
അപൂർവ ധാതുക്കൾക്കായി പാക്- അമെരിക്ക കരാർ
credit-getty images
വാഷിങ്ടൺ: പാക്കിസ്ഥാനിൽ നിന്ന് അപൂർവ ധാതുക്കൾ യുഎസിലേയ്ക്ക് കയറ്റി അയയ്ക്കാൻ കരാറുമായി പാക് സർക്കാർ. ഇത് രഹസ്യ ഇടപാടാണ് എന്ന വാദവുമായി പാക്കിസ്ഥാനിലെ പ്രതിപക്ഷ കക്ഷി രംഗത്ത്. കഴിഞ്ഞ മാസമാണ് അപൂർവ ധാതുക്കൾ കയറ്റുമതി ചെയ്യാനുള്ള കരാറിൽ അമെരിക്കയും പാക്കിസ്ഥാനും ഒപ്പു വച്ചത്. പാക്കിസ്ഥാനിലെ ഫ്രോണ്ടിയർ വർക്ക്സ് ഓർഗനൈസേഷനുമായി (എഫ്ഡബ്ല്യുഒ) ആണ് ധാരണാപത്രം ഒപ്പു വച്ചത്. ധാതുക്കളുടെ സാമ്പിൾ അമെരിക്കയിലേയ്ക്ക് കയറ്റി അയയ്ക്കുകയും ചെയ്തു. ധാതു മേഖലയുടെ വികസനത്തിനും ധാതുക്കളുടെ പര്യവേഷണത്തിനുമാണ് കരാറെന്നാണ് സർക്കാർ പറയുന്നത്.
പാക്കിസ്ഥാനിൽ 500 മില്യൺ ഡോളറിന്‍റെ നിക്ഷേപം നടത്താനാണ് അമെരിക്കൻ സ്ട്രാറ്റജിക് മെറ്റൽ കമ്പനി ഒരുങ്ങുന്നത്. യുഎസ്-പാക്ബന്ധത്തിലെ സുപ്രധാന ചുവടുവയ്പാണ് ഇതെന്ന് അമെരിക്കൻ അധികൃതർ വ്യക്തമാക്കി. പാക്കിസ്ഥാനിൽ ആറു ട്രില്യൺ ഡോളർ മൂല്യത്തിന്‍റെ ധാതു സമ്പത്ത് ഉണ്ടെന്നാണ് വിലയിരുത്തൽ. ഇത് ഉപയോഗിച്ച് പാക്കിസ്ഥാന്‍റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാമെന്ന കണക്കു കൂട്ടലിലാണ് ഭരണകൂടം. അതിനായാണ് അവർ യുഎസുമായ ഇപ്പോൾ കരാർ ഒപ്പു വയ്ക്കുന്നത്.