പ്രക്ഷോഭകാരികൾ ദൈവത്തിന്‍റെ ശത്രുക്കൾ: വധശിക്ഷ നൽകാൻ ഇറാൻ

ഇറാനെതിരെ വിമർശനവുമായി യുഎൻ
UN criticizes Iran

ഇറാനെതിരെ വിമർശനവുമായി യുഎൻ

symbolic image

Updated on

ജനീവ: ഇറാനിൽ നടക്കുന്ന ആഭ്യന്തര പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുന്നവർക്ക് വധശിക്ഷ നൽകാനുള്ള ഭരണകൂടത്തിന്‍റെ നീക്കം അത്യന്തം ആശങ്കാജനകമാണന്ന് ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ ഹൈക്കമ്മീഷണർ വോൾക്കർ ടർക്ക്. രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളെ അടിച്ചമർത്താൻ കടുത്ത നടപടികൾ സ്വീകരിക്കുന്ന ഇറാൻ അധികൃതരുടെ നിലപാടിനെ അദ്ദേഹം ശക്തമായി അപലപിച്ചു.

സമാധാനപരമായി പ്രതിഷേധിക്കുന്നവരെ ഭീകരരായി മുദ്രകുത്തി അക്രമത്തെ ന്യായീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇറാനിലെ കോടതികൾ പ്രതിഷേധക്കാർക്കെതിരെ വധശിക്ഷ ഉൾപ്പെടെ കടുത്ത ശിക്ഷകൾ വേഗത്തിൽ നടപ്പാക്കും എന്നു സൂചിപ്പിച്ചിരുന്നു.

ടെഹ്റാൻ പ്രോസിക്യൂട്ടർ അലി സാലിഹി ഉൾപ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥർ പ്രക്ഷോഭകാരികളെ ദൈവത്തിന്‍റെ ശത്രുക്കൾ എന്നു വിളിച്ച് വധശിക്ഷ നൽകുമെന്നു പ്രഖ്യാപിച്ചതാണ് യുഎന്നിനെ ചൊടിപ്പിച്ചത്. കുട്ടികൾ ഉൾപ്പടെ ആയിരങ്ങൾ ഈ പ്രക്ഷോഭങ്ങളിൽ കൊല്ലപ്പെടുന്നതായും ആശുപത്രികൾ പരിക്കേറ്റവരെ കൊണ്ടു നിറഞ്ഞിരിക്കുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ജനങ്ങളുടെ ന്യായമായ ആവശ്യങ്ങൾ അടിച്ചമർത്താൻ സൈനിക ശക്തി ഉപയോഗിക്കുന്നതു നിർത്തണം എന്ന് വോൾക്കർ ടർക്ക് ഇറാനോട് ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ച് പ്രതിഷേധിക്കാനുള്ള അവകാശത്തെ മാനിക്കണം എന്നും മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയവർക്ക് എതിരേ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാനിൽ ഇന്‍റർനെറ്റ് വിച്ഛേദിച്ച നടപടി വിവരങ്ങൾ പുറം ലോകം അറിയുന്നത് തടയിടാനാണെന്നും ഇത് അംഗീകരിക്കാൻ ആകില്ലെന്നും യുഎൻ വ്യക്തമാക്കി. മേഖലയിൽ യുദ്ധഭീതി നില നിൽക്കുന്ന സാഹചര്യത്തിൽ ഇറാനിലെ രക്തച്ചൊരിച്ചിൽ അടിയന്തിരമായി നിർത്തണമെന്നാണ് ലോകരാജ്യങ്ങളുടെ ആവശ്യം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com