

ട്രംപ് ഭരണകൂടത്തിന്‍റെ നീക്കത്തിനെതിരേ നെതന്യാഹുവിന്‍റെ എതിരാളികൾ
ജറുസലേം: സൗദി അറേബ്യയ്ക്ക് സിവിലിയൻ ആണവ സാങ്കേതിക വിദ്യ കൈമാറാനുള്ള അമെരിക്കൻ തീരുമാനത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മൗനം തുടരുമ്പോഴും വൻ പ്രതിഷേധവുമായി പ്രതിപക്ഷ നേതാക്കൾ രംഗത്ത്. തന്ത്രപ്രധാനമായ വലിയൊരു തിരിച്ചടിയായാണ് ഇസ്രയേലിലെ രാഷ്ട്രീയ എതിരാളികൾ ഈ കരാറിനെ വീക്ഷിക്കുന്നത്.
സൗദി അറേബ്യയ്ക്ക് സിവിലിയൻ ആണവ പദ്ധതി അനുവദിക്കുന്നത് ഭാവിയിൽ അവർ ആണവായുധങ്ങൾ നിർമിക്കുന്നതിലേയ്ക്കു നയിക്കുമെന്നും പശ്ചിമേഷ്യയിൽ വൻ ആയുധ മത്സരത്തിന് ഇത് വഴി വെയ്ക്കുമെന്നും ഇസ്രയേൽ ബെയ്തെന്നു പാർട്ടി നേതാവും മുൻ പ്രതിരോധ മന്ത്രിയുമായ അവിഗ്ദോർ ലീബർമാൻ പറഞ്ഞു.
ഈ നീക്കം ഇസ്രയേലിനു കടുത്ത ഭീഷണിയാണെന്ന് ഡെമോക്രാറ്റ്സ് പാർട്ടി അധ്യക്ഷനും മുൻ മിലിറ്ററി ജനറലുമായ യായർ ഗോലാൻ വ്യക്തമാക്കി. സൗദിയുമായുള്ള നയതന്ത്ര ബന്ധം സാധാരണ നിലയിൽ ആക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയ നെതന്യാഹു ഇപ്പോൾ സൗദിക്ക് ആണവശേഷി കൈവരിക്കാൻ വഴി തുറന്നു കൊടുക്കുകയാണ് ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുമ്പ് ബൈഡൻ ഭരണകൂടത്തിന്‍റെ കാലത്ത് സൗദിയുമായുള്ള ആണവ സഹകരണം ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം പുന:സ്ഥാപിക്കുന്നതുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നതായി ഇൻസ്റ്റിറ്റ്യൂട്ട് ഫൊർ നാഷണൽ സെക്യൂരിറ്റി സ്റ്റഡീസിലെ മുതിർന്ന ഗവേഷകൻ യോയർ ഗുസാൻസ്കി ചൂണ്ടിക്കാട്ടി.
എന്നാൽ 2023 ഒക്റ്റോബർ ഏഴിലെ ആക്രമണത്തിനും തുടർന്നുണ്ടായ യുദ്ധത്തിനും ശേഷം ഈ സാഹചര്യം മാറി. നിലവിലെ ഇസ്രയേൽ സർക്കാരിന്‍റെ തീവ്ര നിലപാടുകൾ കാരണം നയതന്ത്ര ബന്ധത്തിന് സാധ്യതയില്ലെങ്കിലും യാതൊരു വിട്ടുവീഴ്ചയും ചെയ്യാതെ തന്നെ ആണവ ശേഷി നേടിയെടുക്കാൻ കഴിഞ്ഞത് സൗദി അറേബ്യയുടെ വൻ നേട്ടമാണെന്ന് അദ്ദേഹം വിലയിരുത്തി.
മേഖലയിലെ മറ്റു രാജ്യങ്ങളും ഇതേ മാതൃകയിൽ ആണവ ശേഷിക്കായി സമ്മർദ്ദം ചെലുത്താൻ ഇത് കാരണമാകുമെന്നും മേഖലയിൽ ആയുധ വ്യാപാരത്തിന് ഇത് വഴി വെയ്ക്കുമെന്നും ഗുസാൻസ്കി മുന്നറിയിപ്പു നൽകി. കരാർ പൂർണമായിതടയാൻ ഇസ്രയേലിന് കഴിഞ്ഞില്ലെങ്കിലും യുഎസ് കോൺഗ്രസ് വഴി പരിശോധനകളും സുരക്ഷാ മാനദണ്ഡങ്ങളും കൂടുതൽ കർശനമാക്കാൻ ഇസ്രയേലിന് ശ്രമിക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.