
ക്യാനഡയിൽ നാലു ലക്ഷം ഡോളറിന്‍റെ തപാലുരുപ്പടികളുടെ മോഷണം
file photo
ഒട്ടാവ: ക്യാനഡയിൽ നാലുലക്ഷം ഡോളർ വില വരുന്ന തപാൽ സാധനങ്ങൾ മോഷ്ടിച്ച സംഭവത്തിൽ പഞ്ചാബികളായ എട്ടംഗ സംഘത്തെ പിടികൂടി. മെയിൽ ബോക്സുകളിൽ ലഭിച്ച വസ്തുക്കളാണ് ഇത്തരത്തിൽ അപഹരിച്ചത്. മിസിസാഗ,ബ്രാംപ്ടൺ എന്നിവിടങ്ങളിൽ നിന്നാണ് എട്ടംഗ സംഘത്തെ പിടികൂടിയത്. ഇവർക്കെതിരെ 344 കേസുകളാണ് ചുമത്തിയിട്ടുള്ളത്.
മിസിസാഗയിൽ നിന്നുള്ള സുമൻ പ്രീത് സിങ്(28) ഗുർദീപ് ചത്ത (29), ജഷൻദീപ് ജത്താന(23),ബ്രാംപ്ടണിൽ നിന്നുള്ള ഹർമൻ സിങ്(28)ജസൻപ്രീത് സിങ്(21), മൻരൂപ് സിങ്(23), കൃത്യമായ മേൽവിലാസമില്ലാത്ത രാജ്ബീർ സിങ്(26),ഉപീന്ദർജിത് സിങ്(28) എന്നിവരാണ് അറസ്റ്റിലായത്. ഹാൽട്ടൺ ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ തുടർച്ചയായി തപാൽ മെയിൽ ബോക്സുകളിൽ മോഷണം ഉണ്ടായതിനു പിന്നാലെയാണ് അന്വേഷണം കർശനമായതും പ്രതികൾ വലയിലായതും.
കഴിഞ്ഞ മാസം എട്ട് ,ഒൻപത് തിയതികളിലായി റൈൻ ബാങ്ക് സ്ട്രീറ്റ്, ബ്രാൻഡൻ ഗേറ്റ് ഡ്രൈവ്,ഡ്വിഗിൻ അവന്യൂ തുടങ്ങിയ മേഖലകളിൽ പൊലീസ് തെരച്ചിൽ നടത്തി. പ്രതികളുടെ കൈകളിൽ നിന്നും 450 തപാൽ സാധനങ്ങൾ കണ്ടെടുത്തു. അവയിൽ 255 ചെക്കുകൾ, 182 ക്രെഡിറ്റ് കാർഡുകൾ, 20ലധികം ഗിഫ്റ്റ് കാർഡുകൾ എന്നിവ ഉൾപ്പെടുന്നു. തപാൽ സാധനങ്ങൾ എങ്ങനെ മോഷണം പോയി എന്നതിൽ കനേഡിയൻ പൊലീസും തപാൽ വകുപ്പും അന്വേഷണം ആരംഭിച്ചു.