"ട്രംപ് ഇനി ചവറ്റു കുട്ടയിൽ ഒളിക്കേണ്ടി വരും"

ദക്ഷിണാഫ്രിക്കയിലെ ഇറാന്‍ എംബസിയുടെ എക്‌സ് അക്കൗണ്ടില്‍ ഭക്ഷണം നിറച്ച കാറ്ററിംഗ് ബോക്‌സിനുള്ളില്‍ ട്രംപ് ഒളിച്ചിരിക്കുന്ന മീമും കുറിപ്പും
 Iran mocks Trump, he will have to hide in a trash can

"ട്രംപ് ഇനി ചവറ്റു കുട്ടയിൽ ഒളിക്കേണ്ടി വരും" പരിഹസിച്ച് ഇറാൻ

Updated on

ടെഹ്റാൻ: തുർക്കി സന്ദർശനത്തിനിടെ സുരക്ഷാ ഭീഷണിയെ തുടർന്ന് അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രഹസ്യമായി വിമാനം മാറ്റിയ സംഭവത്തിൽ പരിഹാസവുമായി ഇറാന്‍റെ ഔദ്യോഗിക മാധ്യമങ്ങൾ. ഇറാന്‍റെ സൈനിക ശക്തിയെക്കുറിച്ചുള്ള ഭയമാണ് ട്രംപിനെ ഇത്തരമൊരു നീക്കത്തിന് നിര്‍ബന്ധിതനാക്കിയതെന്ന് ഇറാന്‍ ആരോപിച്ചു. സംഭവത്തെ ട്രംപിന് വലിയ അപമാനം ഉണ്ടാക്കിയ നടപടിയായാണ് ഇറാനിയന്‍ സ്റ്റേറ്റ് ടെലിവിഷന്‍ വിശേഷിപ്പിച്ചത്.

സംഭവത്തെ പരിഹസിച്ച് ദക്ഷിണാഫ്രിക്കയിലെ ഇറാന്‍ എംബസിയുടെ എക്‌സ് അക്കൗണ്ടില്‍ ”ഇനി അധികം വൈകാതെ ട്രംപ് ഒരു ചവറ്റുകുട്ടിയില്‍ ഒളിച്ചിരിക്കും” എന്ന തരത്തിലുള്ള കുറിപ്പും മീമും പങ്കുവെച്ചു. ഭക്ഷണം നിറച്ച കാറ്ററിംഗ് ബോക്‌സിനുള്ളില്‍ ട്രംപ് ഒളിച്ചിരിക്കുന്നതായാണ് മീമില്‍ ചിത്രീകരിച്ചത്.

എയര്‍ ഫോഴ്‌സ് വണ്ണിനെ മിസൈല്‍ ഉപയോഗിച്ച് ആക്രമിക്കാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ട്രംപിനെ ചെറിയ സര്‍ക്കാര്‍ വിമാനത്തിലേക്ക് രഹസ്യമായി മാറ്റിയെന്നാണ് റിപ്പോര്‍ട്ട്.

നാറ്റോ ഉച്ചകോടിക്കായി അങ്കാറയിലെത്തിയ ട്രംപിന്‍റെ സന്ദർശനത്തിന്‍റെ അവസാന ദിവസമാണ് വധഭീഷണി ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ. ഇറാനുമായുള്ള അമേരിക്കയുടെ യുദ്ധത്തെ തുടര്‍ന്ന് മേഖലയില്‍ സംഘര്‍ഷം രൂക്ഷമായിരിക്കെയാണ് സംഭവം.

