

ഫ്രഞ്ച് പടക്കപ്പൽ ചാൾസ് ഡി ഗാൾ ചെങ്കടലിലേയ്ക്ക്
പാരീസ്: ഹോർമൂസ് കടലിടുക്കിലൂടെയുള്ള സ്വന്തം കപ്പൽ ഗതാഗതം പുന:സ്ഥാപിക്കാനുള്ള നീക്കവുമായിഫ്രാൻസ്. ഇതിന്‍റെ ഭാഗമായി ഫ്രഞ്ച് പ്രതിരോധ മന്ത്രാലയം തങ്ങളുടെ കരുത്തുറ്റ വിമാനവാഹിനി കപ്പലായ ചാൾസ് ഡി ഗാളിനെ ചെങ്കടലിലേയ്ക്കും ഗൾഫ് ഒഫ് ഏദനിലേയ്ക്കും വിന്യസിച്ചു. ഭാവിയിൽ ഹോർമൂസ് കടലിടുക്കിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പ്രത്യേക ദൗത്യത്തിന്‍റെ മുന്നൊരുക്കമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.
വിമാനവാഹിനിക്കപ്പലും അതിനെ അനുഗമിക്കുന്ന സുരക്ഷാ കപ്പലുകളും ഇന്ന് സൂയസ് കനാൽ പിന്നിട്ട് ചെങ്കടലിന്‍റെ തെക്കൻ മേഖലയിലേയ്ക്ക് പ്രവേശിക്കുമെന്ന് മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. തടസപ്പെട്ടു കിടക്കുന്ന പ്രധാന ജലപാതകൾ തുറന്നു നൽകുന്നതിനായി ബ്രിട്ടനും ഫ്രാൻസും സംയുക്തമായി നയിക്കുന്ന ബഹുരാഷ്ട്ര സഖ്യത്തിന്‍റെ ഭാഗമായാണ് ഈ സൈനിക വിന്യാസം.
ഇതിലൂടെ മേഖലയിലെ വ്യാപാര ഗതാഗതം സുഗമമാക്കാൻ സാധിക്കുമെന്നാണ് ഫ്രാൻസിന്‍റെ പ്രതീക്ഷ. അമെരിക്കയും ഇസ്രയേലും ഇറാനുമായി യുദ്ധം ആരംഭിച്ച ഘട്ടത്തിൽ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ പ്രതിരോധ നടപടികളുടെ ഭാഗമായി ചാൾസ് ഡി ഗാളിനെ കിഴക്കൻ മെഡിറ്ററേനിയൻ കടലിലും ചെങ്കടലിലുമായിരുന്നു ആദ്യം വിന്യസിച്ചിരുന്നത്. എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഹോർമൂസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഫ്രാൻസ് മുൻഗണന നൽകുന്നത്.