

ഖത്തറിൽ മത്സ്യബന്ധനത്തിനിറങ്ങിയ മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം
symbolic image
ഖത്തർ: ഖത്തറിലെ ഇൻലാൻഡ് സീ മേഖലയിൽ മത്സ്യബന്ധനത്തിന് ഇറങ്ങിയ രണ്ട് മലയാളി യുവാക്കൾ മുങ്ങി മരിച്ചു. പത്തനംതിട്ട അടൂർ സ്വദേശി ജിത്തു അനിൽ മാത്യു, കൊല്ലം കരുനാഗപ്പള്ളി സ്വദേശി കനേഷ് കാർത്തികേയൻ എന്നിവരാണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം ഇൻലാന്‍ഡ് സീ ബീച്ചിൽ മീൻ പിടിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. അപ്രതീക്ഷിതമായി ജലനിരപ്പുയർന്നതോടെ യുവാക്കൾ മുങ്ങിപ്പോകുകയായിരുന്നു.
അടൂർ ചൂരക്കോട് കീഴതിൽ പുത്തൻ വീട്ടിൽ അനിൽമോൻ മാത്യുവിന്‍റെയും ജോയമ്മയുടെയും മകനാണ് ജിത്തു. ഭാര്യ: നികിത.പി. ജോസഫ്. കരുനാഗപ്പള്ളി തൊടിയൂർ നോർത്ത് പാണ്ടിത്തറയിൽ കാർത്തികേയന്‍റെയും ബേബിയുടെയും മകനാണ് കനേഷ്. ഭാര്യ: അശ്വതി. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കും.