മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി അവയവ ശേഖരണം

യുഎസിൽ അവയവ ദാന സ്ഥാപനത്തിന്‍റെ അംഗീകാരം റദ്ദാക്കാൻ നടപടി
Action revoke the accreditation organ donation organization  US

യുഎസിൽ അവയവ ദാന സ്ഥാപനത്തിന്‍റെ അംഗീകാരം റദ്ദാക്കാൻ നടപടി

Updated on

വാഷിങ്ടൺ: ഗുരുതര സുരക്ഷാ വീഴ്ചകൾ ആരോപിച്ച് കെന്‍റക്കിയിലെ അവയവ ദാന സ്ഥാപനമായ നെറ്റ് വർക്ക് ഫൊർ ഹോപ്പ് എന്ന സംഘടനയുടെ അംഗീകാരം റദ്ദാക്കാനുള്ള നടപടികൾ അമെരിക്കൻ ഫെഡറൽ സർക്കാർ ആരംഭിച്ചു. മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി അവയവശേഖരണത്തിനുള്ള നടപടികൾ തുടരാൻ ശ്രമിച്ചെന്ന ആരോപണത്തെ തുടർന്നാണ് ട്രംപ് ഭരണകൂടത്തിന്‍റെ നടപടി.

തുടർച്ചയായ സുരക്ഷാ വീഴ്ചകളാണ് സംഘടനയ്ക്കെതിരേ നടപടിക്കു കാരണമെന്ന് അമെരിക്കൻ ആരോഗ്യ സെക്രട്ടറി റോബർട്ട് എഫ് കെന്നഡി ജൂണിയർ വ്യക്തമാക്കി. രാജ്യത്തെ അവയവ ശേഖരണവും രോഗികളുമായി ബന്ധപ്പെടലും ഏകോപനവും നടത്തുന്ന ഏകദേശം 55 അംഗീകൃത ഓർഗൻ പ്രൊക്യൂർമെന്‍റ് ഓർഗനൈസേഷനുകളിൽ ഒന്നാണ് നെറ്റ് വർക്ക് ഫൊർ ഹോപ്പ്. എന്നാൽ സർക്കാർ തീരുമാനത്തോട് ശക്തമായി വിയോജിക്കുന്നതായി സംഘടന പ്രതികരിച്ചു. സർക്കാർ തീരുമാനത്തിനെതിരേ അപ്പീൽ നൽകുമെന്നും സംഘടന പറഞ്ഞു.

2021ൽ ഉയർന്ന ആരോപണമാണ് വിവാദത്തിന് ആധാരം. മയക്കുമരുന്ന് അമിതമായി ഉപയോഗിച്ചതിനെ തുടർന്ന് ചികിത്സയിൽ ആയിരുന്ന ഒരാൾ ബോധം വീണ്ടെടുക്കുന്നതിന്‍റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിട്ടും ജീവൻ രക്ഷാ ഉപകരണങ്ങൾ പിൻവലിച്ച് അവയവങ്ങൾ ശേഖരിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകാൻ ആശുപത്രിയെ സമ്മർദ്ദത്തിലാക്കിയെന്നാണ് ആരോപണം. പിന്നീട് രോഗി രക്ഷപ്പെടുകയും അദ്ദേഹത്തിന്‍റെ സഹോദരി വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത് സർക്കാരിന്‍റെ നടപടിയെ സ്വാഗതം ചെയ്യുകയും ചെയ്തു. അതേസമയം എല്ലാ ഫെഡറൽ ചട്ടങ്ങളും കൃത്യമായി പാലിക്കുന്നുണ്ടെന്നാണ് നെറ്റ് വർക്ക് ഫൊർ ഹോപ്പിന്‍റെ വിശദീകരണം.

രോഗിയുടെ അവസ്ഥയെ കുറിച്ച് സംശയമുണ്ടെങ്കിൽ ആരോഗ്യ പ്രവർത്തകർക്കോ കുടുംബാംഗങ്ങൾക്കോ അവയവ ദാന നടപടികൾ താൽക്കാലികമായി നിർത്തി വയ്ക്കാൻ കഴിയുന്ന പുതിയ സുരക്ഷാ സംവിധാനം ഒരുവർഷം മുമ്പു തന്നെ നടപ്പാക്കിയിട്ടുണ്ടെന്നും സംഘടന അറിയിച്ചു. ഇതിനിടെ ഇത്തരമൊരു സുരക്ഷാ സംവിധാനം നിർബന്ധമാക്കുന്ന നിയമം കെന്‍റക്കി സംസ്ഥാനം പാസാക്കിയിട്ടുണ്ട്. രാജ്യത്തുടനീളമുള്ള എല്ലാ അവയവ ദാന സ്ഥാപനങ്ങൾക്കും ഇത് നിർബന്ധമാക്കുന്ന പുതിയ ചട്ടങ്ങൾ കൊണ്ടുവരാനുള്ള നടപടികളും പുരോഗമിക്കുകയാണ്.

logo
Metro Vaartha
www.metrovaartha.com