏഴു വർഷത്തിനുള്ളിൽ ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്യുന്ന ഉൽപന്നങ്ങളുടെ 99 ശതമാനത്തിനും യൂറോപ്യൻ യൂണിയൻ താരിഫ് ഒഴിവാക്കും. കരാർ ഒപ്പു വച്ചാലുടൻ തുണിത്തരങ്ങൾ, പാദരക്ഷകൾ, രത്നങ്ങൾ, ആഭരണങ്ങൾ എന്നിവയുടെ തീരുവ വെട്ടിക്കുറയ്ക്കും.