

അമെരിക്കയ്ക്കെതിരെ "ട്രേഡ് ബസൂക്ക' പ്രഖ്യാപിച്ച് യൂറോപ്യൻ യൂണിയൻ
file photo
ലണ്ടൻ: ഗ്രീൻലാന്‍ഡ് സൈനിക നടപടികളിലൂടെ പിടിച്ചടക്കാനുളള നീക്കം അമെരിക്ക നടത്തുമെന്ന സൂചനകൾ പുറത്തു വന്നതോടെ പ്രതിരോധം ഒരുക്കി യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ. 27 രാജ്യങ്ങൾ അടങ്ങിയ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ ആണ് യുഎസിനെതിരെ "ട്രേഡ് ബസൂക്ക' എന്ന വ്യാപാര പ്രതിരോധം തീർക്കാൻ ലക്ഷ്യമിടുന്നത്.
"ട്രേഡ് ബസൂക്ക'
അമെരിക്കയുടെ താരിഫ് സമ്മർദ്ദങ്ങളിൽ നിന്നുൾപ്പടെ യൂറോപ്യൻ യൂണിയന്‍റെ താൽപര്യങ്ങൾ സംരക്ഷിക്കാനായി തയാറാക്കിയിട്ടുള്ള ആന്‍റി-കോയേഴ്ഷൻ ഇൻസ്ട്രുമെന്‍റ് (എസിഐ) എന്ന സംവിധാനത്തെയാണ് "ട്രേഡ് ബസൂക്ക' എന്ന് അറിയപ്പെടുന്നത്. ട്രേഡ് ബസൂക്കയിൽ താരിഫുകൾക്ക് ഉപരിയായി കയറ്റുമതി നിയന്ത്രണങ്ങളും യുഎസിനെ ബാധിക്കുന്ന അധിക നിയന്ത്രണങ്ങളും ഉൾപ്പെടും എന്ന്
ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. അമെരിക്കയ്ക്കെതിരെ യൂറോപ്യൻ യൂണിയന് എതിർ താരിഫുകൾ ചുമത്താനും യൂറോപ്യൻ മാർക്കറ്റിലേയ്ക്കുള്ള അമെരിക്കൻ പ്രവേശനം നിയന്ത്രിക്കാനും ഇതിലൂടെ കഴിയും. കൂടാതെ യൂറോപ്യൻ യൂണിയൻ കരാറുകളിൽ നിന്ന് അമെരിക്കൻ കമ്പനികളെ തടയുന്നതിനും എസിഐയിലൂടെ കഴിയും. യൂറോപ്യൻ യൂണിയൻ തങ്ങളുടെ രാജ്യങ്ങളുടെ സാമ്പത്തിക, രാഷ്ട്രീയ താൽപര്യങ്ങൾ സംരക്ഷിക്കാൻ ഉദ്ദേശിക്കുന്നു എന്ന വ്യക്തമായി സന്ദേശം നൽകുക എന്നതാണ് ഈ നടപടികളുടെ ലക്ഷ്യം.