

ഹൂതികളെ നേരിടാന്‍ ഇസ്രയേലിന്‍റെ സഹായം തേടി സൗദി
റിയാദ്: യമനിലെ ചെങ്കടല്‍ തീരത്തിന്‍റെയും ബാബ്-എല്‍-മന്‍ഡേബ് കടലിടുക്കിന്‍റെയും ഭൂരിഭാഗം പ്രദേശങ്ങളും കഴിഞ്ഞ ആഴ്ച ഹൂതി വിമതര്‍ പിടിച്ചെടുത്തതിനെത്തുടര്‍ന്ന് സൗദി അറേബ്യ വലിയൊരു പ്രതിസന്ധിയെ നേരിടുകയാണ്. സൗദിയുടെ സഖ്യകക്ഷികള്‍, പ്രത്യേകിച്ച് 'മക്ക കരാറിലെ' പങ്കാളിയായ പാക്കിസ്ഥാന്‍ യെമന്‍ പ്രതിസന്ധിയില്‍ ഇടപെടാന്‍ വിസമ്മതിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ഇസ്രയേലിന്‍റെ സഹായം തേടാന്‍ സൗദി നിര്‍ബന്ധിതമായിരിക്കുകയാണ്. ഒരുകാലത്ത് സ്വതന്ത്ര രാഷ്‌ട്രമായിപ്പോലും ഇസ്രയേലിനെ അംഗീകരിക്കാന്‍ തയാറാകാതിരുന്നവരാണ് സൗദി. ജറുസലേമുമായി നയതന്ത്ര ബന്ധം പുലര്‍ത്തുന്നുമില്ല സൗദി. എന്നാല്‍ ഇപ്പോള്‍ ഉടലെടുത്തിരിക്കുന്ന പ്രത്യേക സാഹചര്യം ഇസ്രയേലിനെ ആശ്രയിക്കാന്‍ സൗദിയെ നിര്‍ബന്ധിതമാക്കിയിരിക്കുകയാണ്. യെമന്‍ വിഷയത്തില്‍ റിയാദ് നേരിടുന്ന പ്രതിസന്ധിയുടെ വ്യാപ്തിയാണ് ഇതിലൂടെ വ്യക്തമാകുന്നത്.
ബാബ്-എല്‍-മന്‍ഡേബ് കടലിടുക്കിനു നേരെയുള്ള ഭീഷണികളെ നേരിടാന്‍ സഹായം അഭ്യര്‍ഥിച്ചുകൊണ്ട്, സൗദി അറേബ്യയുടെ പ്രധാനമന്ത്രി കൂടിയായ എംബിഎസ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് (സെന്‍റ്കോം) വഴി ഇസ്രായേലിനെ പരോക്ഷമായി സമീപിച്ചു.
ഹൂതികളുടെ ആക്രമണത്തെ നേരിടാന്‍ സഹായം അഭ്യര്‍ഥിച്ചുകൊണ്ട് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ (എംബിഎസ്.) മറ്റ് ഗള്‍ഫ് രാജ്യങ്ങളെയും ഈജിപ്തിനെയും സമീപിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
സൗദിയുടെ ഊര്‍ജ അടിസ്ഥാന സൗകര്യങ്ങള്‍ക്കുനേരെ ഇടയ്ക്കിടെ ഡ്രോണുകളും മിസൈലുകളും പ്രയോഗിച്ചുവന്ന അന്‍സാര്‍ അള്ളാ തീവ്രവാദികള്‍, കഴിഞ്ഞ ആഴ്ച യെമനില്‍ നടത്തിയ അപ്രതീക്ഷിത ആക്രമണത്തിലൂടെ സൗദി പിന്തുണയുള്ള 'നാഷണല്‍ റെസിസ്റ്റന്‍സ് ഫ്രണ്ടി'ന്‍റെ പ്രതിരോധത്തെ പൂര്‍ണമായും തകര്‍ക്കുകയുണ്ടായി. ഈ മിന്നലാക്രമണത്തോടെ ചെങ്കടല്‍ തീരത്തിന്‍റെയും ബാബ്-എല്‍-മന്‍ഡേബ് കടലിടുക്കിലെ ദ്വീപുകളുടെയും നിയന്ത്രണം ഹൂതികള്‍ സ്വന്തമാക്കി. ഇതിനുപിന്നാലെ, ജൂലൈ മുതല്‍ സൗദി കപ്പലുകള്‍ക്കെതിരേ ഏര്‍പ്പെടുത്തിയിരുന്ന ഉപരോധം തുടരുമെന്നും ഹൂതി നേതാക്കള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങളെ മറികടക്കാന്‍ സൗദിയെ സഹായിച്ചിരുന്നതാണ് 'ഗേറ്റ് ഒഫ് ടിയേഴ്‌സ്' അഥവാ ബാബ്-എല്‍-മന്‍ഡേബ്. എന്നാൽ ഇത് ഹൂതികള്‍ അടച്ചതും സൗദിയുടെ വിപുലമായ പൈപ്പ്ലൈന്‍ ശൃംഖലയ്ക്കുനേരെയുള്ള ആക്രമണങ്ങളും സൗദിയെ ഒരു വലിയ പ്രതിസന്ധിയിലേക്കാണ് നയിച്ചിരിക്കുന്നത്. എണ്ണ കയറ്റുമതി ചെയ്യാനുള്ള സൗദിയുടെ ശേഷി ഗണ്യമായി കുറയുകയോ അല്ലെങ്കില്‍ പൂര്‍ണമായും നിലയ്ക്കുകയോ ചെയ്‌തേക്കാവുന്ന സാഹചര്യവും രൂപപ്പെട്ടിരിക്കുകയാണ്.