

വാൻസും ഇന്ത്യൻ വംശജയായ വിദ്യാർഥിനിയും തമ്മിൽ രൂക്ഷ വാഗ്വാദം
file photo
വാഷിങ്ടൺ/മിസിസിപ്പി: യുഎസ് വൈസ് പ്രസിഡന്‍റ് ജെഡി വാൻസും ഒരു ഇന്ത്യൻ വംശജയായ വിദ്യാർഥിനിയും തമ്മിലുള്ള രൂക്ഷമായ വാക്പോര് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ട്രംപ് ഭരണകൂടത്തിന്‍റെ കടുത്ത കുടിയേറ്റ നയങ്ങളെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചുള്ള വാൻസിന്‍റെ വ്യക്തിപരമായ പരാമർശങ്ങളെക്കുറിച്ചുമാണ് മിസിസിപ്പി സർവകലാശാലയിൽ വച്ചു നടന്ന പരിപാടിയിൽ വിദ്യാർഥിനി അദ്ദേഹത്തിനെതിരെ രൂക്ഷ വിമർശനം അഴിച്ചു വിട്ടത്. ടേണിങ് പോയിന്‍റ് യുഎസ്എയുടെ പരിപാടിക്കിടെയാണ് വിദ്യാർഥിനി കുടിയേറ്റക്കാർക്കെതിരെ ഭരണകൂടം എന്തിനാണ് ഇത്രയും കർക്കശ നിലപാട് സ്വീകരിച്ചതെന്നു ചോദിച്ചത്.
വൈറലായ ആ ചോദ്യമിങ്ങനെ:
" ഇവിടെ ധാരാളം കുടിയേറ്റക്കാരുണ്ടെന്നു നിങ്ങൾ പറയുമ്പോൾ ഈ സംഖ്യാബാഹുല്യം നിങ്ങൾ എപ്പോഴാണ് തീരുമാനിച്ചത്? എന്തിനാണു നിങ്ങൾ ഞങ്ങൾക്ക് ഒരു സ്വപ്നം വിറ്റത്? ഞങ്ങളുടെ യുവത്വവും സമ്പത്തും ഈ രാജ്യത്തു ചിലവഴിക്കാൻ നിങ്ങൾ ഞങ്ങളെ പ്രേരിപ്പിച്ചു. ഞങ്ങൾക്കു നിങ്ങൾ സ്വപ്നം നൽകി. എന്നാൽ നിങ്ങൾ ഞങ്ങളോടു കടപ്പെട്ടിട്ടില്ല, ഞങ്ങൾ അതിനു വേണ്ടി കഠിനാധ്വാനം ചെയ്തവരാണ്.'
“എന്നിട്ടും നിങ്ങളാവശ്യപ്പെട്ട പണം നൽകി ഇവിടെ നിയമപരമായി താമസിക്കുന്ന ആളുകളോട് ഇപ്പോൾ ഞങ്ങൾക്ക് ഇവർ ധാരാളമായുണ്ട്. ഞങ്ങൾ അവരെ പുറത്താക്കാൻ പോകുകയാണ് എന്ന് ഒരു വൈസ് പ്രസിഡന്‍റിന് എങ്ങനെ പറയാൻ കഴിയുമെന്നും ആ യുവതി ചോദ്യമുയർത്തി.
എന്നാൽ രാജ്യത്തിന്‍റെ ആഭ്യന്തര താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി കുടിയേറ്റം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്ന് ആവർത്തിച്ചു പറഞ്ഞ് വാൻസ് ഭരണകൂട നിലപാടിനെ ന്യായീകരിച്ചു. ഒരാൾ, അല്ലെങ്കിൽ പത്തു പേർ , അഥവാ നൂറു പേർ നിയമപരമായി അമെരിക്കയിൽ വരികയും ഭാവിയിൽ പത്തു ലക്ഷം പേരെ അല്ലെങ്കിൽ കോടിക്കണക്കിന് ആളുകളെ ഞങ്ങളുടെ രാജ്യത്തിലേയ്ക്കു പ്രവേശിപ്പിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ് എന്നല്ല എന്നും വാൻസ് പറഞ്ഞു.
യുഎസ് വൈസ് പ്രസിഡന്‍റ് എന്ന നിലയിൽ തന്‍റെ ജോലി ലോകമെമ്പാടുമുള്ള ആളുകളുടെ താൽപര്യ സംരക്ഷണമല്ലെന്നും യുഎസ്എയിലെ ജനങ്ങളുടെ താൽപര്യ സംരക്ഷണമാണ് തന്‍റെ ലക്ഷ്യമെന്നും വാൻസ് കൂട്ടിച്ചേർത്തു. വാൻസിന്‍റെ ഈ പ്രസ്താവനയെ സദസ്യർ നിറഞ്ഞ കൈയടിയോടെ സ്വീകരിച്ചു.
വാൻസിനെതിരെ കുടിയേറ്റ നയങ്ങളെ കുറിച്ച് കടുത്ത ചോദ്യങ്ങൾ ഉന്നയിച്ച ഇന്ത്യൻ വംശജയായ വിദ്യാർഥിനിയ്ക്ക് സോഷ്യൽ മീഡിയയിൽ വലിയ പ്രശംസ ലഭിക്കുകയും അവളുടെ ചോദ്യങ്ങൾ വൈറലാകുകയും ചെയ്തെങ്കിലും മാഗാ(MAGA – Make America Great Again) അനുകൂല അക്കൗണ്ടുകളിൽ നിന്ന് അവൾക്കു നേരെ രൂക്ഷമായ സൈബർ ആക്രമണമാണ് ഉണ്ടായത്.
