ഇറാനെതിരേ പുതിയ ആക്രമണങ്ങള്‍ നടത്തണമെന്ന് നെതന്യാഹു

വിമുഖത പ്രകടിപ്പിച്ച് ട്രംപ്
Netanyahu calls for new attacks against Iran

ഇറാനെതിരേ പുതിയ ആക്രമണങ്ങള്‍ നടത്തണമെന്ന് നെതന്യാഹു

Updated on: 

ദുബായ്: ഇറാനെതിരെ മറ്റൊരു സൈനിക നടപടി ഒഴിവാക്കാനാവാത്തതാണെന്ന് ഇസ്രയേല്‍ ഇടക്കാല പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇക്കാര്യം അദ്ദേഹം മുതിര്‍ന്ന മന്ത്രിമാരോടും സുരക്ഷാ ഉദ്യോഗസ്ഥരോടും പറഞ്ഞതായിട്ടാണ് റിപ്പോര്‍ട്ട്. ഇറാനെതിരേ പുതിയൊരു സൈനിക നീക്കത്തിന് അമെരിക്കയുടെ പിന്തുണ തേടുന്നതിനിടയിലാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്. അമെരിക്കയുടെ പിന്തുണയോടെ നാല് മുതല്‍ ഏഴ് ദിവസം വരെ നീണ്ടുനില്‍ക്കുന്ന വ്യോമാക്രമണങ്ങള്‍ ഉള്‍പ്പെടുന്ന ഒരു സൈനിക നടപടിക്കാണ് ഇസ്രയേല്‍ ശ്രമിക്കുന്നതെന്നാണ് സൂചന.

ഇസ്രയേല്‍ പ്രതിരോധ സേനയിലെ (ഐഡിഎഫ്) പേര് വെളിപ്പെടുത്താത്ത ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞത്, ഇസ്രയേല്‍ ഉദ്യോഗസ്ഥരും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ഇറാനെതിരേയുള്ള ആക്രമണ പദ്ധതികള്‍ തയാറാക്കി അംഗീകരിച്ചിട്ടുണ്ടെന്നാണ്. ഏത് സമയത്താണ് ഇത് നടപ്പിലാക്കുക എന്നതില്‍ മാത്രമാണ് തീരുമാനമെടുക്കേണ്ടത്. എന്നാല്‍ ഇറാനെതിരേ സൈനിക നടപടികള്‍ക്ക് അനുമതി നല്‍കുന്നതില്‍ തനിക്ക് തിടുക്കമില്ലെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പരസ്യമായിത്തന്നെ സൂചിപ്പിക്കുകയും, ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു.

സാമ്പത്തിക ഉപരോധങ്ങളും മറ്റ് ഉപരോധങ്ങളും ഇറാനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നാണ് ട്രംപ് ഭരണകൂടം അവകാശപ്പെടുന്നത്. അതേസമയം, ആണവായുധങ്ങള്‍ സ്വന്തമാക്കുന്നതില്‍ നിന്ന് ടെഹ്റാനെ തടയുക എന്നത് തന്‍റെ നയത്തിന്‍റെ പ്രധാന ഘടകമാണെന്നും ട്രംപ് ആവര്‍ത്തിച്ച് പറഞ്ഞു.