

ഇസ്രയേലിന്ആണവ ശേഷിയുള്ള ഡോൾഫിൻ 11 വിഭാഗത്തിൽ പെട്ട ഐഎൻഎസ് ഡ്രാക്കൺ നൽകി ജർമനി
ഈ വർഷം ആദ്യ അഞ്ചു മാസത്തിനുള്ളിൽ മാത്രംഎണ്ണൂറു ദശലക്ഷം യൂറോയുടെ ആയുധക്കയറ്റുമതിയ്ക്കാണ് ജർമനി അനുമതി നൽകിയത്.
ബെർലിൻ: ഇസ്രയേലിലേയ്ക്കുള്ള ആയുധക്കയറ്റുമതി ലൈസൻസുകൾ വൻ തോതിൽ ഉയർത്തി ജർമനി. 2026ന്‍റെ ആദ്യ അഞ്ചു മാസത്തിനുള്ളിൽ മാത്രം ഏകദേശം എണ്ണൂറു ദശലക്ഷം യൂറോയുടെ ആയുധക്കയറ്റുമതിക്കാണ് ജർമൻ സർക്കാർ അനുമതി നൽകിയത്. ഏകദേശം തൊള്ളായിരത്തി പതിമൂന്നു ദശലക്ഷം യുഎസ് ഡോളർ വരുമിത്. കഴിഞ്ഞ ഇരുപതു മാസങ്ങളിൽ ആകെ നൽകിയ അനുമതികളെക്കാൾ കൂടുതലാണിത്.
തീവ്ര വലതുപക്ഷ പാർട്ടിയായ ആൾട്ടർനേറ്റീവ് ഫൊർ ജർമനി നൽകിയ പാർലമെന്‍ററി ചോദ്യത്തിനു മറുപടിയായി ജർമൻ വിദേശകാര്യ മന്ത്രാലയമാണ് ഈ വിവരങ്ങൾ ഔദ്യോഗികമായിപുറത്തു വിട്ടത്. ഇതിൽ ഭൂരിഭാഗം അനുമതികളും ഏപ്രിൽ, മേയ് മാസങ്ങളിലാണ് അനുവദിച്ചത്. അനുവദിച്ച ആയുധ ലൈസൻസുകളുടെ ആകെ മൂല്യത്തിന്‍റെ അറുപതു ശതമാനത്തിലധികവും പേരു വെളിപ്പെടുത്താത്ത ഒരു പ്രധാന നാവിക പദ്ധതിക്കായാണ് മാറ്റി വച്ചിട്ടുള്ളതെന്ന് സർക്കാർ അറിയിച്ചു.
ജർമൻ നിർമാതാക്കളായ ടികെഎംഎസ് വികസിപ്പിച്ച അത്യന്താധുനിക മുങ്ങിക്കപ്പലാകാം ഇതെന്ന് പ്രതിരോധ വിദഗ്ധർ കരുതുന്നു. ആണവ ശേഷിയുള്ള ഡോൾഫിൻ 11 വിഭാഗത്തിൽ പെട്ട ഐഎൻഎസ് ഡ്രാക്കൺ എന്ന മുങ്ങിക്കപ്പൽ കഴിഞ്ഞയാഴ്ച ഇസ്രയേൽ നാവികസേനയ്ക്ക് ഔദ്യോഗികമായി കൈമാറിയതായി ജർമൻ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു. ഏകദേശം 480 ദശലക്ഷം യൂറോ (548 ദശലക്ഷം ഡോളർ) വിലമതിക്കുന്നതാണ് ഈ കപ്പൽ.
ആണവ പോർമുന ഘടിപ്പിച്ച ക്രൂയിസ് മിസൈലുകളോ ബാലിസ്റ്റിക് മിസൈലുകളോ വിക്ഷേപിക്കാൻ ശേഷിയുള്ള വെർട്ടിക്കൽ ലോഞ്ചിങ് സിസ്റ്റം ഈ മുങ്ങിക്കപ്പലിൽ അടങ്ങിയിട്ടുണ്ടെന്ന് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇതോടെ എയർ ഇൻഡിപെൻഡന്‍റ് പ്രൊപ്പൽഷൻ സാങ്കേതിക വിദ്യയുള്ള പരമ്പരാഗത മുങ്ങിക്കപ്പലുകളിൽ വിഎൽഎസ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ദക്ഷിണകൊറിയയ്ക്കു ശേഷമുള്ള രണ്ടാമത്തെ രാജ്യമായി ഇസ്രയേൽ മാറും. നിർണായക ഘട്ടങ്ങളിൽ കടലിൽ നിന്നു തിരിച്ചടിക്കാൻ ഇസ്രയേലിനു ശേഷി നൽകുന്നതാണ് ഇത്തരം മുങ്ങിക്കപ്പലുകൾ.