ട്രംപിന്‍റെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്ന റിപ്പോർട്ട് വിശ്വസനീയവും അടിയന്തരവുമാണെന്ന് സീക്രട്ട് സർവീസ് വിലയിരുത്തിയതിനെ തുടർന്ന് അദ്ദേഹത്തിന്‍റെ നീക്കങ്ങൾ മറച്ചുവയ്ക്കുന്ന അസാധാരണ സുരക്ഷാ നടപടികള്‍ സ്വീകരിക്കുകയായിരുന്നു. അങ്കാറയിൽ ട്രംപ് തങ്ങിയഹോട്ടലിലെ മുറി മാത്രമല്ല, അദ്ദേഹം താമസിച്ചിരുന്ന കൃത്യമായ നില പോലും ഇറാനിയന്‍ വിഭാഗങ്ങള്‍ക്ക് അറിയാമായിരുന്നുവെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ ആശങ്കപ്പെട്ടതായി ദി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ജൂലൈ എട്ടിന് തുര്‍ക്കിയില്‍ നിന്ന് മടങ്ങുമ്പോഴാണ് ട്രംപും ചെറിയൊരു സംഘം സഹായികളും കാറ്ററിങ് ട്രക്ക് ഉപയോഗിച്ച് പ്രസിഡന്‍ഷ്യല്‍ വിമാനത്തില്‍ നിന്ന് സി32എ എന്ന ചെറിയ വിമാനത്തിലേക്ക് മാറിയതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം എയര്‍ ഫോഴ്‌സ് വണ്‍ മറ്റൊരു വഴിക്ക് പുറപ്പെട്ട് മുതിര്‍ന്ന ഭരണകൂട ഉദ്യോഗസ്ഥരെയും വൈറ്റ് ഹൗസ് ജീവനക്കാരെയും മാധ്യമപ്രവര്‍ത്തകരെയും കൊണ്ടുപോയി.

ട്രംപിനെയും ഇസ്രയേലിനെയും ലക്ഷ്യമിട്ട് ടെഹ്‌റാനിലെ ബില്‍ബോര്‍ഡുകളിലും ചുമര്‍ചിത്രങ്ങളിലും കടുത്ത പരിഹാസവും ഭീഷണി സൂചനകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ട്രംപ് കടലില്‍ മുങ്ങുന്നതുമടക്കമുള്ള ചിത്രങ്ങളാണ് ചില ഇടങ്ങളില്‍ പ്രചരിക്കുന്നത്. അതേസമയം, ട്രംപിനെ വധിക്കാന്‍ ഐആർജിസി പദ്ധതിയിട്ടെന്ന ആരോപണത്തില്‍ 2024-ല്‍ അമേരിക്കന്‍ നീതിന്യായ വകുപ്പ് ഒരു ഇറാനിയന്‍ പൗരനെതിരെ കുറ്റം ചുമത്തിയിരുന്നു. എന്നാല്‍ ഇറാന്‍ ഈ ആരോപണം നിഷേധിച്ചിരുന്നു. പുതിയ വിമാനമാറ്റ സംഭവത്തെക്കുറിച്ച് ടെഹ്‌റാന്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം തുടരുന്നതിനിടെ, ഗള്‍ഫ് മേഖലയിലെ യുദ്ധം സ്ഥിരമായി അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകളിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ഇറാനിയന്‍ മാധ്യമങ്ങളില്‍ ട്രംപിന്‍റെ പഴയ അനുഭവങ്ങളും വീണ്ടും ചര്‍ച്ചയാകുന്നു. 2018-ല്‍ ഇറാഖിലെ സൈനിക താവളം സന്ദര്‍ശിച്ചപ്പോള്‍ തനിക്ക് സ്വീകരിക്കേണ്ടിവന്ന കനത്ത സുരക്ഷാ നടപടികളെക്കുറിച്ച് ട്രംപ് തന്നെ നേരത്തെ വിവരിച്ചിരുന്നു. വിമാനത്തിന്‍റെ ജനാലകളെല്ലാം അടച്ചും ലൈറ്റുകള്‍ മുഴുവന്‍ അണച്ചും ”പൂര്‍ണമായും ഇരുട്ടില്‍” യാത്ര ചെയ്യേണ്ടിവന്നതായി അന്ന് ട്രംപ് പറഞ്ഞിരുന്നു.

logo
Metro Vaartha
www.metrovaartha.com