
ഇസ്ലാമാബാദ്: കുടിയേറ്റ നിയമം കര്‍ശനമാക്കിയതോടെ അഫ്ഗാനിസ്ഥാനിലേക്കു പലായനം ചെയ്തത് 4 ലക്ഷത്തിലധികം അഫ്ഗാനികളെന്നു പാക് അധികൃതര്‍. കൃത്യമായ രേഖകളില്ലാതെ അനധികൃതമായി കുടിയേറിവരാണ് ടോര്‍ഖാം, സ്പിന്‍ ബോള്‍ഡാക്ക് അതിര്‍ത്തികള്‍ വഴി അഫ്ഗാനിസ്ഥാനിലേക്ക് തിരികെ പോയത്. ഇക്കാര്യം അഫ്ഗാനിസ്ഥാനിലെ താലിബാന് വക്താവ് സബിഹുള്ള മുജാഹിദ് സ്ഥിരീകരിച്ചു.
പാക്കിസ്ഥാനില്‍ കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതായി കഴിഞ്ഞമാസമാണ് അധികൃതര്‍ പ്രഖ്യാപിച്ചത്. ഒക്റ്റോബര്‍ 31നകം രാജ്യം വിടണമെന്നും, ഇല്ലെങ്കില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നുമായിരുന്നു മുന്നറിയിപ്പ്. ഈ നിയമം ഏറ്റവും കൂടുതല്‍ ബാധിച്ചത് അഫ്ഗാനികളെയാണ്. പതിനേഴ് ലക്ഷത്തിലധികം അഫ്ഗാന് കുടിയേറ്റക്കാര്‍ പാക്കിസ്ഥാനില്‍ ഉണ്ടെന്നായിരുന്നു കണക്കുകള്‍. അനധികൃതമായി രാജ്യത്തു വസിക്കുന്നവരെ കണ്ടെത്താന്‍ വ്യാപക പരിശോധനകളും പാക്കിസ്ഥാന് ആരംഭിച്ചിരുന്നു.
ഇതേത്തുടര്‍ന്ന് അഫ്ഗാനിസ്ഥാനിലേക്കു തിരികെ പോകാന്‍ നിരവധി പേര് തയാറായി. സമയപരിധി അവസാനിച്ചിട്ടും അതിര്‍ത്തികള്‍ വഴി അഭയാര്‍ഥികളുടെ ഒഴുക്കായിരുന്നു. തിരികെയുത്തുന്നവര്ക്ക് പാര്‍പ്പിടസൗകര്യവും ഭക്ഷണവും നല്‍കുന്നുണ്ടെന്ന് അഫ്ഗാനിസ്ഥാനിലെ താലിബാന് ഭരണകൂടം അറിയിച്ചു. 1980ല്‍ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം സോവിയറ്റ് ഏറ്റെടുത്തപ്പോഴും, 2021ല്‍ താലിബാന് ഭരണകൂടം അധികാരം സ്ഥാപിച്ചപ്പോഴുമാണു ഏറ്റവും കൂടുതല്‍ അഫ്ഗാനികള്‍ പാക്കിസ്ഥാനില്‍ അഭയം പ്രാപിച്ചത്. എന്നാല്‍ കുടിയേറ്റക്കാരായി എത്തിയവര്‍ കുറ്റകൃത്യങ്ങളിലും തീവ്രവാദ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നതു വര്‍ധിച്ചപ്പോഴാണ് അവരെ ഒഴിപ്പിക്കാന്‍ പാക്കിസ്ഥാന് നിര്‍ബന്ധിതരായത്.