

ജെൻസി നേതാവിന്‍റെ മരണം; ബംഗ്ലാദേശിൽ വ്യാപക പ്രക്ഷോഭം, ഇന്ത്യാവിരുദ്ധ മുദ്രാവാക്യം
ധാക്ക: ബംഗ്ലാദേശിൽ പ്രതിഷേധം ശക്തം. ജെൻസി നേതാവ് ഷെരീഫ് ഒസ്മാൻ ഹാദിയുടെ മരണത്തെത്തുടർന്നാണ് ബംഗ്ലാദേശിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. വാക്കളടക്കം തെരുവിലിറങ്ങുകയും മാധ്യമസ്ഥാപനങ്ങളുടെ ഓഫീസുകൾക്കടക്കം തീയിടുകയും ചെയ്തു.
വ്യാഴാഴ്ച രാത്രിയായിരുന്നു ഒസ്മാൻ ഹാദിയുടെ മരണം. ധാക്കയിലെ ബിജോയ്‌നഗർ പ്രദേശത്ത് തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുന്നതിനിടെ അജ്ഞാതർ ഹാദിയെ വെടിവെക്കുകയായിരുന്നു. മുഖംമൂടി വെച്ചവരാണ് വെടിയുതിർത്തത്. ഇവരെ ഇനിയും കണ്ടെത്താനായിട്ടില്ല. ഹാദിയുടെ തലയിലാണ് വെടിയേറ്റത്.
ആരോഗ്യനില അതീവ ഗുരുതരമായതോടെ കൂടുതൽ ചികിത്സയ്ക്കായി ഹാദിയെ സിംഗപ്പൂരിലേക്ക് കൊണ്ടുപോയിരുന്നു. അവിടെവെച്ചാണ് മരണം സംഭവിച്ചത്. ഇടക്കാല ഭരണാധികാരി മുഹമ്മദ് യൂനസാണ് ഹാദിയുടെ വിയോഗവർത്ത ജനങ്ങളെ അറിയിച്ചത്. പിന്നാലെ തന്നെ ബംഗ്ലാദേശിൽ വ്യാപക സംഘർഷം പൊട്ടിപ്പുറപ്പെട്ടു.
ജതിയ ഛത്ര ശക്തി എന്ന വിദ്യാർഥി സംഘടന നടത്തിയ വിലാപയാത്രയ്ക്കിടെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. സംഘടന ആഭ്യന്തര മന്ത്രിയുടെ കോലം കത്തിക്കുകയും രാജി ആവശ്യപ്പെടുകയും ചെയ്തു. പ്രതിഷേധത്തിൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം ഉയരുന്നതായും റിപ്പോർട്ടുകളുണ്ട്.
ഷെയ്ഖ് ഹസീനയെ അധികാരത്തിൽ നിന്ന് നിലത്തിറക്കിയ പ്രക്ഷോഭത്തിൽ ഹാദി മുൻനിരയിലുണ്ടായിരുന്നു. 2026ൽ നടക്കാനിരിക്കുന്ന ബംഗ്ലാദേശ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുകയായിരുന്നു ഹാദി.