ഷി ജിൻപിങിന് ട്രംപൊരുക്കിയ വിരുന്നിൽ ഇലോൺ മസ്കും ടിം കുക്കും സാം ആൾട്ട്മാനും

വ്യാപാരവും കൃത്രിമ ബുദ്ധിയും ഷിയുടെ അമെരിക്കൻ സന്ദർശനത്തിലെ പ്രധാന വിഷയങ്ങൾ
Elon Musk, Tim Cook, and Sam Altman at Trump's banquet for Xi Jinping

ഷി ജിൻപിങിന് ട്രംപൊരുക്കിയ വിരുന്നിൽ ഇലോൺ മസ്കും ടിം കുക്കും സാം ആൾട്ട്മാനും

Updated on: 

വാഷിങ്ടൺ: ചൈനീസ് പ്രസിഡന്‍റ് ഷി ജിൻ പിങിനു വേണ്ടി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിൽ ഒരുക്കിയ ഔദ്യോഗിക അത്താഴ വിരുന്നിൽ പ്രമുഖ ടെക് കമ്പനികളുടെ മേധാവികൾ ഉൾപ്പടെ നിരവധി പേർ പങ്കെടുത്തു.

ടെസ് ല മേധാവി ഇലോൺ മസ്ക്, ആപ്പിളിന്‍റെ ടിം കുക്ക്, എൻവിഡിയയുടെ ജെൻസൺ ഹുവാങ്, ഓപ്പൺ എ ഐ മേധാവി സാം ആൾട്ട്മാൻ എന്നിവരാണ് വിരുന്നിലെ ശ്രദ്ധേയരായ മറ്റ് അതിഥികൾ. വ്യാപാരവും കൃത്രിമ ബുദ്ധിയും ഷിയുടെ അമെരിക്കൻ സന്ദർശനത്തിലെ പ്രധാന വിഷയങ്ങൾ ആണെന്നതിന്‍റെ സൂചന കൂടിയായി ടെക് മേഖലയിലെ പ്രമുഖരുടെ സാന്നിധ്യം.

വ്യാഴാഴ്ച വൈറ്റ് ഹൗസിൽ ഷി ജിൻപിങിനെയും ഭാര്യ പെങ് ലിയുവാനെയും ട്രംപും ഭാര്യ മെലാനിയ ട്രംപും സ്വീകരിച്ചു. അതേസമയം വൈറ്റ് ഹൗസിനു പുറത്ത് പ്രതിഷേധക്കാരും നിറഞ്ഞു.

‘ഷി ജിന്‍പിങ്ങിന് ഇവിടെ സ്വാഗതമില്ല’, ‘ഹോങ്കോങ്ങിനെ സ്വതന്ത്രമാക്കുക’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ പ്രതിഷേധക്കാര്‍ ഉയര്‍ത്തിയതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. സൈനിക പരേഡ്, വ്യോമപ്രകടനം, പുതിയ ഹെലിപാഡ് സന്ദര്‍ശനം തുടങ്ങിയ ഔപചാരിക പരിപാടികളോടെയാണ് ട്രംപ് ഷിയെ സ്വീകരിച്ചത്.

ഇരു രാജ്യങ്ങളും വ്യത്യസ്ത സംവിധാനങ്ങളെയാണ് പ്രതിനിധീകരിക്കുന്നതെങ്കിലും ജനങ്ങള്‍ തമ്മിലുള്ള ബന്ധം നിലനില്‍ക്കുന്നുവെന്ന് അത്താഴവിരുന്നിനിടെ ട്രംപ് പറഞ്ഞു.ചൈനയും അമേരിക്കയും സമാധാനപരമായി സഹവര്‍ത്തിക്കണമെന്നും ഇരുരാജ്യങ്ങളും ഉത്തരവാദിത്തമുള്ള വലിയ രാജ്യങ്ങളെന്ന നിലയില്‍ പ്രവര്‍ത്തിക്കണമെന്നും ഷി വ്യക്തമാക്കി. കൃത്രിമബുദ്ധി, തായ് വാൻ, ഇറാന്‍ യുദ്ധം തുടങ്ങിയ വിഷയങ്ങളില്‍ ചൈനയുടെ നിലപാടുകളും അദ്ദേഹം വ്യക്തമാക്കി.

വിരുന്നിനിടെ ട്രംപ് ജിന്‍ പിങിന് അമേരിക്കയുടെ ദേശീയ ചിഹ്നമായ ബാള്‍ഡ് ഈഗിളിന്‍റെ പ്രതിമ സമ്മാനിച്ചു. യെല്ലോ സ്‌ക്വാഷ് വെലൂട്ട്, എള്ളുപാളിയില്‍ പൊതിഞ്ഞ സീ ബാസ്, വൈറ്റ് ഹൗസ് തേന്‍ ചേര്‍ത്ത വാനില ക്രീമ്യൂ എന്നിവയായിരുന്നു വിരുന്നിലെ പ്രധാന വിഭവങ്ങള്‍.

വിരുന്നിന് ശേഷം ട്രംപ് 400 മില്യണ്‍ ഡോളര്‍ ചെലവില്‍ നിര്‍മിക്കുന്ന പുതിയ വൈറ്റ് ഹൗസ് ബോള്‍റൂമിന്‍റെ നിർമാണ സ്ഥലം ചൈനീസ് പ്രസിഡന്‍റിനു വേണ്ടി തുറന്നു കാട്ടി എന്നതും വിരോധാഭാസം. അതീവ രഹസ്യാത്മകതയുള്ള ഇവിടേയ്ക്ക് സാധാരണയായി ചൈന പോലുള്ള രാജ്യങ്ങളുടെ തലവന്മാർക്ക് പ്രവേശനം അനുവദിക്കാറില്ല.

വ്യാഴാഴ്ചത്തെ കൂടിക്കാഴ്ചയില്‍ ചൈനയും അമേരിക്കയും തമ്മില്‍ സംഘര്‍ഷവും ഏറ്റുമുട്ടലും ഉണ്ടാകാതിരിക്കണമെന്ന് ഷി ആവശ്യപ്പെട്ടു. കൃത്രിമബുദ്ധി എല്ലായ്‌പ്പോഴും മനുഷ്യരുടെ നിയന്ത്രണത്തിലായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. തായ് വാന്‍റെ സ്വാതന്ത്ര്യത്തെ എതിര്‍ക്കണമെന്നും ഇറാന്‍ യുദ്ധം എത്രയും വേഗം ചര്‍ച്ചകളിലൂടെ അവസാനിപ്പിക്കണമെന്നും ഷി ട്രംപിനോട് ആവശ്യപ്പെട്ടു. വെള്ളിയാഴ്ച ഷിയും ഭാര്യയും യുഎസ് നാഷണല്‍ ആര്‍ക്കൈവ്‌സ് സന്ദര്‍ശിക്കുന്നതോടെ സന്ദര്‍ശനം അവസാനിക്കും.

logo
Metro Vaartha
www.metrovaartha.com