ഇക്വഡോറിൽ 469 കിലോ കൊക്കെയ്ൻ പിടികൂടി; പാക്കറ്റുകളിൽ ഫുട്ബോൾ താരം എർലിങ് ഹാലൻഡിന്‍റെ ചിത്രം

ഹാലൻഡിന്‍റെ ചിത്രങ്ങൾ പാക്കറ്റുകളിൽ പതിച്ചതിന്‍റെ കാരണം സംബന്ധിച്ച് പൊലീസ് വിശദീകരണം നൽകിയിട്ടില്ല
Erling Haaland

എർലിങ് ഹാലൻഡ്

Updated on

ക്വിറ്റോ: ഇക്വഡോറിന്‍റെ തലസ്ഥാനമായ ക്വിറ്റോയിൽ നിന്ന് നോർവേ ഫുട്ബോൾ താരം എർലിങ് ഹാലൻഡിന്‍റെ ചിത്രം പതിച്ച പാക്കറ്റുകളിൽ ഒളിപ്പിച്ച 469 കിലോഗ്രാം കൊക്കെയ്ൻ പൊലീസ് പിടികൂടി. കൊളംബിയൻ അതിർത്തിക്ക് സമീപം ഒരു ട്രക്കിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ട്രക്ക് ഡ്രൈവറെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. എന്നാൽ ഹാലൻഡിന്‍റെ ചിത്രങ്ങൾ പാക്കറ്റുകളിൽ പതിച്ചതിന്‍റെ കാരണം സംബന്ധിച്ച് പൊലീസ് വിശദീകരണം നൽകിയിട്ടില്ല.

അതേസമയം മയക്കുമരുന്ന് കടത്തുസംഘങ്ങൾ തങ്ങളുടെ ചരക്കുകൾ ഏത് ക്രിമിനൽ ശൃംഖലയുടേതാണെന്നും ഏത് ഉപഭോക്താവിനുള്ളതാണെന്നും തിരിച്ചറിയുന്നതിനായി പ്രശസ്ത കായികതാരങ്ങളുടെയും മറ്റ് സെലിബ്രിറ്റികളുടെയും പേരുകളും ചിത്രങ്ങളും ഉപയോഗിക്കുന്നത് സാധാരണ രീതിയാണെന്ന് അധികൃതർ പറഞ്ഞു. ചൊവ്വാഴ്ച പുലർച്ചെ ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ പാൻ-അമേരിക്കൻ ഹൈവേയിൽ മയക്കുമരുന്ന് വിരുദ്ധ വിഭാഗം നടത്തിയ പരിശോധനയ്ക്കിടെയാണ് സംശയാസ്പദമായ ട്രക്ക് ശ്രദ്ധയിൽപ്പെട്ടത്. ട്രക്ക് പരിശോധിച്ചപ്പോൾ അതിന്‍റെ അടിഭാഗത്ത് പ്രത്യേകം നിർമ്മിച്ച രഹസ്യ അറയിൽ 370 പാക്കറ്റുകളിലായി കൊക്കൈയ്ൻ കണ്ടെത്തുകയായിരുന്നു. ട്രക്കിന്‍റെ രഹസ്യ അറയിൽനിന്ന് പാക്കറ്റുകൾ പുറത്തെടുക്കുന്ന ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടു. പാക്കറ്റുകളിൽ ഹാലൻഡിന്‍റെ ചിത്രങ്ങൾ വ്യക്തമായി കാണാമായിരുന്നു.

2026 ലോകകപ്പിൽ മികച്ച ഗോൾ സ്‌കോറർമാരിൽ ഒരാളായിരുന്ന ഹാലൻഡ് സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരുന്നു. അദ്ദേഹത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും വ്യാപകമായി പ്രചരിച്ചിരുന്നു. മയക്കുമരുന്ന് കടത്തുസംഘങ്ങൾ ഉപയോഗിച്ച പാക്കറ്റുകളിൽ പ്രത്യക്ഷപ്പെട്ട ഫുട്ബോൾ താരങ്ങളിൽ ഹാലൻഡ് മാത്രമല്ല ഉള്ളത്. അർജന്‍റീന ദേശീയ ടീമിന്‍റെ ക്യാപ്റ്റനായ ലയണൽ മെസിയുടെ ചിത്രവും നേരത്തെ പിടികൂടിയ മറ്റൊരു മയക്കുമരുന്ന് പാക്കറ്റിൽ കണ്ടെത്തിയിരുന്നു.

logo
Metro Vaartha
www.metrovaartha.com