

റഷ്യൻ വക്താവ് ദിമിത്രി പെസ്കോവ്
file photo
മോസ്കോ: ഇന്ത്യ റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങൽ പൂർണമായും അവസാനിപ്പിച്ചു എന്ന യുഎസ് പ്രസിഡന്‍റിന്‍റെ പ്രസ്താവനയ്ക്കെതിരെ റഷ്യ രംഗത്ത്. തങ്ങളുടെ എണ്ണ ഇന്ത്യ വാങ്ങില്ലെന്ന് ഒരറിയിപ്പും ഇതു വരെ തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് റഷ്യൻ അധികൃതർ വ്യക്തമാക്കി. എണ്ണ വാങ്ങൽ അവസാനിപ്പിക്കുന്നതു സംബന്ധിച്ച് ഇന്ത്യയിൽ നിന്നും ഔദ്യോഗിക വിവരമൊന്നും ലഭിച്ചില്ലെന്നാണ് റഷ്യൻ വക്താവ് ദിമിത്രി പെസ്കോവ് പ്രതികരിച്ചത്.
ഇന്ത്യയുമായി ബന്ധപ്പെട്ട് ട്രംപ് നടത്തിയ പരാമർശങ്ങൾ റഷ്യ സൂക്ഷ്മമായി വിശലകനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ-യുഎസ് ഉഭയകക്ഷി ബന്ധത്തെ ബഹുമാനിക്കുന്നു. എന്നാൽ ഇന്ത്യയുമായുള്ള തന്ത്രപരമായ പങ്കാളിത്തം വികസിപ്പിക്കുന്നതിനാണ് തങ്ങൾ കൂടുതൽ പ്രാധാന്യം നൽകുന്നതെന്നു ദിമിത്രി പറഞ്ഞു.
ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ മെച്ചെപ്പെടുത്താനാണ് റഷ്യ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യൻ എണ്ണയ്ക്ക് പകരമായി ഇന്ത്യ യുഎസില്‍ നിന്നും വെനസ്വേലയില്‍നിന്നും കൂടുതല്‍ എണ്ണ വാങ്ങാന്‍ സമ്മതിച്ചെന്നാണ് ട്രംപിന്‍റെയും വൈറ്റ് ഹൗസിന്‍റെയും അവകാശവാദം. എന്നാൽ ഇന്ത്യ ഇതിനോടു പ്രതികരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് റഷ്യ പ്രതികരണവുമായി എത്തിയത് എന്നത് ശ്രദ്ധേയമാണ്.