22 ഇന്ത്യക്കാരുള്ള രണ്ട് കപ്പലുകള്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്തു

രണ്ട് കപ്പലുകളിലുമുള്ള എല്ലാ ഇന്ത്യന്‍ ജീവനക്കാരും സുരക്ഷിതരാണെന്ന് ഇന്ത്യന്‍ ഷിപ്പിങ് മന്ത്രാലയം
two ships carrying 22 Indians hijacked pirates

22 ഇന്ത്യക്കാരുള്ള രണ്ട് കപ്പലുകള്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്തു

Updated on

ന്യൂഡല്‍ഹി: യെമന്‍, സൊമാലിയ തീരങ്ങളില്‍ നടന്ന വ്യത്യസ്ത സംഭവങ്ങളിലായി, 22 ഇന്ത്യക്കാരുള്ള രണ്ട് വാണിജ്യ കപ്പലുകള്‍ സായുധരായ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്തു. രണ്ട് കപ്പലുകളിലുമുള്ള എല്ലാ ഇന്ത്യന്‍ ജീവനക്കാരും സുരക്ഷിതരാണെന്ന് ഇന്ത്യന്‍ ഷിപ്പിങ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ആറ് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 10 ജീവനക്കാരുണ്ടായിരുന്ന കാമറൂണ്‍ പതാകയുള്ള 'എംവി ലുതുഫ്' എന്ന കപ്പല്‍ ഈ മാസം 17നാണ് സൊമാലിയയിലെ പുണ്ട്‌ലാന്‍ഡ് തീരത്തിനു സമീപത്തുവച്ച് തട്ടിയെടുത്തത്. 16 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 20 ജീവനക്കാരുണ്ടായിരുന്ന എറിത്രിയന്‍ പതാകയുള്ള 'എം.ടി. സിബു 1' എന്ന എണ്ണ ഉത്പന്നങ്ങള്‍ വഹിച്ച കപ്പല്‍ 20ന് യെമന്‍ തീരത്തിന് സമീപം ഏദന്‍ ഉള്‍ക്കടലില്‍ വച്ചും തട്ടിയെടുത്തു.

ആയുധധാരികളായ ആറു പേര്‍ ടാങ്കറില്‍ പ്രവേശിക്കുകയും കപ്പലിന്‍റെ നിയന്ത്രണം ഏറ്റെടുത്ത് സൊമാലിയയിലേക്ക് തിരിച്ചുവിടുകയും ചെയ്തതായി യൂറോപ്യന്‍ യൂണിയന്‍റെ 'മാരിടൈം സെക്യൂരിറ്റി സെന്റര്‍ ഇന്ത്യന്‍ ഓഷ്യന്‍' (എംഎസ്‌സിഐഒ) അറിയിച്ചു.

പുണ്ട്‌ലാന്‍ഡ് തീരത്തുവച്ച് കൊള്ളക്കാര്‍ തട്ടിയെടുത്ത കാമറൂണ്‍ പതാകയുള്ള 'എംവി ലുതുഫ്' എന്ന കപ്പലിലെ 10 അംഗ ജീവനക്കാരില്‍ ആറ് പേര്‍ ഇന്ത്യക്കാരാണ്. തുര്‍ക്കി സൈനിക ഉപകരണങ്ങളും ആശയവിനിമയ-ഉപഗ്രഹ സംവിധാനങ്ങളുമായിരുന്നു കപ്പലിലുണ്ടായിരുന്നത്. ഈ കപ്പലിലെ ജീവനക്കാരുടെ നിലവിലെ അവസ്ഥയെക്കുറിച്ച് വിവരങ്ങളൊന്നും ലഭ്യമല്ല.

മേഖലയില്‍ കൊള്ളക്കാരുടെ സംഘങ്ങള്‍ നിരവധി വാണിജ്യ കപ്പലുകള്‍ തടഞ്ഞുവച്ചിരിക്കുന്ന സാഹചര്യമുണ്ട്. ഇതിനിടെയാണു സൊമാലിയന്‍ കടല്‍ക്കൊള്ള വീണ്ടും സജീവമാകുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്.

2000കളില്‍ സൊമാലിയന്‍ തീരത്ത് കടല്‍ക്കൊള്ള വ്യാപകമായിരുന്നു. 2011ല്‍ അതിന്‍റെ തോത് ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയെങ്കിലും അന്താരാഷ്‌ട്ര നാവികസേനയുടെ സാന്നിധ്യവും വാണിജ്യ കപ്പലുകള്‍ക്കായുള്ള സുരക്ഷാ നടപടികളിലൂടെയും അത് നിയന്ത്രണവിധേയമായിരുന്നു. എന്നാല്‍ ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ആക്രമണങ്ങള്‍ വീണ്ടും വര്‍ധിച്ചിരിക്കുകയാണ്. നിലവില്‍ അഞ്ച് ചരക്ക് കപ്പലുകള്‍ കൊള്ളക്കാരുടെ പിടിയിലുണ്ട്. ഇതില്‍ അഞ്ചാമത്തേത് ഈ മാസം 17ന് സൊമാലിയന്‍ തീരത്തിനടുത്ത് പിടിച്ചെടുത്ത കപ്പലാണ്. ഏറ്റവുമൊടുവില്‍ ലഭിക്കുന്ന വിവരമനുസരിച്ച് സമുദ്ര സുരക്ഷാ ഏജന്‍സികള്‍ സാഹചര്യം നിരീക്ഷിക്കുകയും ഇന്ത്യന്‍ കപ്പല്‍ ജീവനക്കാരുടെ സുരക്ഷ വിലയിരുത്തുകയും ചെയ്യുന്നുണ്ടെന്നാണ്.

logo
Metro Vaartha
www.metrovaartha.com