

ഒരു കീഴ്ജീവനക്കാരന്റെ കൈകള്‍ പറിച്ചെടുത്ത്, അത് ഉപയോഗിച്ച് അവനെത്തന്നെ അടിച്ചു കൊല്ലുമെന്ന് ഹുവാങ് ഭീഷണിപ്പെടുത്തി
വാഷിങ്ടണ്‍: ചൈനീസ് വംശജയായ യുവതിയുമായി അടുപ്പം സ്ഥാപിച്ചതിന്റെ പേരില്‍ സിഇഒ സ്ഥാനത്തുനിന്ന് രാജിവച്ച എന്‍വിഡിയ സഹസ്ഥാപകന്‍ ജെന്സന് ഹുവാങ് കമ്പനിയെ അസാധാരണമായ നിലയിലേക്ക് ഉയര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചിരുന്ന വ്യക്തിയാണ്. എന്നാല്‍, അദ്ദേഹത്തിന്റെ നേതൃശൈലിയും ജീവനക്കാരോട് പെരുമാറുന്ന രീതിയും ഇപ്പോള്‍ വിമര്‍ശനവിധേയമായിരിക്കുകയാണ്. 'ദി ന്യൂയോര്‍ക്ക് ടൈംസ്' നടത്തിയ വിശദമായ അന്വേഷണത്തില്‍, ജീവനക്കാരോട് പരസ്യമായി അപമാനിക്കുക, വ്യക്തിപരമായ അധിക്ഷേപങ്ങള്‍ നടത്തുക, ഭീഷണിപ്പെടുത്തുന്ന തരത്തില്‍ സംസാരിക്കുക തുടങ്ങിയ ആരോപണങ്ങളാണ് അദ്ദേഹത്തിനെതിരേ ഉയര്‍ന്നുവന്നിരിക്കുന്നത്.
ഈ മാസം 12നാണ് എന്‍വിഡിയയുടെ പ്രസിഡന്റ്, ചീഫ് എക്സിക്യൂട്ടീവ് എന്നീ സ്ഥാനങ്ങളില്‍ നിന്ന് ജെന്സന് രാജിവച്ചത്. വര്‍ഷങ്ങളായി ജീവനക്കാരോട് അദ്ദേഹം പെരുമാറിയ രീതിയെക്കുറിച്ചുള്ള ആരോപണങ്ങളെക്കുറിച്ച് 'ന്യൂയോര്‍ക്ക് ടൈംസ്' ഒരു റിപ്പോര്‍ട്ട് തയാറാക്കിയിട്ടുണ്ട്. നിലവിലുള്ളതും മുന്പുള്ളതുമായ ഒരു ഡസനിലധികം ജീവനക്കാരുമായുള്ള അഭിമുഖങ്ങളെയും, നൂറുകണക്കിന് പേജുകള്‍ വരുന്ന കോടതി രേഖകളും മറ്റ് അനുബന്ധ രേഖകളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.
'ദ ന്യൂയോര്‍ക്ക് ടൈംസ്' റിപ്പോര്‍ട്ട് അനുസരിച്ച്, എന്‍വിഡിയയുടെ മൂല്യം കുതിച്ചുയരുകയും ജീവനക്കാര്‍ കൂടുതല്‍ സമ്പന്നരാവുകയും ചെയ്തതോടെ, അവരെ പ്രചോദിപ്പിക്കാന്‍ സാമ്പത്തിക പ്രതിഫലങ്ങള്‍ നല്കിയാല് മാത്രം പോരാതെ വന്നുവെന്ന് ഹുവാങ് വിശ്വസിച്ചു. കൂടുതല്‍ കഠിനാധ്വാനം ചെയ്യാന്‍ ജീവനക്കാരെ പ്രേരിപ്പിക്കാനുള്ള ഒരേയൊരു മാര്‍ഗം അവരെ അപമാനിക്കുക എന്നത് മാത്രമാണെന്ന് അദ്ദേഹം തന്റെ കീഴ്ജീവനക്കാരോട് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ജീവനക്കാര്‍ക്കെതിരേ ഹുവാങ് വ്യക്തിപരമായ അധിക്ഷേപങ്ങളും കടുത്ത ഭീഷണികളും നടത്തിയതായി പറയപ്പെടുന്ന നിരവധി സംഭവങ്ങള്‍ ഈ റിപ്പോര്‍ട്ടില്‍ വിവരിക്കുന്നുണ്ട്. ഒരു ഉന്നത ഉദ്യോഗസ്ഥനോട്, 'നിന്നെ പ്രസവിക്കുന്നതിന് പകരം നിന്റെ അമ്മ നിന്നെ ഗര്‍ഭച്ഛിദ്രം ചെയ്യണമായിരുന്നു' എന്ന് അദ്ദേഹം പറഞ്ഞു.
'നിന്റെ തലച്ചോറില്‍ മൂത്രമൊഴിക്കും'
ഒരു കീഴ്ജീവനക്കാരന്റെ കൈകള്‍ പറിച്ചെടുത്ത്, അത് ഉപയോഗിച്ച് അവനെത്തന്നെ അടിച്ചു കൊല്ലുമെന്ന് ഹുവാങ് ഭീഷണിപ്പെടുത്തി. കൂടാതെ, ഒരു ജീവനക്കാരനോട്, അയാളുടെ തലയുടെ മുകള്ഭാഗം കീറി തുറന്ന് 'നിന്റെ തലച്ചോറില്‍ മൂത്രമൊഴിക്കും' എന്നും അദ്ദേഹം പറഞ്ഞു.
പരസ്യമായ വിമര്‍ശനങ്ങളും അപമാനിക്കലും ഒറ്റപ്പെട്ട സംഭവങ്ങളായിരുന്നില്ലെന്നും, മറിച്ച് ഹുവാങ്ങിന്റെ മാനെജ്മെന്റ് ശൈലിയുടെ ഭാഗമായിരുന്നു ഇവയെന്നും വിവരങ്ങള്‍ സൂചിപ്പിക്കുന്നു. ജീവനക്കാരെ മികവിലേക്ക് നയിക്കാനും കമ്പനിയുടെ പ്രകടനം മെച്ചപ്പെടുത്താനുമുള്ള ഒരു മാര്‍ഗമായാണ് താന്‍ ഇത്തരത്തില്‍ പെരുമാറുന്നതെന്ന് അദ്ദേഹം പലപ്പോഴും ന്യായീകരിച്ചിരുന്നതായി മുന്‍ ജീവനക്കാര്‍ പറയുന്നു. തന്റെ ഈ സമീപനത്തെക്കുറിച്ച് ഒരിക്കല്‍ ഹുവാങ് പറഞ്ഞത് 'നിങ്ങളെ പീഡിപ്പിച്ചാണെങ്കിലും ഞാന്‍ നിങ്ങളെ മഹത്വത്തിലേക്ക് നയിക്കും, കാരണം എനിക്ക് നിങ്ങളില്‍ വിശ്വാസമുണ്ട് ' എന്നായിരുന്നു.