ഇറാന്‍റെ സമാധാന നിർദേശം തള്ളി യുഎസ്

ഹോർമൂസ് കടലിടുക്കിൽ ഇറാന് നിയന്ത്രണം തുടരാനോ അതിലൂടെ കടന്നു പോകുന്ന കപ്പലുകളിൽ നിന്ന് ടോൾ ഈടാക്കാനോ അനുവദിക്കില്ലെന്നും റൂബിയോ
 US rejects Iran's peace proposal

ഇറാന്‍റെ സമാധാന നിർദേശം തള്ളി യുഎസ്

file photo

Updated on

വാഷിങ്ടൺ: യുഎസ്-ഇറാൻ സംഘർഷം പരിഹരിക്കുന്നതിന്‍റെ ഭാഗമായി ഇറാൻ മുന്നോട്ടു വച്ച സമാധാന നിർദേശങ്ങൾ തള്ളി യുഎസ്. ഇറാനുമായുള്ള സമാധാന കരാറിന്‍റെ പ്രധാന ഘടകം ആണവ വിഷയമാണെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി.

ഫോക്സ് ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് മൂന്നാം മാസത്തിലേയ്ക്കു കടക്കുന്ന യുദ്ധം അവസാനിപ്പിക്കാൻ അമെരിക്ക മുന്നോട്ടു വച്ച നിബന്ധനകൾക്ക് ഇറാന്‍റെ നിർദേശം മതിയായതല്ലെന്ന് റൂബിയോ വ്യക്തമാക്കിയത്.

ഹോർമൂസിലെ കപ്പൽ ഗതാഗത നിയന്ത്രണം പിൻവലിക്കണമെങ്കിൽ അമെരിക്കൻ ഉപരോധം അവസാനിപ്പിക്കണമെന്നാണ് ഇറാൻ മുന്നോട്ടു വച്ച പ്രധാന നിർദേശം. തുടർന്ന് ആണവ പരിപാടിയെക്കുറിച്ചുള്ള ചർച്ചകൾ നടത്താമെന്നാണ് നിർദേശം. എന്നാൽ ആണവ പ്രശ്നമാണ് ഈ സംഘർഷത്തിന്‍റെ പ്രധാന കാരണമെന്ന് റൂബിയോ വ്യക്തമാക്കി.

ഹോർമൂസ് കടലിടുക്കിൽ ഇറാന് നിയന്ത്രണം തുടരാനോ അതിലൂടെ കടന്നു പോകുന്ന കപ്പലുകളിൽ നിന്ന് ടോൾ ഈടാക്കാനോ അനുവദിക്കില്ലെന്നും റൂബിയോ പറഞ്ഞു. ഹോർമൂസ് അന്താരാഷ്ട്ര ജലപാതയാണ്. ആരെ പ്രവേശിപ്പിക്കണം, എത്ര പണം ഈടാക്കണം എന്നത് ഒരു രാജ്യത്തിന് തീരുമാനിക്കാനാകില്ല എന്നും റൂബിയോ കൂട്ടിച്ചേർത്തു.

logo
Metro Vaartha
www.metrovaartha.com