
2025 ഒക്ടോബർ 15 ബുധനാഴ്ച ഉറുഗ്വേയിലെ മോണ്ടെവീഡിയോയിൽ, ലോവർ ഹൗസ് അംഗീകരിച്ച ദയാവധം നിയമവിധേയമാക്കുന്നതിനുള്ള ബില്ലിനെക്കുറിച്ച് സെനറ്റർ ഒപെ പാസ്ക്വെറ്റ് സംസാരിക്കുന്നു.
Credit: AP/Matilde Campodonico
യൂത്തനേഷ്യ അഥവാ ദയാവധം നിയമാനുസൃതമാക്കി ലാറ്റിനമെരിക്കൻ രാജ്യമായ ഉറുഗ്വേ. ദയാവധം നിയമവിധേയമാക്കിയ ആദ്യ ലാറ്റിനമെരിക്കൻ രാജ്യങ്ങളിൽ ഒന്നായി ഉറുഗ്വേ മാറി.ഒരു പതിറ്റാണ്ടു നീണ്ട ചർച്ചയ്ക്കു ശേഷമാണ് ഉറുഗ്വേയുടെ സെനറ്റ് ദയാവധം നിയമം മൂലം അംഗീകരിച്ചത്. മാന്യമായ മരണം എന്നാണ് സെനറ്റ് ദയാവധത്തെ വിശേഷിപ്പിച്ചത്.
ഇന്നലെ ഒക്റ്റോബർ 15 നാണ് ഉറുഗ്വേ ദയാവധം നിയമവിധേയമാക്കി നിയമം പാസാക്കിയത്. ഇതോടെ ലോകമെമ്പാടും ദയാവധം അംഗീകരിച്ച പന്ത്രണ്ടു രാജ്യങ്ങളിൽ ഒന്നായി മാറി ഉറുഗ്വേ. ലിബറലിസത്തിന്‍റെ പേരിൽ കഞ്ചാവ്, സ്വവർഗ വിവാഹം, ഗർഭഛിദ്രം എന്നിവ മറ്റു രാജ്യങ്ങളെക്കാൾ മുമ്പേ നിയമ വിധേയമാക്കിയ രാജ്യമാണ് ഉറുഗ്വേ.
ആകെ 31 നിയമസഭാംഗങ്ങളുള്ളതിൽ 20 വോട്ടുകൾ നേടിയാണ് ഡിഗ്നിഫൈഡ് ഡെത്ത് ബിൽ സെനറ്റ് അംഗീകരിച്ചത്. ഇതിനായി കഴിഞ്ഞ ഓഗസ്റ്റിൽ ലോവർ ചേംബർ ഒഫ് റെപ്രസന്‍റേറ്റീവുകൾ അംഗീകരിച്ച ഒരു നിയമം പാസാക്കിയിരുന്നു. നിയമം പാസാക്കിയ സെനറ്റ് അംഗങ്ങളെ കൊലപാതകികൾ എന്നു വിളിച്ച് വിമർശകർ കുറ്റപ്പെടുത്തി.
അറുപതു ശതമാനത്തിലധികം ഉറുഗ്വേക്കാർ ദയാവധത്തെ അനുകൂലിക്കുന്നതായാണ് അടുത്തയിടെ നടത്തിയ ഒരു വോട്ടെടുപ്പ് തെളിയിച്ചത്. ലാറ്റിൻ അമെരിക്കയിലെ മറ്റു ചില രാജ്യങ്ങളിൽ കൊളംബിയയിലെയും ഇക്വഡോറിലെയും കോടതികൾ നിയമങ്ങൾ പാസാക്കാതെ തന്നെ ദയാവധം കുറ്റകരമല്ലാതെ ആക്കിയിട്ടുണ്ട്. അതേ സമയം ക്യൂബ ടെർമിനൽ രോഗികളെ കൃത്രിമമായി ജീവൻ നൽകി നിലനിർത്തുന്നത് തടയാൻ അനുമതി നൽകുന്നു.
മുതിർന്ന ഉറുഗ്വേ പൗരന്മാർക്കും ശാരീരികമായി ഭേദമാക്കാനാവാത്ത രോഗാവസ്ഥയും മാനസികമായി ആരോഗ്യവുമുള്ളവരുമായവർക്കും പരസഹായത്തോടെയുള്ള ആത്മഹത്യ ചെയ്യാനുള്ള അനുമതിയാണ് ഈ ബില്ലിലുള്ളത്. എന്നാൽ ഉറുഗ്വേയിലെ കത്തോലിക്കാ സഭ ഈ നിയമത്തിനെതിരെ ദു:ഖം പ്രകടിപ്പിച്ചു.