ഗ്രീൻലാന്‍ഡിലേയ്ക്ക് സൈന്യത്തെ അയച്ച് യൂറോപ്യൻ രാജ്യങ്ങൾ

യുഎസുമായി ഡെന്മാർക്കിന്‍റെയും ഗ്രീൻലന്‍ഡിന്‍റെയും പ്രതിനിധികൾ നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് ഈ സൈനിക നീക്കം
 European countries send troops to Greenland

ഗ്രീൻലാന്‍ഡിലേയ്ക്ക് സൈന്യത്തെ അയച്ച് യൂറോപ്യൻ രാജ്യങ്ങൾ

file photo

Updated on

നൂക്ക് : ദ്വീപ് രാജ്യമായ ഗ്രീൻലാന്‍ഡ് വെട്ടിപ്പിടിക്കാനായി അമെരിക്ക നീക്കം ശക്തമാക്കുന്നതിനു പിന്നാലെ ഗ്രീൻലാന്‍ഡിലേയ്ക്ക് സൈന്യത്തെ അയച്ച് യൂറോപ്യൻ രാജ്യങ്ങൾ. ഡെന്മാർക്കിനു കീഴിലെ സ്വയംഭരണ പ്രദേശമായ ഗ്രീൻലാന്‍ഡ് തങ്ങൾക്കു വേണമെന്ന ആവശ്യം അമെരിക്ക ആവർത്തിച്ചു കൊണ്ടിരിക്കെയാണ് ഗ്രീൻലന്‍ഡിലേയ്ക്ക് യൂറോപ്യൻ രാജ്യങ്ങളായ ഫ്രാൻസ്, സ്വീഡൻ, ജർമനി, നോർവേ എന്നീ രാജ്യങ്ങളിൽ നിന്നുള്ള സൈനികർ എത്തിയത്.

യുഎസുമായി ഡെന്മാർക്കിന്‍റെയും ഗ്രീൻലന്‍ഡിന്‍റെയും പ്രതിനിധികൾ നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് ഈ സൈനിക നീക്കം. ചർച്ച ഫലപ്രദമായില്ലെന്ന സൂചനകളാണ് പുറത്തു വരുന്നത്. നിരീക്ഷണത്തിനായിട്ടാണ് തങ്ങളഉടെ സൈന്യങ്ങളെ ഗ്രീൻലാൻഡ് തലസ്ഥാനമായ നൂക്കിൽ വിന്യസിക്കുന്നതെന്ന് യൂറോപ്യൻ രാജ്യങ്ങൾ വ്യക്തമാക്കി. ഗ്രീൻലാന്‍ഡ് ബലപ്രയോഗത്തിലൂടെ പിടിച്ചെടുക്കും എന്ന പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഭീഷണിയുടെ പശ്ചാത്തലത്തിൽ ആണ് ഗ്രീൻലന്‍ഡിന്‍റെയും ഡെന്മാർക്കിന്‍റെയും വിദേശകാര്യ മന്ത്രിമാർ യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസുമായി കൂടിക്കാഴ്ച നടത്തിയത്.

വിയോജിപ്പുകളൊന്നും കൂടിക്കാഴ്ചയിൽ പരിഹരിക്കാൻ ആയില്ലെന്നും ദ്വീപ് പിടിക്കാനുള്ള ട്രംപിന്‍റെ തീരുമാനം വളരെ സ്പഷ്ടമായെന്നും ചർച്ചയ്ക്കു ശേഷം ഡാനിഷ് വിദേശകാര്യമന്ത്രി ലാർസ് ലോക്ക് റുസൈൻ പറഞ്ഞു. ചർച്ചയിൽ സൈനിക നടപടിയിലൂടെയല്ലാതെ ഗ്രീൻലന്‍ഡ് ഡെന്മാർക്കിൽ നിന്ന് വില കൊടുത്തു വാങ്ങാനുള്ള സാധ്യതയും യുഎസ് മുന്നോട്ടു വച്ചിരുന്നു. വരും ദിവസങ്ങളിൽ നാറ്റോ ദ്വീപിൽ കൂടുതൽ സൈന്യത്തെ വിന്യസിക്കുമെന്നും അവരുടെ കൂടുതൽ കപ്പലുകളും സേനാ വിമാനങ്ങളും എത്തുമെന്നും ഗ്രീൻലന്‍ഡ് ഉപ പ്രധാനമന്ത്രി മ്യൂട്ട് എഗെഡ് പറഞ്ഞു.

ഡെന്മാർക്കിന്‍റെ ക്ഷണപ്രകാരമാണ് നൂക്കിലേയ്ക്ക് സേനയെ അയയ്ക്കുന്നതെന്നും ചൈനയും റഷ്യയും ആർട്ടിക് മേഖലയിൽ ഉയർത്തുന്ന ഭീഷണി നേരിടാൻ ആണ് ഇതെന്നും ജർമനി പറഞ്ഞു. ആദ്യ ബാച്ച് ഫ്രഞ്ച് സൈന്യം നൂക്കിലേയ്ക്ക് പുറപ്പെട്ടു എന്നും ബാക്കിയുള്ളവർ ഉടനെ എത്തുമെന്നും ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോൺ പറഞ്ഞു. യൂറോപ്യൻ ദൗത്യത്തിന്‍റെ ഭാഗമായി ഒരു സൈനികോദ്യോഗസ്ഥനെ അയയ്ക്കുമെന്ന് നെതർലന്‍ഡ്സ് അറിയിച്ചു.

അതേസമയം ആർട്ടിക് മേഖലയിൽ റഷ്യയും ചൈനയും ഭീഷണിയാകുന്നു എന്ന വ്യാജപ്രചരണങ്ങളുടെ പശ്ചാത്തലത്തിൽ ഗ്രീൻലൻഡിൽ നാറ്റോ നടത്തുന്ന സൈനിക വിന്യാസം ഏറെ ആശങ്കയുണ്ടാക്കുന്നു എന്ന് റഷ്യ പറഞ്ഞു. വാൻസും ഗ്രീൻലന്‍ഡ്-ഡാനിഷ് പ്രതിനിധികളും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു ശേഷവും ദ്വീപ് ഏറ്റെടുക്കാനുള്ള ഒരു സാധ്യതയും തള്ളിക്കളയില്ല എന്നാണ് ട്രംപിന്‍റെ ഭാഷ്യം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com