

ടിബറ്റിലെ വെള്ളപ്പൊക്ക ബാധിത പ്രദേശം
ബീജിങ്: ടിബറ്റിലെ നേപ്പാള്‍ അതിര്‍ത്തിക്ക് സമീപമുള്ള ഗിറോങ് ടൗണ്‍ഷിപ്പ് ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ് സന്ദര്‍ശിച്ചു.26ന് രാവിലെയാണ് ടിബറ്റ് സ്വയംഭരണാധികാര മേഖലയിലെ ഗിറോങ് ടൗണ്‍ഷിപ്പില്‍ പെട്ടെന്നുള്ള വെള്ളപ്പൊക്കം ഉണ്ടായത്.
ചൈന-നേപ്പാള്‍ അതിര്‍ത്തി പ്രദേശത്തിന് സമീപമുള്ള ഗ്രാമങ്ങളിലൂടെയും പട്ടണങ്ങളിലൂടെയും കുത്തിയൊലിച്ചെത്തിയ വെള്ളപ്പൊക്കത്തില്‍ ടിബറ്റില്‍ മൂന്നു പേര്‍ക്കും നേപ്പാളില്‍ 270 പേര്‍ക്കുമാണു ജീവഹാനം സംഭവിച്ചത്. നൂറുകണക്കിന് ആളുകളെ കാണാതാവുകയും ചെയ്തു.
ദുരന്തബാധിത പ്രദേശത്തേക്ക് ബന്ധപ്പെട്ട വകുപ്പുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സംഘത്തെ ലി ക്വിയാങ് നയിച്ചതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥര്‍, ദുരന്തബാധിതരെ നേരിട്ട് സന്ദര്‍ശിക്കുകയും ചെയ്തു.
ടിബറ്റിലെ ഇന്ത്യ-ചൈന അതിര്‍ത്തിയുടെ ചുമതലയുള്ള പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ വെസ്റ്റേണ്‍ തിയേറ്റര്‍ കമാന്‍ഡിന് കീഴിലുള്ള ഒരു ഏകോപന സംഘത്തെ വ്യാഴാഴ്ച ദുരന്തബാധിത പ്രദേശത്തേക്ക് അയച്ചു. ഗിറോങ് കൗണ്ടിയില്‍ സൈനികര്‍ നടത്തുന്ന സംയുക്ത രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക എന്നതാണ് ഇവരുടെ ദൗത്യം.
അതേസമയം, ഈ പ്രദേശത്ത് 260 വിദേശ പൗരന്മാരെ കാണാതായിട്ടുണ്ടെന്ന് പ്രാദേശിക അധികൃതര്‍ പുറത്തുവിട്ട പ്രാഥമിക വിവരങ്ങള്‍ സൂചിപ്പിച്ചു. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പരിശോധിച്ചുവരികയാണെന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിന്‍ ജിയാന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ദുരന്തബാധിത പ്രദേശമായ നേപ്പാള്‍ ഭാഗത്ത് നൂറോളം ചൈനീസ് പൗരന്മാരെയും കാണാതായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നേപ്പാളിലെ ചൈനീസ് എംബസി ഇക്കാര്യം നേപ്പാള്‍ അധികൃതരുമായി ചേര്‍ന്ന് സ്ഥിരീകരിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേപ്പാളുമായി അടുത്ത ആശയവിനിമയവും ഏകോപനവും പുലര്‍ത്തുന്ന ചൈന, രക്ഷാപ്രവര്‍ത്തനങ്ങളില്‍ നേപ്പാള്‍ പക്ഷവുമായി സഹകരിച്ച് പ്രവര്‍ത്തിച്ചു വരികയാണ്.
റിപ്പോര്‍ട്ട് നിഷേധിച്ച് ചൈന
നേപ്പാള്‍-ചൈന അതിര്‍ത്തിയിലെ റാസുവഗധി-കെരുങ് മേഖലയിലുണ്ടായ വെള്ളപ്പൊക്കത്തെയും മണ്ണിടിച്ചിലിനെയും കുറിച്ച് ചൈന മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കുന്നതില്‍ പരാജയപ്പെട്ടുവെന്ന ആരോപണങ്ങള്‍ നേപ്പാളിലെ ചൈനീസ് എംബസി തള്ളി. ഈ ആരോപണങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതും വസ്തുതാവിരുദ്ധവുമാണെന്ന് ചൈന വ്യക്തമാക്കി.
ചൈനയുടെ ഭാഗത്തുനിന്നുള്ള മുന്നറിയിപ്പ് ലഭിക്കാത്തത് നേപ്പാളില്‍ വലിയ തോതിലുള്ള ജീവഹാനിക്ക് കാരണമായെന്നും, ചൈനയിലുള്ള ഒരു അണക്കെട്ട് ഭൗമ പ്രതിഭാസത്തെത്തുടര്‍ന്നു തകര്‍ന്നതിനാല്‍ നേപ്പാളിന് കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചെന്ന ആരോപണങ്ങള്‍ സത്യമല്ലെന്ന് ചൈനീസ് എംബസി വ്യക്തമാക്കി.
2026 ഓഗസ്റ്റ് 26ന് രാവിലെ നേപ്പാള്‍ ഭാഗത്ത് ഭൂകമ്പമോ ഭൂകമ്പസമാനമായ പ്രകമ്പനമോ മൂലം മണ്ണിടിച്ചില്‍ ഉണ്ടായി. ഇതേത്തുടര്‍ന്നു വന്‍ മണ്ണിടിച്ചിലുണ്ടായി. റാസുവഗധി-കെരുങ് അതിര്‍ത്തി പ്രദേശത്തിന്‍റെ നേപ്പാള്‍, ചൈന ഭാഗങ്ങളില്‍ വലിയ തോതില്‍ ജീവഹാനിക്കും ആളുകളെ കാണാതാകുന്നതിനും കാരണമായത് ഇതാണെന്നും എംബസി അറിയിച്ചു.
ഈ നിര്‍ണായക സാഹചര്യത്തില്‍ പരസ്പരം കുറ്റപ്പെടുത്തുന്നതിന് പകരം രക്ഷാപ്രവര്‍ത്തനങ്ങളിലും ദുരിതാശ്വാസ നടപടികളിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ചൈന ആവശ്യപ്പെട്ടു. ദുരന്തത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നെന്നും, പ്രതിസന്ധി ഘട്ടത്തില്‍ ചൈന നേപ്പാളിനൊപ്പം നിലകൊള്ളുമെന്നും നേപ്പാളിലെ ചൈനീസ് അംബാസഡര്‍ ഷാങ് മാവോമിങ് പറഞ്ഞു.