യുദ്ധം തുടരും... ഇറാന്‍റെ സപ്തദിന സമാധാന നിർദേശം കാറ്റിൽപറത്തി ട്രംപ്

ഇടക്കാല തെരഞ്ഞെടുപ്പിനു ശേഷം യുഎസ്-ഇറാൻ യുദ്ധം പൂർവാധികം ശക്തമാകും
 War will continue

യുദ്ധം തുടരും...

Updated on: 

പുതിയ കരാറിലെത്താന്‍ ട്രംപ് തിരക്കുകാട്ടുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

വാഷിങ്ടൺ: ഏഴ് ദിവസത്തെ വെടിനിര്‍ത്തലിനും ഹോർമൂസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുമുള്ള ഇറാന്‍റെ നിർദേശം കാറ്റിൽപറത്തി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. നവംബറിൽ നടക്കുന്ന യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിനു ശേഷം ടെഹ്റാനെതിരേ വീണ്ടും വ്യോമാക്രമണം നടത്താനുള്ള സാധ്യതയുണ്ടെന്നാണ് ദി വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്യുന്നത്.

അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് ഇറാനെതിരെ ആക്രമണം ആരംഭിച്ചതിന് പിന്നാലെ കഴിഞ്ഞ ഫെബ്രുവരി 28 മുതലാണ് മേഖലയിലെ സംഘര്‍ഷം രൂക്ഷമായത്. അമേരിക്ക തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ ഏഴ് ദിവസത്തിനകം ഹോർമൂസ് കടലിടുക്ക് തുറക്കാനും മേഖലയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കാനും തയാറാണെന്ന് ഇറാന്‍ വ്യക്തമാക്കിയിരുന്നു.

Iranian Foreign Minister Abbas Araghchi

ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി

യുഎന്‍ ജനറല്‍ അസംബ്ലിക്കിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി, ഖത്തര്‍ വഴി അമേരിക്കയ്ക്ക് ഏഴ് ദിവസത്തെ കൃത്യമായ പദ്ധതി കൈമാറിയതായി പറഞ്ഞു. ഹോർമൂസ് തുറക്കുന്നതിനും സാധാരണ കപ്പല്‍ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനും ആവശ്യമായ നടപടികള്‍ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്ക നാവിക ഉപരോധം പിന്‍വലിക്കുക, എണ്ണ ഉപരോധത്തില്‍ ഇളവ് നല്‍കുക, ലെബനന്‍ ഉള്‍പ്പെടെയുള്ള മേഖലയില്‍ വെടിനിര്‍ത്തല്‍ പാലിക്കുക എന്നിവയാണ് ഇറാന്‍റെ പ്രധാന ആവശ്യങ്ങള്‍. ഈ നിബന്ധനകള്‍ അംഗീകരിച്ചാല്‍ ഏഴ് ദിവസത്തിനകം ഹോർമൂസ് തുറക്കുകയും ആണവ പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുനരാരംഭിക്കുകയും ചെയ്യാമെന്നാണ് ടെഹ്റാന്‍റെ നിലപാട്. എന്നാല്‍ ഇറാന്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുമോ എന്ന കാര്യത്തില്‍ ട്രംപിന് സംശയമുണ്ടെന്നും വീണ്ടും ബോംബാക്രമണം നടത്താനുള്ള സാധ്യത അദ്ദേഹം കാണുന്നുവെന്നുമാണ് റിപ്പോര്‍ട്ട്.

Strait of Hormuz

ഹോർമൂസ് കടലിടുക്ക്

ഹോർമൂസ് കടലിടുക്ക് ചുറ്റിപ്പറ്റിയുള്ള ഇറാന്‍റെ നിര്‍ദേശത്തെ ട്രംപ് നിരസിച്ചതായി യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇറാന്‍ ആണവായുധം സ്വന്തമാക്കുന്നത് ഒരിക്കലും അനുവദിക്കില്ലെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനിടെ ഹോർമൂസ് കടലിടുക്ക് അടയാളപ്പെടുത്തിയ ഭൂപടത്തിന്‍റെ ചിത്രം ട്രംപ് തന്‍റെ ട്രൂത്ത് സോഷ്യല്‍ അക്കൗണ്ടില്‍ പങ്കുവെക്കുകയും അതിനെ ”ട്രംപ് സ്‌ട്രെയ്റ്റ്” എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

ഇറാന്‍റെ പുതിയ നിര്‍ദേശം ജൂണില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഉണ്ടാക്കിയ ധാരണയ്ക്ക് സമാനമാണ്. ജൂണ്‍ 17ന് ട്രംപും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും 14 ഇന കരാറില്‍ ഒപ്പുവച്ചിരുന്നു. എന്നാല്‍ ജൂലൈ 8ന് കരാര്‍ അവസാനിച്ചതായി ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ ധാരണ തകര്‍ന്നു. ഒരാഴ്ചയ്ക്കുശേഷം അമേരിക്ക തങ്ങളുടെ എല്ലാ വാഗ്ദാനങ്ങളും ലംഘിച്ചെന്ന് ആരോപിച്ച് ഇറാനും ധാരണയില്‍നിന്ന് പിന്മാറി. അതേസമയം, പുതിയ കരാറിലെത്താന്‍ ട്രംപ് തിരക്കുകാട്ടുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച യുഎസ് ഉദ്യോഗസ്ഥര്‍ മധ്യസ്ഥരുമായി ക്രിയാത്മകവും അനുകൂലവുമായ ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com