
അനധികൃത കുടിയേറ്റക്കാരായ ഇറാനികളെ നാടു കടത്താൻ അമെരിക്ക
getty image
ടെഹ്റാന്‍: അടുത്ത രണ്ടു ദിവസത്തിനുള്ളിൽ 120 ഇറാനിയൻ പൗരന്മാരെ യുഎസ് ഇറാനിലേയ്ക്ക് തിരിച്ചയയ്ക്കുമെന്ന് ഇറാനിയൻ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ റിപ്പോർട്ട്. ഇവരിൽ ഭൂരിഭാഗവും മെക്സിക്കോ വഴി അനധികൃതമായി യുഎസിലേയ്ക്ക് കടന്നവരാണെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ കോൺസുലാർ അഫയേഴ്സ് മേധാവി ഹുസൈൻ നൗഷാബാദി, തസ്നിം വാർത്താ ഏജൻസിയോട് വ്യക്തമാക്കി. നാടുകടത്തൽ പ്രക്രിയ ഖത്തർ വഴിയാണ് നടക്കുകയെന്നും യുഎസും ഇറാനും തമ്മിൽ ഈ വിഷയത്തിൽ ഒരു ധാരണയിൽ എത്തിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഏതാണ്ട് 100 ഇറാനിയൻ പൗരന്മാരെ യുഎസ് നാടുകടത്തുമെന്ന് ന്യൂയോർക്ക് ടൈംസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. വാഷിങ്ടൺ ഡിസിയിലെ പാക്കിസ്ഥാൻ എംബസിയിൽ ഇറാന്‍റെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി ഒരു പ്രത്യേക ഓഫീസ് പ്രവർത്തിക്കുന്നുണ്ട്. ഈ നാടുകടത്തൽ നടപടി ട്രംപ് ഭരണകൂടം നടപ്പാക്കുന്ന കർശനമായ കുടിയേറ്റ നയങ്ങളുടെ ഭാഗമാണ്. ഇത് അനധികൃത കുടിയേറ്റത്തിനെതിരെ യുഎസ് കർശന നിലപാട് സ്വീകരിക്കുന്നതിന്‍റെ സൂചന കൂടിയാണ്.