

മയക്കുമരുന്നു കടത്ത് സംഘത്തിലെ മൂന്നു പേരെ വധിച്ചതായി അമേരിക്കന്‍
വാഷിങ്ടൺ: മയക്കുമരുന്നു കടത്തൽ ശൃംഖലകൾക്കെതിരേ ട്രംപ് ഭരണകൂടം നടത്തുന്ന സൈനിക നടപടികളുടെ ഭാഗമായി കിഴക്കൻ പസഫിക് സമുദ്രത്തിൽ മയക്കുമരുന്ന് കടത്തിൽ ഏർപ്പെട്ടിരുന്നതായി ആരോപിക്കപ്പെടുന്ന ഒരു ബോട്ടിനെ അമെരിക്കൻ സൈന്യം ആക്രമിച്ചു. ആക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു.
ഈ ആക്രമണത്തോടെ 2025 സെപ്റ്റംബർ മുതൽ അമെരിക്ക നാർക്കോ-ടെററിസ്റ്റുകൾ എന്നു വിശേഷിപ്പിക്കുന്ന സംഘങ്ങൾക്കെതിരേ ആരംഭിച്ച സൈനിക നീക്കങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം കുറഞ്ഞത് 211 ആയി. അമെരിക്കൻ സതേൺ കമാൻഡ് റിപ്പോർട്ട് പ്രകാരം ബോട്ട് മയക്കുമരുന്ന് കടത്തൽ മാർഗത്തിൽ സഞ്ചരിക്കുകയായിരുന്നു.
കിഴക്കന്‍ പസഫിക് സമുദ്രത്തില്‍ മയക്കുമരുന്നു വേട്ട
എന്നാൽ പിടിച്ചെടുത്ത ബോട്ടിൽ യഥാർഥത്തിൽ മയക്കുമരുന്ന് ഉണ്ടായിരുന്നോ എന്നതിനെ സംബന്ധിച്ച് സൈന്യം തെളിവുകൾ പുറത്തു വിട്ടിട്ടില്ല. സൈന്യം പുറത്തു വിട്ട വീഡിയോയിൽ അതിവേഗത്തിൽ സഞ്ചരിച്ചിരുന്ന ബോട്ട് മിസൈൽ ആക്രമണത്തിന് ഇരയായി തീ പിടിച്ച് പൊട്ടിത്തെറിക്കുന്നതായി കാണാം. ഈ ആക്രമണങ്ങളുടെ നിയമസാധുത സംബന്ധിച്ച് വിമർശനങ്ങൾ ശക്തമാണ്. വ്യാഴാഴ്ച ചില അമെരിക്കൻ സെനറ്റർമാർ ഈ ആക്രമണങ്ങളുടെ എഡിറ്റ് ചെയ്യാത്ത വീഡിയോ ദൃശ്യങ്ങൾ പുറത്തു വിടണമെന്ന് പെന്‍റഗണിനോട് ആവശ്യപ്പെട്ടു.
സെപ്റ്റംബറിലെ ആദ്യ ആക്രമണത്തിൽ ഒമ്പതു പേർ കൊല്ലപ്പെട്ട ശേഷം രണ്ടു പേർ ജീവനോടെ രക്ഷപ്പെട്ടിരുന്നു. ബോട്ടിന്‍റെ അവശിഷ്ടങ്ങളിൽ പിടിച്ചു കിടന്ന് രക്ഷപ്പെടാൻ ശ്രമിച്ച അവർക്കു നേരെ പിന്നീടു നടന്ന രണ്ടാമത്തെ ആക്രമണത്തിൽ അവർ കൊല്ലപ്പെട്ടു. വൈറ്റ് ഹൗസ് അതിനെ സ്വയം പ്രതിരോധ നടപടിയുടെ ഭാഗമെന്നാണ് വിശദീകരിച്ചത്. എന്നാൽ പല നിയമ വിദഗ്ധരും അത് നിയമവിരുദ്ധമായിരിക്കാമെന്ന് അഭിപ്രായപ്പെട്ടിരുന്നു.