

അഞ്ച് ഇറാനിയൻ എണ്ണക്കപ്പലുകൾ തകർത്തതായി യുഎസ്
വാഷിങ്ടൺ: യുഎസ് നാവികസേനയുടെ യുദ്ധക്കപ്പലിന് നേരെയുണ്ടായ ഇറാനിയൻ ആക്രമണശ്രമത്തിന് തിരിച്ചടിയായി അഞ്ച് ഇറാനിയന്‍ എണ്ണക്കപ്പലുകള്‍ തകര്‍ത്തതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് (CENTCOM) അറിയിച്ചു. ചൊവ്വാഴ്ചയായിരുന്നു ഈ നടപടി. ഐആർജിസിയുമായി ബന്ധപ്പെട്ട കപ്പലുകളാണ് തെരഞ്ഞു പിടിച്ച് തകർത്തതെന്ന് സെന്‍റ്കോം പറഞ്ഞു.
അഞ്ചു കപ്പലുകളിൽ നാലെണ്ണം ഗൾഫ് ഒഫ് ഒമാനിലും ഒരെണ്ണം ഇറാനിലെ തന്ത്രപ്രധാനമായ ഖാർഗ് ദ്വീപിനു സമീപവും ആയിരുന്നു. ആക്രമണത്തിനു മുമ്പ് കപ്പലുകളിലെ ജീവനക്കാരോട് കപ്പൽ ഉപേക്ഷിക്കാൻ യുഎസ് സേന നിർദേശം നൽകിയിരുന്നു. പിന്നീടാണ് കപ്പലുകൾ പ്രവർത്തന രഹിതമാക്കിയതെന്ന് സെന്‍റ് കോം വ്യക്തമാക്കി. ഖാർഗ് ദ്വീപ് ഇറാന്‍റെ സുപ്രധാന എണ്ണ കയറ്റുമതി കേന്ദ്രങ്ങളിൽ ഒന്നാണ്.
യുഎസ് നാവികസേനയുടെ കപ്പലിന് നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണശ്രമങ്ങള്‍ പരാജയപ്പെട്ടതായും ആക്രമണത്തില്‍ അമേരിക്കന്‍ സൈനികര്‍ക്ക് പരിക്കേറ്റിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലായി യുഎസ് നാവികസേനയുടെ കപ്പലുകള്‍ ലക്ഷ്യമിട്ട് ഇറാന്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയതായി യുഎസ് അധികൃതര്‍ ആരോപിച്ചിരുന്നു. അതിന് പിന്നാലെയാണ് എണ്ണക്കപ്പലുകള്‍ക്കെതിരായ പുതിയ നടപടി.
ഇറാന്‍റെ എണ്ണവ്യാപാര ശൃംഖലയെയും ഐആര്‍ജിസിയുമായി ബന്ധമുള്ള സാമ്പത്തിക സംവിധാനങ്ങളെയും ലക്ഷ്യമിട്ട് യുഎസ് നടത്തുന്ന സമ്മര്‍ദനടപടികളുടെ ഭാഗമായാണ് പുതിയ ആക്രമണത്തെ വിലയിരുത്തുന്നത്. ഇതോടെ യുഎസും ഇറാനും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുമെന്ന ആശങ്ക ശക്തമായി. ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതത്തെയും ആഗോള എണ്ണവിപണിയെയും സംഘര്‍ഷം നേരിട്ട് ബാധിക്കുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.
ഇതിനിടെ, ഇറാനുമായുള്ള യുദ്ധത്തില്‍ ഇതുവരെ 820 യുഎസ് സൈനികര്‍ക്ക് പരിക്കേറ്റതായും 18 പേര്‍ കൊല്ലപ്പെട്ടതായും പെന്‍റഗണിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. പുതിയ എണ്ണക്കപ്പല്‍ ആക്രമണം ഉള്‍പ്പെടെയുള്ള പരസ്പര തിരിച്ചടികള്‍ തുടരുന്നതിനാല്‍ പശ്ചിമേഷ്യയിലെ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാകുകയാണ്. സംഘര്‍ഷം കൂടുതല്‍ വ്യാപിക്കുമോ എന്ന ആശങ്കയിലാണ് അന്താരാഷ്ട്ര സമൂഹം.