
വെനിസ്വേലയുടെ കപ്പലുകൾക്കു നേരെ യുഎസ് ആക്രമണം
photo:X
വാഷിങ്ടൺ: കരീബിയൻ സമുദ്രത്തിൽ വെനിസ്വേലൻ കപ്പലിനു നേർക്ക് അമെരിക്കൻ സൈനികാക്രമണം. ആക്രമണത്തിൽ കപ്പലിലെ മൂന്നു പേർ കൊല്ലപ്പെട്ടു. അമെരിക്കയിലേയ്ക്ക് മയക്കുമരുന്നു കടത്താൻ ശ്രമിച്ച കപ്പലിനു നേർക്ക് ആക്രമണം നടത്താൻ ഉത്തരവിട്ടിരുന്നു എന്നാണ് കപ്പലിനു നേർക്ക് അമെരിക്ക നടത്തിയ ആക്രമണത്തെ കുറിച്ച് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചത്.എന്നാൽ അമെരിക്കയുടേത് അപ്രഖ്യാപിത യുദ്ധമാണെന്ന് വെനിസ്വേല പ്രതികരിച്ചു. ഈ കപ്പൽ ഒരു തീവ്രവാദ സംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കള്ളക്കടത്ത് സംഘവുമായി ബന്ധമുള്ളതാണെന്നും ആക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടതായും യുഎസ് സേനാംഗങ്ങൾ സുരക്ഷിതരാണെന്നും ട്രംപ് അറിയിച്ചു.
അമെരിക്കയിലേയ്ക്ക് കടൽ മാർഗം മയക്കു മരുന്ന് കടത്തുന്നു എന്ന റിപ്പോർട്ടുകൾ ലഭിച്ച സാഹചര്യത്തിലാണ് കർശന നീക്കങ്ങൾ നടത്താൻ ഉത്തരവിട്ടതെന്നു ട്രംപ് കൂട്ടിച്ചേർത്തു. അമെരിക്കയുടെ സതേൺ കമാൻഡിന്‍റെ നിയന്ത്രണത്തിലുള്ള സമുദ്ര മേഖലയിലാണ് കപ്പലിന് നേർക്ക് ആക്രമണം നടത്തിയതെന്ന് ട്രംപ് തന്‍റെ സോഷ്യൽ മീഡിയയാ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തു.