
ട്രംപിനെതിരെ ആഞ്ഞടിച്ച് ഫെഡറൽ അപ്പീൽ കോടതി വിധി
യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മറ്റു രാജ്യങ്ങൾക്കു മേൽ ഏർപ്പെടുത്തിയ പല തീരുവകളും നിയമ വിരുദ്ധമാണെന്ന് ഫെഡറൽ അപ്പീൽ കോടതി വിധി പുറത്തു വിട്ടു. ട്രംപിന്‍റെ വ്യാപാര നയങ്ങൾക്ക് വലിയ തിരിച്ചടി നൽകുന്ന വിധിയാണിത്. നേരത്തെ ഡോണൾഡ് ട്രംപിന് അനിയന്ത്രിതമായി തീരുവ ചുമത്താൻ അധികാരമില്ലെന്ന് കീഴ്ക്കോടതി വിധിച്ചിരുന്നു. തുടർന്ന് ഈ വിധിക്കെതിരെ ട്രംപ് അപ്പീൽ കോടതിയെ സമീപിക്കുകയായിരുന്നു. ട്രംപിന്‍റെ വ്യാപാര നയങ്ങളെ കുറിച്ച് സംശയം ജനിപ്പിക്കുന്നതാണ് അപ്പീൽ കോടതിയിൽ നിന്നുണ്ടായ ഉത്തരവ്.
ട്രംപ് ഭരണകൂടം നിലവിലുള്ള താരിഫുകൾ ഒഴിവാക്കിയാൽ അമെരിക്കയുടെ സാമ്പത്തിക മേഖലയ്ക്ക് വലിയ തിരിച്ചടി ഉണ്ടാകും എന്ന് കോടതിയിൽ വാദം ഉയർന്നിരുന്നു. പ്രത്യേകിച്ച് യൂറോപ്യൻ യൂണിയനുമായി നടത്തിയ കരാറിന്‍റെ ഭാവി സംബന്ധിച്ച ആശങ്കയും കോടതിയിൽ വാദികൾ പ്രകടിപ്പിച്ചിരുന്നു.
ഇതിനെ കുറിച്ച് ട്രൂത്ത് സോഷ്യൽ പ്ലാറ്റ് ഫോമിൽ ട്രംപ് ഇങ്ങനെ കുറിച്ചു:
“കോടതി ഇന്നത്തെ വിധിയോടെ നമ്മുടെ താരിഫ് പൂർണമായും ഒഴിവാക്കണമെന്ന് നിർദേശിച്ചു. ഇതു സംഭവിച്ചാൽ അമെരിക്കയ്ക്ക് വലിയ നാശം സംഭവിക്കും. എങ്കിലും അന്തിമ വിജയം അമെരിക്കയ്ക്കു തന്നെയായിരിക്കും.”
എന്നാൽ യുഎസ് സുപ്രീം കോടതിയിലേയ്ക്ക് ഈ കേസ് എത്തുമ്പോൾ ട്രംപ് ഭരണകൂടത്തിനു തിരിച്ചടി ലഭിക്കുമെന്നാണ് നിയമ വിദഗ്ധരും ഗവേഷകരും പ്രവചിക്കുന്നത്.
ഇതിനിടെ, റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്കു ചുമത്തിയ 25 ശതമാനം തീരുവയും ഈ നിയന്ത്രണത്തിന്‍റെ ഭാഗമായി വന്നു. അതോടെ ചില ഇന്ത്യൻ ഉൽപന്നങ്ങൾക്ക് മൊത്തം 50 ശതമാനം തീരുവ ഉയർന്നതായി റിപ്പോർട്ടുകളുണ്ട്. ചെമ്മീൻ ,വസ്ത്രങ്ങൾ, തുകൽ, രത്നങ്ങൾ, ആഭരണങ്ങൾ എന്നിവയടക്കം നിരവധി ഉൽപന്നങ്ങൾക്ക് വ്യാപാരത്തിൽ കനത്ത തിരിച്ചടി അനുഭവപ്പെടുന്നു. എന്നാൽ മരുന്നുകൾ, ഇലക്‌ട്രോണിക് ഉൽപന്നങ്ങൾ, പെട്രോളിയം ഉൽപന്നങ്ങൾ എന്നിവയ്ക്ക് തീരുവ ബാധകമല്ല.